വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി സമാപനം: അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനത്തിനു തുടക്കം

വൈദ്യരത്‌നം ഔഷധശാല പ്ലാറ്റിനം ജൂബിലി സമാപനം: അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനത്തിനു തുടക്കം

 
തൃശൂര്‍: അഷ്ടവൈദ്യന്‍ തൈക്കാട്ടുമൂസ്സ് വൈദ്യരത്‌നം ഔഷധശാലയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരില്‍ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനം ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോ നായിക് നിര്‍വ്വഹിക്കും.കേന്ദ്ര- സംസ്ഥാന, ആയുഷ് വകുപ്പുകളുടെ സഹകരണത്തോടെയാണ് നടത്തുന്ന പരിപാടി 15ന് സമാപിക്കും. സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പത്മഭൂഷണ്‍ ഡോ. പി കെ വാരിയര്‍, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പത്മവിഭൂഷണ്‍ ഡോ. എം സ് വല്ല്യത്താന്‍ എന്നിവരെ ആദരിക്കും. ചടങ്ങില്‍ വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അഷ്ടവൈദ്യന്‍ പത്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ്സ് അദ്ധ്യക്ഷത വഹിക്കും.

മിനിസ്റ്ററി ഓഫ് ആയുഷ് സെക്രട്ടറി ഡോ. അജിത്ത് എം ശരണ്‍, എംപി സി എന്‍ ജയദേവന്‍, എംഎല്‍എ ഒ രാജഗോപാല്‍, കേരള ഗവ. ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി, ഡോ. ബി അശോക്, കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി സിഎംഡി പത്മശ്രീ പി ആര്‍ കൃഷ്ണകുമാര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി & ഡെ.ചീഫ് ഫിസിഷന്‍ ഡോ. പി എം വാര്യര്‍, തൃശൂര്‍ ജില്ലാകളക്റ്റര്‍ ഡോ. എ കൗശികന്‍, മിനിസ്റ്ററി ഓഫ് ആയുഷ് സിസിഐഎം പ്രസിഡന്റ് ഡോ. വി അരുണാചലം, മെയ്ക്ക് ഇന്‍ ഇന്ത്യ ചെയര്‍മാന്‍ എ എന്‍ രാധാകൃഷ്ണന്‍, ഐഎസ്എം, തിരുവനന്തപുരം ഡയറക്റ്റര്‍ ഡോ. അനിതജേക്കബ്, ഡിഎഎംഇ ഡയറക്റ്റര്‍ ഡോ. പി കെ അശോക്, എഎസ്‌യു കേരള, ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. വിമല എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ വൈദ്യരത്‌നം ഗ്രൂപ്പ് ഡയറക്റ്ററും വജ്ര 2016 ജനറല്‍ സെക്രട്ടറിയുമായ അഷ്ടവൈദ്യന്‍ ഇ ടി നീലകണ്ഠന്‍ മൂസ് സ്വാഗതവും, സൈന്റിഫിക് കമ്മറ്റി ചെയര്‍മാനും വൈദ്യരത്‌നം ആയുര്‍വേദ കോളെജ് വൈസ് പ്രിന്‍സിപ്പലുമായ ഡോ. ടി ശ്രീകുമാര്‍ നന്ദിയും പറയും.

ജീവിതശൈലീരോഗങ്ങളും ആയുര്‍വേദ ചികില്‍സയും എന്ന വിഷയത്തില്‍ വൈദ്യശാസ്ത്രരംഗത്തെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 1500 ഡോക്ടര്‍മാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനുളള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇതില്‍ 100ല്‍പ്പരം വിദേശ പ്രതിനിധികളെയും ലക്ഷ്യമിടുന്നു. രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നുമുളള പ്രതിനിധികള്‍ക്ക് സമ്മേളനത്തെക്കുറിച്ചുളള വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി www. vajra2016.com  എന്ന വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ആയുര്‍വേദ വിപണനരംഗത്ത് വ്യക്തമായ സാന്നിദ്ധ്യമുളള വൈദ്യരത്‌നം കേരളത്തില്‍ തൈക്കാട്ടുശേരി, ചുവന്നമണ്ണ് എന്നീ സ്ഥലങ്ങളിലുള്ള ഔഷധനിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പുറമേ തമിഴ്‌നാട്, പൊള്ളാച്ചിയിലുള്ള യൂണിറ്റിലും ഔഷധങ്ങള്‍ നിര്‍മ്മിച്ചുവരുന്നു. ഇന്ത്യയില്‍ 1500ല്‍പരം ആയുര്‍വേദ വിപണന കേന്ദ്രങ്ങളുളള വൈദ്യരത്‌നം ഗുജറാത്ത്, വിജയവാഡ എന്നിവിടങ്ങളില്‍ പുതിയ ഡിപ്പോകള്‍ തുടങ്ങി വിപണി വിപുലീകരിച്ച് വരികയാണ്.

ആയുര്‍വേദ ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി തൈക്കാട്ടുശേരിയില്‍ ആയുഷ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ & ക്വാളിറ്റി അഷ്വറന്‍സ് വിഭാഗങ്ങള്‍ക്ക് പുറമേ നവീകരിച്ച റിസര്‍ച്ച്‌സെന്ററും പ്രവര്‍ത്തിക്കുന്നു. അഷ്ടവൈദ്യന്‍ പത്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ് മുഖ്യസാരഥിയായ വൈദ്യരത്‌നം ഗ്രൂപ്പിനു കീഴില്‍ എന്‍എബിഎച്ച് അംഗീകാരമുളള ആശുപത്രി, ആയുര്‍വേദ റിസര്‍ച്ച്‌സെന്റര്‍, ആയുര്‍വേദ കോളെജ്, ആയുര്‍വേദ മ്യൂസിയം തുടങ്ങിയവ പ്രവര്‍ത്തിച്ചുവരുന്നു.
കേരള ആയുര്‍വേദ ചികില്‍സക്ക് പ്രാധാന്യമേറിവരുന്ന സാഹചര്യത്തില്‍ തൈക്കാട്ടുശേരിയിലുളള ആയുര്‍വേദ ഹോസ്പിറ്റലിനു പുറമേ ബെംഗളൂരുവിലും, മുംബൈയിലും വൈദ്യരത്‌നം ചികില്‍സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി തൈക്കാട്ടുശേരിയിലുളള ആയുര്‍വേദ ഫൗണ്ടേഷനില്‍ കുറഞ്ഞ ചെലവില്‍ പ്രത്യേക ചികില്‍സാ സൗകര്യം നല്‍കിവരുന്നു. വൈദ്യരത്‌നം ഗ്രൂപ്പ് ഒല്ലൂര്‍, തൈക്കാട്ടുശേരിയില്‍ ഒരുക്കിയിരിക്കുന്ന ആയുര്‍വേദ മ്യൂസിയം തൃശൂരിലെത്തുന്ന ഏതൊരു സഞ്ചാരിയുടെയും ശ്രദ്ധാകേന്ദ്രമായി മാറുന്നു.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആയുര്‍വേദ സമ്മേളനത്തില്‍ 8 വേദികളിലായി 600ല്‍പരം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. എം എസ് വല്ല്യത്താന്‍, ഡോ. ബി എം ഹെഗ്‌ഡെ, ഡോ. വന്ദന ശിവ തുടങ്ങി 50ഓളം പ്രമുഖര്‍ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചാ ക്ലാസുകള്‍ക്ക് നേതൃത്വം വഹിക്കും.
വൈദ്യരത്‌നം പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം ജനുവരി 15ന് വൈകീട്ട് 3 മണിക്ക് കേരളവ്യവസായ വകുപ്പുമന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പു മന്ത്രി വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആയുര്‍വേദരംഗത്തെ മികവിനുളള അവാര്‍ഡുകള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, വൈദ്യരത്‌നം ഗ്രൂപ്പ് ചെയര്‍മാന്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസിന്റെ സാന്നിദ്ധ്യത്തില്‍ വിതരണം ചെയ്യും.

വൈദ്യരത്‌നം ഡീലര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ സാമൂഹ്യസുരക്ഷാപദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലവിജയകുമാര്‍ നിര്‍വ്വഹിക്കും.

 

Comments

comments

Categories: Branding