വിടവാങ്ങല്‍ പ്രസംഗം വികാരനിര്‍ഭരം; ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് പറഞ്ഞ് ഒബാമ

വിടവാങ്ങല്‍ പ്രസംഗം വികാരനിര്‍ഭരം; ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് പറഞ്ഞ് ഒബാമ

‘Yes we did.’
ജനുവരി 10 ചൊവ്വാഴ്ച ചിക്കാഗോയിലെ മാക് കോര്‍മിക്കില്‍ സുന്ദരമായ സായാഹ്നം ചെലവഴിക്കാന്‍ ഒത്തു ചേര്‍ന്ന 20,000ത്തില്‍ പരം വന്ന ജനക്കൂട്ടത്തോട് ഒബാമ ഇതു പറഞ്ഞപ്പോള്‍ ജനസഹസ്രം ആര്‍ത്തിരമ്പി. (എട്ട് വര്‍ഷം മുന്‍പ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒബാമ ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു yes we can. 2008 ജനുവരിയില്‍ ന്യൂ ഹാംപ്‌ഷെയറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഒബാമ ആദ്യമായി ഈ മൂന്ന് വാക്കുകള്‍ മുദ്രാവാക്യമായി അവതരിപ്പിച്ചത്).
ഒബാമ തന്റെ രാഷ്ട്രീയ കരിയര്‍ രൂപപ്പെടുത്തിയെടുത്ത നഗരമായണു ചിക്കാഗോ. Pennsylvania Avenue ലേക്കുള്ള (യുഎസ് പാര്‍ലമെന്റിനെയും വൈറ്റ് ഹൗസിനെയും ബന്ധിപ്പിക്കുന്ന സ്ട്രീറ്റാണ് പെന്‍സല്‍വാനിയ അവന്യു) യാത്ര ഒബാമ ആരംഭിച്ചതു ചിക്കാഗോയില്‍നിന്നാണ്. ഈ നഗരം ഒബാമയ്ക്കു നൊസ്റ്റാല്‍ജിയ സമ്മാനിക്കുന്നുണ്ടാവണം. അതു കൊണ്ടാണ് അദ്ദേഹം വിടവാങ്ങല്‍ പ്രസംഗ വേദിയായി ചിക്കാഗോ തെരഞ്ഞെടുത്തത്. സാധാരണയായി യുഎസ് പ്രസിഡന്റുമാര്‍ വിടവാങ്ങല്‍ പ്രസംഗം നടത്തുന്നത് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലിരുന്നാണ്. എന്നാല്‍ ആ പതിവ് തെറ്റിച്ചു കൊണ്ടാണു ചിക്കാഗോയിലെ മാക് കോര്‍മിക്കിലുള്ള ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് അദ്ദേഹം വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
ഒബാമയോടൊപ്പം ഭാര്യ മിഷേല്‍, മൂത്ത മകള്‍ മാലിയ, വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ഭാര്യ ജില്‍ എന്നിവരുമുണ്ടായിരുന്നു. ഒബാമയുടെ ഇളയ മകള്‍ സാഷ, വാഷിംഗ്ടണില്‍ തന്നെ തങ്ങി. സ്‌കൂളില്‍ പരീക്ഷയില്‍ പങ്കെടുക്കേണ്ടതു കാരണമാണെന്നും ഒബാമ വിശദീകരിച്ചു. ഒബാമ വിടവാങ്ങല്‍ പ്രസംഗം നടത്തുന്ന ദിവസം അമേരിക്കയുടെ ചരിത്രത്തില്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമായിരിക്കുമെന്നു ഭൂരിഭാഗം പേരും ആഗ്രഹിച്ചിരുന്നിട്ടുണ്ടാവുമെന്നതു തീര്‍ച്ച. പക്ഷേ, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഒബാമ വിടവാങ്ങള്‍ പ്രസംഗം നടത്തിയ ദിനം അമേരിക്കയുടെ ജനാധിപത്യം മുന്‍പത്തേക്കാളധികം ഭീഷണി നേരിടുന്ന സാഹര്യമാണ്. ഇക്കാര്യം അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ജനാധിപത്യം കാത്തുസൂക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല, അത് എന്നും വെല്ലുവിളി നിറഞ്ഞതും, മത്സരഭാവമുള്ളതും ചിലയവസരത്തില്‍ ക്രൂരവുമാണ്. പക്ഷേ അമേരിക്ക എന്നും ഒഴുകിയിട്ടുള്ളത് മുന്നോട്ടുള്ള ദിശയിലാണ്-ഒബാമ പറഞ്ഞു.
ജനാധിപത്യത്തിന് ഒരു കോട്ടവും തട്ടില്ലെന്ന് സംഭവിക്കുമ്പോഴെല്ലാം അതിന്റെ നിലനില്‍പ്പ് ഭീഷണിയിലായിട്ടുണ്ട്. നമ്മുടെ ജനാധിപത്യ സംവിധാനങ്ങളുടെ പുനസ്ഥാപനത്തിന് പാര്‍ട്ടികള്‍ക്ക് അതീതമായി എല്ലാവരും മുന്നിട്ടിറങ്ങണം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ പൗരനെന്ന നിലയില്‍ ജീവിതത്തില്‍ അവശേഷിക്കുന്ന കാലം പ്രവര്‍ത്തിക്കാമെന്നും ഒബാമ ഉറപ്പു നല്‍കി.
കാലാവധി പൂര്‍ത്തിയാക്കി, വൈറ്റ് ഹൗസില്‍നിന്നും പടിയിറങ്ങുമ്പോള്‍ പിന്‍ഗാമിയായി വരുന്ന ഹിലരി ക്ലിന്റനു ബാറ്റണ്‍ കൈമാറാനാകുമെന്ന് ഒബാമ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഏവരെയും സ്തബ്ദമാക്കിയ വിജയം ഒബാമയുടെ പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചു. വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ ഉപയോഗിച്ച 4,300 വാക്കുകളില്‍ ഒരേയൊരു തവണ മാത്രമാണ് ട്രംപിന്റെ പേര് ഉച്ചരിച്ചത് എന്നത് തന്നെ അദ്ദേഹത്തിന് ട്രംപിനോടുള്ള വിരക്തിയെയാണ് പ്രകടമാക്കിയത്.
ട്രംപിനെ കുറിച്ച് സംസാരിക്കാനൊരുങ്ങിയപ്പോള്‍ സദസ്, നിശബ്ദതയോടെയാണ് കാത്തിരുന്നത്. പത്ത് ദിവസത്തിനുള്ളില്‍ ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് നമ്മളുടെ ജനാധിപത്യത്തിന്റെ മികവിന്റെ മുദ്രയാണ്: സുഗമമായ അധികാര കൈമാറ്റമാണ് അത്-ഒബാമ പറഞ്ഞു.

യുഎസിന്റെ 240 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. വര്‍ണവിവേചനത്തെ കുറിച്ച് ഒബാമ പരാമര്‍ശിച്ചപ്പോള്‍ ലോകം ആകാംഷാപൂര്‍വ്വമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു കാതോര്‍ത്തത്.
‘എന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം, വര്‍ണ വിവേചനം അവസാനിച്ച അമേരിക്ക എന്ന വിഷയത്തെ കുറിച്ച് സജീവമായ ചര്‍ച്ച നടന്നു. വര്‍ണ വിവേചനമില്ലാത്ത അമേരിക്ക എന്ന കാഴ്ചപ്പാടിന് ഒരു ഉദ്ദേശ്യ ശുദ്ധിയുണ്ടായിരുന്നു. പക്ഷേ ലക്ഷ്യം കൈവരിച്ചില്ല’ – ഒബാമ പറഞ്ഞു. വര്‍ണ വിവേചനം, സമര്‍ഥവും അതോടൊപ്പം വിഭജിക്കാന്‍ കഴിവുമുള്ള ശക്തിയായി നമ്മളുടെ സമൂഹത്തില്‍ നിലകൊള്ളുന്നു, അവശേഷിക്കുന്നു. എങ്കിലും ഒരു കാര്യത്തില്‍ എനിക്ക് ആശ്വാസമുണ്ട്. വര്‍ണ വിവേചനത്തിന് രൂക്ഷ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നതാണ് അത്. 10,20,30 കൊല്ലം മുന്‍പു വര്‍ണത്തിന്റെ പേരില്‍ വിഭജിച്ചിരുന്ന അവസ്ഥയെക്കാള്‍ ഭേദമാണിപ്പോള്‍. ഇത് ഏതെങ്കിലും കണക്കിന്റെ അടിസ്ഥാനത്തിലല്ല പറയുന്നത്. പക്ഷേ യുവാക്കളായ അമേരിക്കക്കാരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായത് ബോദ്ധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു പറയുന്നത്. എങ്കിലും നമ്മള്‍ എത്തേണ്ടിടത്ത് ഇപ്പോഴും എത്തിയിട്ടില്ലെന്ന് ഒബാമ പറഞ്ഞു.
ശിലയെ പിളര്‍ക്കാന്‍ സാധിക്കുന്ന വിധം വികാരനിര്‍ഭരമായി സംസാരിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് ഒബാമ. എന്നാല്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ അത്തരം വികാരപ്രകടനങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, ജീവിതത്തിലുടനീളം കൂടെ നിന്ന ഭാര്യ മിഷേലിന് അദ്ദേഹം നിറ കണ്ണുകളോടെ നന്ദി പറഞ്ഞപ്പോള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞ വിലാപകാവ്യം, ചിക്കാഗോയുടെ രാത്രിയിലെ ഏറ്റം സുന്ദരനിമിഷമായി മാറി. കഴിഞ്ഞ 25 വര്‍ഷമായി, നിങ്ങള്‍ എന്റെ ഭാര്യയും കുട്ടികളുടെ അമ്മയും മാത്രമായിരുന്നില്ല, എന്റെ നല്ലൊരു സുഹൃത്തായിരുന്നു. നിങ്ങള്‍ എന്നെയും എന്റെ രാജ്യത്തെയും അഭിമാനമുള്ളതാക്കി മാറ്റി-ഒബാമ മിഷേലിനെ സൂചിപ്പിച്ചു പറഞ്ഞു.

ചിക്കാഗോയില്‍ ഒബാമയുടെ പ്രസംഗം കേള്‍ക്കാനെത്തിയവരില്‍ സ്ത്രീകളും, പുരുഷന്മാരും, യുവാക്കളും, വൃദ്ധരും, ജാതി,മത, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ സമൂഹത്തിലെ സകല വിഭാഗക്കാരുമുണ്ടായിരുന്നു.
‘ഓരോ ദിവസവും ഞാന്‍ നിങ്ങളില്‍നിന്നും പഠിച്ചു. നിങ്ങള്‍ എന്നെ നല്ലൊരു പ്രസിഡന്റും മനുഷ്യനുമാക്കി’-ഒബാമ ജനക്കൂട്ടത്തോട് പറഞ്ഞു.
2008 നവംബറിലെ ഒരു രാത്രിയില്‍ ചിക്കാഗോയിലെ ഗ്രാന്‍ഡ് പാര്‍ക്കില്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനെത്തിയ രണ്ടര ലക്ഷത്തോളം ജനങ്ങളെ ഞാന്‍ ഓര്‍ക്കുന്നു. ആ വിജയദിനം ഇന്നേയ്ക്ക് 2,989 ദിനങ്ങള്‍ പിന്നിടുന്നു എന്നു പറഞ്ഞപ്പോള്‍ ഒബാമ തന്റെ രാഷ്ട്രീയജീവിതത്തിലെ നിര്‍ണായക നിമിഷം ഇന്നും മനസില്‍ സൂക്ഷിക്കുന്നുണ്ടെന്നതിനു തെളിവായി.
ആരോഗ്യരംഗത്ത് നടപ്പിലാക്കിയ പരിഷ്‌കാരവും സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടവുമാണ് പ്രസിഡന്റ് കാലയളവിലെ നേട്ടങ്ങളായി ഒബാമ ഉയര്‍ത്തിക്കാണിച്ചത്. യുഎസില്‍ ഒബാമയുടെ ഭരണകൂടം 20 മില്യന്‍(2 കോടി) ജനങ്ങള്‍ക്ക് ഇന്ന് ആരോഗ്യപരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 2008ല്‍ ഒബാമ യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍, ലോകം സാമ്പത്തികമാന്ദ്യത്തിന്റെ കെടുതിയനുഭവിക്കുകയായിരുന്നു. എന്നാല്‍ സമ്പദ് രംഗത്തെ പുനരുജ്ജീവിപ്പിച്ച് സാധാരണനിലയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സാധിച്ചത് നേട്ടമായി ഒബാമ പറഞ്ഞു. അതോടൊപ്പം വര്‍ണ വിവേചനത്തിന്റെ കാഠിന്യം ലഘൂകരിക്കാനും തന്റെ കാലയളവില്‍ സാധിച്ചെന്ന് ഒബാമ പറഞ്ഞു. അതുകൊണ്ടാണ് ഈ രാത്രി, ഈ വേദിയില്‍നിന്നും വിടവാങ്ങുമ്പോള്‍ എന്റെ രാജ്യത്തെ കുറിച്ച് ഞാന്‍ ശുഭാപ്തി വിശ്വാസയായിരിക്കുന്നതെന്ന് ഒബാമ പറഞ്ഞു.
2008 ല്‍ തെരഞ്ഞെടുപ്പ് വിജയത്തിനു ചാലകശക്തിയായ മുദ്രാവാക്യമായിരുന്നു ‘Yes, we can,’ . ഈ മുദ്രാവാക്യം അന്വര്‍ഥമാക്കാന്‍ തനിക്ക് സാധിച്ചെന്ന് ഉറപ്പിച്ചു പറയാനാകുമെന്നും ഒബാമ പറഞ്ഞു.

Comments

comments

Categories: Trending, World

Related Articles