അഗ്രി യൂണിറ്റിന്റെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാന്‍ മഹീന്ദ്ര ഗ്രൂപ്പ് പദ്ധതി

അഗ്രി യൂണിറ്റിന്റെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാന്‍ മഹീന്ദ്ര ഗ്രൂപ്പ് പദ്ധതി

 

മുംബൈ: മഹീന്ദ്ര ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മഹീന്ദ്ര അഗ്രി സൊലൂഷന്‍സിന്റെ ന്യൂനപക്ഷ ഓഹരികള്‍ സ്വകാര്യ ഇക്വിറ്റികള്‍ക്ക് വില്‍പ്പന നടത്താന്‍ കമ്പനി പദ്ധതിയിടുന്നു. ഇതിലൂടെ 300 കോടി രൂപ വരെ സ്വരൂപിച്ച് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3,000 കോടി രൂപയുടെ ബിസിനസ് വളര്‍ച്ച കൈവരിക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്ര.
അഗ്രികള്‍ച്ചര്‍ ബിസിനസില്‍ ത്വരിതഗതിയില്‍ വളര്‍ച്ച കൈവരിക്കുന്നതിനു വേണ്ടി കൂടുതല്‍ ചെലവഴിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഗ്രൂപ്പ് നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ അഗ്രികള്‍ച്ചര്‍ ബിസിനസിനെ ഗ്രൂപ്പിനകത്തെ ഒരു പ്രത്യേക വിഭാഗം എന്ന നിലയ്ക്കാണ് പരിഗണിക്കുന്നത്. ഇതിനു മുന്‍പ് ഫാം എക്യുപ്‌മെന്റ് ബിസിനസിന്റെ ഭാഗമായിരുന്നു അഗ്രി ബിസിനസ്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ വളര്‍ച്ചയിലേക്കു നയിക്കുന്ന വലിയ കരാറുകള്‍ ഏറ്റെടുക്കുമെന്നും സാങ്കേതികവും ബ്രാന്‍ഡിലധിഷ്ഠിതവുമായ വികസനം സാധ്യമാക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് അഗ്രി ബിസിനസ് പ്രസിഡന്റ് അശോക് ശര്‍മ പറഞ്ഞു. ന്യൂനപക്ഷ ഓഹരികളിലൂടെ സ്വകാര്യ ഇക്വറ്റികളില്‍ നിന്നും അടുത്ത വര്‍ഷം മുതല്‍ ഫണ്ട് കണ്ടെത്താന്‍ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വിള പരിപാലനം, സൂക്ഷ്മ ജലസേചനം, വിത്തുല്‍പ്പാദനം, പഴം-പച്ചക്കറി രാസവസ്തുക്കളുടെ നിര്‍മാണം, ഡയറി, റെസ്റ്റോറന്റ് തുടങ്ങിയ ബിസിനസുകള്‍ക്കു വേണ്ടി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഏറ്റെടുക്കലുകളും നിക്ഷേപങ്ങളും കണ്ടെത്താനുമുള്ള ശ്രമങ്ങളും ഗ്രൂപ്പ് ഊര്‍ജിതമാക്കുന്നുണ്ട്. മഹീന്ദ്ര അഗ്രി സൊലൂഷന്‍സിന്റെ രൂപീകരണവും ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക വിഭാഗമായി പരിഗണിക്കുന്നതും അഗ്രികള്‍ച്ചര്‍ ബിസിനസിനെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് സഹായിക്കുമെന്നും അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ മഹീന്ദ്ര അഗ്രി സൊലൂഷന്‍സിനെ ലിസ്റ്റഡ് കമ്പനിയാക്കി മാറ്റാന്‍ കഴിയുമെന്നും അശോക് ശര്‍മ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക മേഖല ഗ്രൂപ്പിന്റെ പ്രധാന വരുമാന മേഖലയായി മാറുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding