ജിഎസ് ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും: ജയ്റ്റ്‌ലി

ജിഎസ് ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും: ജയ്റ്റ്‌ലി

 

ഗാന്ധിനഗര്‍: ഏകീകൃത ചരക്ക് സേവന നികുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നികുതി പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിലും മറ്റ് വിഷയങ്ങളിലും അടുത്ത കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരം കാണാനാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ഭാഗമായി ‘ജിഎസ്ടി: ദ ഗെയിം ചെയ്ഞ്ചര്‍ ഫോര്‍ ഇന്ത്യന്‍ ഇക്കോണമി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കല്‍ നീക്കത്തിന്റെ അകമ്പടിയോടെ ജിഎസ്ടി നടപ്പിലാക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിന് ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നാണ് ജയ്റ്റ്‌ലിയുടെ വാദം. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ക്രാമാനുഗതമായ മാറ്റം വന്‍ സാമ്പത്തിക ശക്തികള്‍ക്കിടയില്‍ ഇന്ത്യക്ക് സ്ഥാനം നല്‍കും. ഏകീകൃത ചരക്ക് സേവന നികുതി നയത്തിനും, ഡിജിറ്റല്‍വല്‍ക്കരണത്തിനും സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കാനുള്ള ശേഷിയുണ്ടെന്നും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് വര്‍ധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഈ നീക്കങ്ങളുടെ സ്വാധീനം ഈ വര്‍ഷം മാത്രമെ കാണാന്‍ സാധിക്കുകയുള്ളുവെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിലയിരുത്തി. നിലവില്‍ ജിഎസ്ടിയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിച്ചു കഴിഞ്ഞാല്‍ ഏപ്രില്‍ ഒന്നിനു തന്നെ നയം പ്രാബല്യത്തില്‍ വരുമെന്നും ജയ്റ്റ്‌ലി പറഞ്ഞു. ജനുവരി 16നാണ് ജിഎസ്ടി കൗണ്‍സില്‍ അടുത്ത യോഗം ചേരുന്നത്. എല്ലാ നികുതി വ്യവസ്ഥകളെയും ലയിപ്പിച്ചുകൊണ്ട് രാജ്യത്ത് ഒറ്റ നികുതി നയം സാധ്യമാകുന്നതോടെ നികുതിദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും, ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം നേടാനാകുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories