കെല്‍വിന്റെ ഓഹരികള്‍ സ്‌റ്റെല്ലര്‍ വാല്യു വാങ്ങും

കെല്‍വിന്റെ ഓഹരികള്‍  സ്‌റ്റെല്ലര്‍ വാല്യു വാങ്ങും

 

ന്യൂഡെല്‍ഹി: കോള്‍ഡ് ചെയ്ന്‍ ലോജിസ്റ്റിക്‌സ് കമ്പനിയായ കെല്‍വിന്‍ കോള്‍ഡ് ചെയ്‌നിന്റെ ഭൂരിഭാഗം വരുന്ന ഓഹരികളും വാങ്ങാന്‍ പ്രമുഖ ലോജിസ്റ്റിക്‌സ് സ്ഥാപനം സ്റ്റെല്ലര്‍ വാല്യു ചെയ്ന്‍ സൊലൂഷന്‍സ് നീക്കമിടുന്നു. എന്നാല്‍, എത്ര തുകയ്ക്കാണ് ഏറ്റെടുക്കല്‍ നടപടിയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം, കെല്‍വിന്‍ കോള്‍ഡ് ചെയ്‌നിലെ അംബിറ്റ് പ്രാഗ്മയുടെ ന്യൂനപക്ഷ ഓഹരികള്‍ നിലനിര്‍ത്തുമെന്നും സ്റ്റെല്ലര്‍ വാല്യു പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഒരു മാറ്റം കൊണ്ടുവരുന്നതിന് കെല്‍വിനിലെ നിക്ഷേപം സഹായിക്കുമെന്ന് കരുതുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം വലുപ്പമുള്ള കോള്‍ഡ് ചെയ്ന്‍ കമ്പനിയാണ് കെല്‍വിന്‍. കെല്‍വിന്റെ മാനേജ്‌മെന്റില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കും. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉയര്‍ത്തുകയും ചെയ്യും-സ്റ്റെല്ലര്‍ വാല്യു ചെയ്ന്‍ സ്ഥാപകനും സിഇഒയുമായ അന്‍ഷുമാന്‍ സിംഗ് പറഞ്ഞു. ഇന്ത്യയിലെ മൂന്നാം കക്ഷി ലോജിസ്റ്റിക്‌സ് രംഗത്ത് സ്‌റ്റെല്ലര്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌റ്റെല്ലറുമായുള്ള പങ്കാളിത്തത്തില്‍ അതീവ സന്തോഷമുണ്ട്. അന്‍ഷുമാന്റെ നേതൃത്വത്തില്‍ കോള്‍ഡ് ചെയ്ന്‍ ലോജിസ്റ്റിക്‌സ് മേഖലയില്‍ കെല്‍വിന്‍ വിപുലീകരണം നടത്തുന്നതിന് കാത്തിരിക്കുകയാണ്-അംബിറ്റ് പ്രാഗ്മ മാനേജിംഗ് പാര്‍ട്ണര്‍ പറഞ്ഞു.
ആധുനിക വെയര്‍ ഹൗസിംഗ്, ഇ- കൊമേഴ്‌സ് സൗകര്യങ്ങള്‍, കോള്‍ഡ് സ്‌റ്റോറേജ് എന്നിവ പ്രദാനം ചെയ്യുന്ന 21 ഉപഭോഗ, ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ 25ഓളം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് പാര്‍ക്കുകളുടെ ശൃംഖല സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സ്റ്റെല്ലര്‍ വാല്യു. പ്രമുഖ സ്വകാര്യ നിക്ഷേപകരായ വാര്‍ബര്‍ഗ് പിന്‍കസിന് സ്റ്റെല്ലറില്‍ 125 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്.

Comments

comments

Categories: Branding