ബംഗാള്‍ മടങ്ങണം സ്വാമി വിവേകാനന്ദനിലേക്ക്…

ബംഗാള്‍ മടങ്ങണം സ്വാമി വിവേകാനന്ദനിലേക്ക്…

സനാതന ധര്‍മ്മത്തിന്റെ ശംഖൊലി മുഴങ്ങിയ പശ്ചിമ ബംഗാളില്‍ ഇന്ന് അധികാര തിമിരം ബാധിച്ചവര്‍ മതേതരത്വത്തിന്റെ മുഖം മൂടിയണിഞ്ഞ് ആടിത്തിമിര്‍ക്കുകയാണ്. ഒരു ഉടച്ചുവാര്‍ക്കല്‍ അനിവാര്യമായിരിക്കുന്നു, ബംഗാളിന്റെ അസ്തിത്വം വീണ്ടെടുക്കാന്‍

ദിപിന്‍ ദാമോദരന്‍

വൈദേശിക അധിനിവേശത്തിനെതിരെ സന്യാസി വിപ്ലവം നടന്നത് ബംഗാളിലായിരുന്നു. ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ പരമപവിത്രമന്ത്രമായി വിപ്ലവകാരികള്‍ നെഞ്ചിലേറ്റിയ വന്ദേമാതരവും പിറന്നത് വംഗദേശത്തു തന്നെ. ബങ്കിം ചന്ദ്രനും ഖുദിറാം ബോസും പിറന്ന നാട് സനാതന ധര്‍മ്മത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടായിരുന്നു അധിനിവേശക്കാര്‍ക്കെതിരെ പട പൊരുതിയത്.

മഹര്‍ഷി അരബിന്ദോയും രാമകൃഷ്ണദേവനും ബങ്കിം ചന്ദ്രന്റെ ആനന്ദമഠവുമെല്ലാം ബംഗാള്‍ നവോത്ഥാനത്തിനലും ദേശീയതയുടെ പ്രത്യയശാസ്ത്രം നിര്‍വചിക്കുന്നതിലും വ്യക്തമായ പങ്കുവഹിച്ചു. ജുഗന്തറും അനുശീലന്‍ സമിതിയും ഇല്ലാതെ ഇന്ത്യന്‍ വിപ്ലവത്തിന്റെ കഥ പറയാന്‍ സാധിക്കില്ല. ഹിന്ദുവെന്ന വാക്ക് മതത്തിനപ്പുറം ഉള്‍ക്കൊണ്ടായിരുന്നു അവര്‍ ദേശീയ വിപ്ലവത്തിന് പുതുഭാവങ്ങള്‍ പകര്‍ന്നത്.

ദേശീയതയുടെ അതിശക്തമായ വേരോട്ടമുണ്ടായിരുന്നു സ്വാതന്ത്ര്യത്തിന് മുമ്പ് ബംഗാളില്‍. സാര്‍വലൗകികതയില്‍ അധിഷ്ഠിതമായ ദേശീയസ്വത്വബോധമായിരുന്നു ആ പ്രത്യയശാസ്ത്രത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെയാണ് ഇന്നു കാണുന്ന ഇന്ത്യയുടെ അടിത്തറ പാകിയ രണ്ട് ഇതിഹാസപുരുഷന്‍മാര്‍ അവിടെനിന്നും ഉയര്‍ന്നു വന്നത്. ലോകചരിത്രത്തില്‍ തന്നെ സവിശേഷമായ ഇടം നേടിയ സ്വാമി വിവേകാനന്ദനും നേതാജി സുഭാഷ് ചന്ദ്രബോസും.

പലവിധ വേഷപ്പകര്‍ച്ചകളില്‍ അസ്തിത്വം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് അവരുടെ പൈതൃകമെന്താണെന്ന് ബാധ്യപ്പെടുത്തി, സക്രിയമായ ദേശീയ ഉയിര്‍ത്തെഴുനേല്‍പ്പിന് ആഹ്വാനം ചെയ്തു വിവേകാനന്ദന്‍. വിവേകദര്‍ശനങ്ങളിലൂടെ സനാതനധര്‍മ്മത്തിന്റെ അടിത്തറയില്‍ നിന്ന് ഭാരതത്തിന്റെ വിമോചനനായകനായി മാറി നേതാജി, പിന്നീട് നമ്മുടെ രാഷ്ട്രീയ ചരിത്രകാരന്‍മാര്‍ അദ്ദേഹത്തെ ചവറ്റുകൊട്ടയില്‍ എറിഞ്ഞുവെന്നത് മാപ്പ് കൊടുക്കാനാകത്ത തെറ്റ്.

രാഷ്ട്രം ഇന്ന് സ്വാമി വിവേകാനന്ദന്റെ 154ാം ജന്മദിനം (1863 ജനുവരി 12-1902 ജൂലൈ 4) ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം ബംഗാളിന് വന്നു ചേര്‍ന്ന അപചയം ദൗര്‍ഭാഗ്യകരമാണ്, അതിലുപരി നമ്മുടെ വലിയ അധപതനവും.

ദേശീയതയുടെ അതിശക്തമായ വേരോട്ടമുണ്ടായിരുന്നു സ്വാതന്ത്ര്യത്തിന് മുമ്പ് ബംഗാളില്‍. സാര്‍വലൗകികതയില്‍ അധിഷ്ഠിതമായ ദേശീയസ്വത്വബോധമായിരുന്നു ആ പ്രത്യയശാസ്ത്രത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെയാണ് ഇന്നു കാണുന്ന ഇന്ത്യയുടെ അടിത്തറ പാകിയ രണ്ട് ഇതിഹാസപുരുഷന്‍മാര്‍ അവിടെനിന്നും ഉയര്‍ന്നു വന്നത്. ലോകചരിത്രത്തില്‍ തന്നെ സവിശേഷമായ ഇടം നേടിയ സ്വാമി വിവേകാനന്ദനും നേതാജി സുഭാഷ് ചന്ദ്രബോസും

അറിവില്‍ അഭിരമിച്ചിരുന്ന ഒരു രാഷ്ട്രത്തിന്റെ പിന്‍തലമുറ അടിമത്വത്തിന്റെ ആസുരിക ഭാവത്തില്‍ മയങ്ങിവീണപ്പോള്‍ ഭാരതത്തിന്റെ പ്രത്യയശാസ്ത്രത്തെ കുഴിച്ചുമൂടാനുള്ള ശ്രമം ശക്തമായി. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയിലമര്‍ന്ന സമൂഹം പടിഞ്ഞാറിന്റെ കാഴ്ചപ്പാടില്‍ ഏതോ പ്രാകൃത സംസ്‌കൃതിയുടെ ശേഷിപ്പുകളായി തീര്‍ന്നു. ജന്മത്തിലധിഷ്ഠിതമായി സമൂഹത്തില്‍ വര്‍ഗ്ഗീകരണം ഇല്ലാതിരുന്ന ഒരു ധര്‍മത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ജാതീയതയും ജന്മിത്വവും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. മതത്തിന്റെ മൊത്തക്കച്ചവടക്കാര്‍ എന്ന് നടിച്ച ചിലരുടെ കൈകളില്‍ സമൂഹം ഞെരുങ്ങിയപ്പോള്‍ നായകന്‍മാരില്‍ അഭയം കൊള്ളാനുള്ള നമ്മുടെ സഹജമായ വാസന പുറത്തുവന്നു. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു സ്വാമി വിവേകാനന്ദന്‍.

ഭാരതത്തിന്റെ ശബ്ദം ലോകജനതയ്ക്ക് അന്ന് അന്യമായിരുന്നു. എന്നാല്‍ നരേന്ദ്രനാഥദത്തയായി ജനിച്ച് വിവേകാനന്ദനെന്ന അവതാരമെടുത്ത്, ഭാരതത്തിന്റെ സൂര്യതേജസ്സായി ആഘോഷിക്കപ്പെട്ട ആ സന്ന്യാസിയുടെ നിയോഗമായിരുന്നു രാഷ്ട്രത്തിന്റെ യശസ്സ് വീണ്ടെടുക്കുകയെന്നത്. വൈദികനെന്ന സ്വത്വവും വേദമെന്ന സ്വത്തും വീണ്ടെടുക്കുകയെന്നത്.

ഗംഗായമുനാതീരതലങ്ങളിലും വിന്ധ്യശതാപുര താഴ് വാരങ്ങളിലും പ്രപഞ്ച സത്യം ദര്‍ശിച്ച പ്രാചീന ഋഷിമാരുടെ ഓര്‍മ്മകളായിരുന്നു വിവേകാനന്ദനെ ഉത്തേജിപ്പിച്ചത്. അതുകൊണ്ട് തന്നെ രാഷ്ട്രത്തെ പരമമായ വൈഭവത്തിലെത്തിക്കുകയെന്ന യാഗത്തിന് തിരികൊളുത്തുകയായിരുന്നു രാമകൃഷ്ണദേവന്റെ പ്രിയശിഷ്യന്റെ നിയോഗം. ചിക്കാഗോയില്‍ നിന്നുതുടങ്ങിയ സ്വാമി വിവേകാനന്ദന്റെ അശ്വമേധത്തില്‍ ഭാരതജനത സടകുടഞ്ഞെണീറ്റു. ബ്രീട്ടീഷ് ആധിപത്യത്തിന്റെ ധാര്‍ഷ്ട്യത്തിനുകീഴില്‍ ആലസ്യം പൂണ്ടുകിടന്നിരുന്ന ജനതയെ സ്വാതന്ത്ര്യത്തിന്റെ സ്വപ്‌നങ്ങള്‍ കാണാന്‍ ശീലിപ്പിച്ചതും ദേശീയ വിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്നതും സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങളും വിചാരധാരകളുമായിരുന്നു. അതുകൊണ്ടുതന്നെ ദേശസ്‌നേഹിയായ സന്ന്യാസിയെന്നും ദേശീയതയുടെ പ്രവാചകനെന്നുമെല്ലാം ഭാരത ജനത അദ്ദേഹത്തെ വിളിച്ചു.

വസുധൈവകുടുംബകമെന്ന ഭാരതീയ ദര്‍ശനം തന്നെയായിരുന്നു വിഖ്യാതമായ 1893 സെപ്റ്റംബര്‍ 11 ചിക്കാഗോ പ്രസംഗത്തിലും വിവേകാനന്ദന്‍ അവതരിപ്പിച്ചത്. അമേരിക്കയിലെ എന്റെ സോദരീ സോദരന്‍മാരേ എന്ന വിവേകാനന്ദന്റെ വാക്കുകളില്‍ അമേരിക്ക കോരിത്തരിച്ചു. പ്രസംഗങ്ങളില്‍ ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ എന്ന് മാത്രം കേട്ടുശീലിച്ച അമേരിക്കന്‍ ജനതയ്ക്ക് വിവേകാനന്ദന്റെ ആ വാക്കുകള്‍ ആശ്ചര്യവും വൈദികധര്‍മ്മത്തിന്റെ സാഹോദര്യഭാവവുമാണ് പകര്‍ന്നുനല്‍കിയത്.

മാനവികതയുടെ ഉദാത്തഭാവം ലോകത്തിന് പ്രകടമാക്കിക്കൊടുത്ത അവിസ്മരണീയ നിമിഷങ്ങള്‍ക്കായിരുന്നു അന്ന് ആര്‍ട്ട് മ്യൂസിയം സാക്ഷ്യം വഹിച്ചത്. കൊടുങ്കാറ്റുപോലുള്ള ഹിന്ദുവെന്ന് അമേരിക്കന്‍ പത്രങ്ങള്‍ സ്വാമി വിവേകാനന്ദനെ വാഴ്ത്തി…

ബംഗാളിനെ കൊല്ലുന്നു

മതതീവ്രവാദവും വര്‍ഗ്ഗീയതയും സ്വജനപക്ഷപാതവും അഴിമതിയും ഏകാധിപത്യരീതികളും പീഡനങ്ങളുമെല്ലാം ചേര്‍ന്ന് വിവേകാനന്ദന്റെ ബംഗാളിനെ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ ഇന്ന് പതിയെ കൊല്ലുകയാണ്. മുമ്പെന്നത്തേക്കാളും ഉപരിയായി ബംഗാള്‍ ഇന്ന് സ്വാമി വിവേകാനന്ദനെ ആവശ്യപ്പെടുന്നു. വളരെ സ്പഷ്ടവും അചഞ്ചലവുമായിരുന്നു സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍. സ്വാതന്ത്ര്യവും യുക്തിയുമായിരുന്നു അതിന്റെ കാതല്‍. അതു പഠിപ്പിച്ച വ്യക്തിയുടെ നാട്ടില്‍ ഇന്ന് ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പരിപാടി പോലും നടത്താന്‍ പ്രീണനയങ്ങള്‍ക്ക് പേരുകേട്ട മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ സാധിക്കുന്നില്ല.

ബലോചിസ്ഥാനിലും കശ്മീരിലും പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഭീകരതയും തുറന്നുകാട്ടുകയെന്ന ലക്ഷ്യത്തോടെ കൊല്‍ക്കത്തയില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി റദ്ദാക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് നമ്മള്‍ കേട്ടത്. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ‘സഹിഷ്ണുത’യാണ് ഇത് വ്യക്തമാക്കുന്നത്. സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും രക്ഷക എന്നെല്ലാം നടിക്കുന്ന മമത ബാനര്‍ജിയുടെ ഈ പ്രീണനനയമാണ് ഇന്ന് ബംഗളാിനെ നയിക്കുന്നത്.

തെറ്റുപറ്റിയത് എവിടെ

ഡോ. ശ്യമപ്രസാദ് മുഖര്‍ജിക്ക് ശേഷം ദേശീയകാഴ്ച്ചപ്പാടുള്ള ഒരു നേതാവ് അവിടെ ഉയര്‍ന്നുവന്നിട്ടില്ല. ഇത്രയും സമ്പന്നമായ ദേശീയ പാരമ്പര്യം അവകാശപ്പെടാനുള്ള ബംഗാളില്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികള്‍ക്ക് 1947നു ശേഷം മഖ്യധാരയിലേക്ക് വരാന്‍ സാധിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് സ്വയം വിമര്‍ശനം നടത്തണം. ദാരിദ്ര്യവും തൊഴിലില്ലായ്മയും അഭയാര്‍ത്ഥി പ്രതിസന്ധിയുമെല്ലം രൂക്ഷമായ ബംഗാളില്‍ അത് മുതലെടുത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നത്. രാഷ്ട്രം വിഭജിക്കപ്പെട്ട വേളയിലും 1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിനു ശേഷവും ബംഗാളിലേക്ക് അഭയാര്‍ത്ഥികളുടെ പ്രവാഹമുണ്ടായി. രാഷ്ട്രീയപരമായി അത് അഭിമുഖീകരിക്കാന്‍ തയാറായതും ദാരിദ്ര്യമുള്‍പ്പെടെയുള്ള അവസ്ഥകള്‍ക്കെതിരെ നിലകൊണ്ടതുമാണ് 1977ല്‍ ഇടതുസര്‍ക്കാരിനെ അവിടെ അധികാരത്തിലേറ്റിയത്.

വിവേകദര്‍ശനങ്ങളിലൂടെ സനാതനധര്‍മ്മത്തിന്റെ അടിത്തറയില്‍ നിന്ന് ഭാരതത്തിന്റെ വിമോചനനായകനായി മാറി നേതാജി, പിന്നീട് നമ്മുടെ രാഷ്ട്രീയ ചരിത്രകാരന്‍മാര്‍ അദ്ദേഹത്തെ ചവറ്റുകൊട്ടയില്‍ എറിഞ്ഞുവെന്നത് മാപ്പ് കൊടുക്കാനാകത്ത തെറ്റ്

മൂന്ന് പതിറ്റാണ്ടിലധികം നീണ്ട അവരുടെ ഭരണത്തിന്റെ കുറ്റങ്ങളും കുറവുകളും അത് സൃഷ്ടിച്ച ആഘാതവുമൊന്നും ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ചുവപ്പിന്റെ കോട്ട തകര്‍ത്ത് അധികാരം പിടിച്ച മമതാ ബാനര്‍ജി കൈവിട്ട കളിയാണ് ഇപ്പോള്‍ കളിക്കുന്നത്. ബംഗാളില്‍ ആസൂത്രിതമായി നടക്കുന്ന വര്‍ഗീയവല്‍ക്കരണത്തിന് കുട പിടിക്കുന്ന നയങ്ങളാണ് അവര്‍ സ്വീകരിക്കുന്നത്. അവിടെ ജനങ്ങളില്‍ സുരക്ഷിതത്വബോധം ഇല്ലാതാക്കുന്നതിന് അത് വഴിവെക്കുന്നു. മതമൗലികവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് പലപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

ആര്‍എസ്എസും ബിജെപിയും

ആര്‍എസ്എസിന്റെ പ്രമുഖ നേതാവായിരുന്ന ഏകനാഥ് റാനഡെ പണ്ട് പറഞ്ഞത് സംഘത്തെ സംബന്ധിച്ചിടത്തോളം വിവേകാനന്ദന്‍ അവരുടെ ഭഗവത് ഗീത ആണെന്നായിരുന്നു. ഹിന്ദുത്വ വിചാരധാര വളര്‍ത്തിയെടുത്ത്, ആര്‍എസ്എസ് മുന്നേറ്റത്തിന് ഉത്‌പ്രേരകമായത് പ്രധാനമായും നാല് ചിന്തകരുടെ ആശയങ്ങളാണെന്നാണ് കലര്‍പ്പില്ലാത്ത ഇടതുചരിത്രകാരന്‍മാര്‍ പറഞ്ഞുവെച്ചിട്ടുള്ളത്. 1. സ്വാമി വിവേകാനന്ദന്‍, 2. സ്വാമി ദയാനന്ദ സരസ്വതി, 3. മഹര്‍ഷി അരബിന്ദോ, 4. വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഇതില്‍ രണ്ട് പേര്‍ ബംഗാളില്‍ നിന്നുള്ളവരാണ്, വിവേകാനന്ദനും അരബിന്ദോയും.

ആധുനിക ഭാരതം കെട്ടിപ്പടുത്തത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് വിവേകാനന്ദനും നേതാജി സുഭാഷ് ചന്ദ്രബോസുമാണെന്നാണ് പതിറ്റാണ്ടുകളായി ആര്‍എസ്എസ് സ്വീകരിച്ചുപോരുന്ന നിലപാട്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് പ്രധാന കാരണം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് ആര്‍എസ്എസ് മുന്‍സര്‍സംഘചലക് സുദര്‍ശന്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടെല്ലാം തന്നെ ആശയപരമായി ബംഗാളിനെ വീണ്ടെടുക്കുകയെന്നത് ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ കാര്യമാണ്.

നിലവിലെ രാഷ്ട്രീയ കാലാവസ്ഥ അതിന് അനുയോജ്യമാണെന്നും അവര്‍ കരുതുന്നു. ജനുവരി 14ന് ആര്‍എസ്എസ് മേധാവി ഡോ. മോഹന്‍ ഭഗവത് കൊല്‍ക്കത്തയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുന്നുണ്ടെന്നതും ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 10.5 ശതമാനം വോട്ടോടെ മൂന്ന് സീറ്റുകള്‍ നേടിയത് അവിടെ വേരോട്ടമുണ്ടാക്കാനുള്ള ശ്രമത്തിന് ശക്തിപകരുന്നുവെന്ന് വേണം കരുതാന്‍. ആര്‍എസ്എസ് ശാഖകളുടെ എണ്ണം സംസ്ഥാനത്ത് 1,500ല്‍ എത്തിയെന്നതും രാഷ്ട്രീയ നിരീക്ഷകര്‍ ആകംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ഒരു കാലത്ത് സ്വാമി വിവേകാനന്ദനെയും നേതാജിയെയും അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് ഇടതുപാര്‍ട്ടികള്‍. 1942ല്‍ നേതാജിയെ ലക്ഷ്യമിട്ട് പറഞ്ഞ ടോജോയുടെ നായ എന്നെല്ലാമുള്ള പ്രയോഗങ്ങള്‍ ഓര്‍ക്കുക. ഇന്ന് ഇടതുകക്ഷികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളും ഈ ഇതിഹാസപുരുഷന്‍മാരെ ഉയര്‍ത്തിപ്പിടിച്ച് പ്രചരണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇവരുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഏത് രാഷ്ട്രീയധാരയാണെന്നതാണ് വിഷയം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ബംഗാളിന്റെ അസ്തിത്വം വീണ്ടെടുക്കാന്‍ വിവേകാനന്ദ ദര്‍ശനങ്ങളെ ജനകീയമാക്കേണ്ടതുണ്ട്. തെറ്റ് തിരുത്താന്‍ ആര്‍ക്കും ശ്രമിക്കാവുന്നതാണ്, വേണ്ടത് ഒന്നു മാത്രം. സനാതന ധര്‍മത്തിലധിഷ്ഠിതമായ വംഗദേശത്തിന്റെ തനത് സംസ്‌കാരം തിരിച്ചുപിടിക്കുക. അതിന് വ്യവസ്ഥാപിതമായ രാഷ്ട്രീയപാര്‍ട്ടികള്‍ പരാജയപ്പെട്ടാല്‍ പുതുഭാവത്തില്‍ ആ ദര്‍ശനങ്ങളുടെ പുനസ്ഥാപനം നടക്കും, അതാണ് ചരിത്രം. ഒരു കാര്യം മാത്രം ഉറപ്പാണ്. സേച്ഛാധിപത്യത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രത്തിനും സ്വാമി വിവേകാനന്ദന്റെ പൈതൃകം അവകാശപ്പെടാന്‍ സാധിക്കില്ല. ഒറ്റബുദ്ധിയിലധിഷ്ഠിതമായ ഒരു ഇസങ്ങള്‍ക്കും അവിടെ സ്ഥാനവുമില്ല.

 

Comments

comments

Categories: FK Special, Slider