സ്വപ്‌നം കൊണ്ട് സ്വര്‍ഗ്ഗം പണിയുന്നവര്‍

സ്വപ്‌നം കൊണ്ട്  സ്വര്‍ഗ്ഗം പണിയുന്നവര്‍

‘പതിവില്‍ക്കവിഞ്ഞ് പെയ്ത മഴയില്‍ തകരാത്ത റോഡുകള്‍ കേരളത്തില്‍ അപൂര്‍വമാണ്. എന്നാല്‍, അതിനൊരു അപവാദമാണ് കോഴിക്കോട് പട്ടണത്തിന്റെ ബൈപ്പാസ് റോഡ്. പണികഴിഞ്ഞിട്ട് എട്ടുകൊല്ലമായെങ്കിലും ഈ റോഡ് ഇന്നേവരെ ശോചനീയാവസ്ഥയിലായിട്ടില്ല. ഈ റോഡിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നടത്തിയത്,’ കേരളത്തിന്റെ ധനകാര്യമന്ത്രി തോമസ് ഐസക് 2014 ജൂലൈ 24-നു സ്വന്തം ബ്ലോഗില്‍ കുറിച്ച വാക്കുകളാണിത്. വിശ്വസ്തതയ്ക്കും കൃത്യനിഷ്ഠയ്ക്കും ചുമതലാബോധത്തിനും പേരുകേട്ട, മലബാറിലെ തൊഴിലാളികളുടെ സഹകരണസ്ഥാപനമെന്നാണ് സൊസൈറ്റിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനമികവ് സാക്ഷ്യപ്പെടുത്താന്‍ ഇത്രയും ഉചിതമായ വാക്കുകള്‍ വേറെയില്ലെന്നത് വ്യക്തം. വ്യവസായ മേഖലയിലെ ജനാധിപത്യത്തിന്റെ അത്യപൂര്‍വ്വ ഉദാഹരണമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഇന്ന് കേരളത്തെ പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആഹ്വാനങ്ങളില്‍ മാത്രം ഒതുങ്ങാതെ പരിഹാരങ്ങളിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി മുന്നേറുമ്പോള്‍ തൊഴിലാളികളാണ് ഏറ്റവും വലിയ സമ്പത്ത് എന്നത് ഇവര്‍ മറന്നില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആരോപണങ്ങള്‍ക്ക് മുന്നില്‍ സഹകരണ വിജയത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് ഈ പ്രസ്ഥാനം.

ഊരാളുങ്കല്‍ അഥവാ
കൂലിവേലക്കാരുടെ സംഘം

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളും സഹകരണ മേഖലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അത്രയധികം ചര്‍ച്ചകളൊന്നും ഉയര്‍ന്നു വന്നിട്ടില്ല. എന്നാല്‍ ഊരാളുങ്കലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ നവോത്ഥാന ബന്ധം സുവ്യക്തമാണ്. മലബാറിലെ സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന വാഗ്ഭടാനന്ദന്‍ 1917ല്‍ സ്ഥാപിച്ച ആത്മവിദ്യാസംഘവും അതിന്റെ പ്രവര്‍ത്തകരുമാണ് പില്‍ക്കാലത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന പേരില്‍ പടര്‍ന്നു പന്തലിച്ച കൂലിവേലക്കാരുടെ പരസ്പര സഹായ സംഘത്തിന് രൂപം നല്‍കിയത്. ജാതിയും ഉച്ച നീചത്വങ്ങളും സകല മേഖലകളിലെയും ജന്മിത്വത്തിന്റെ വരിഞ്ഞുമുറുക്കലുകളും കൊടികുത്തി വാണിരുന്ന കാലത്ത് ഇതിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ജനങ്ങള്‍ അനീതിക്കെതിരെ തീര്‍ത്ത പ്രതിരോധം കൂടിയായിരുന്നു ഇത്. 1912ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം 1925ലാണ് ഊരാളുങ്കല്‍ സ്ഥാപിക്കപ്പെടുന്നത്. 1925 ഫെബ്രുവരി 13നാണ് സംഘം രജിസ്റ്റര്‍ ചെയ്തത്.

അക്കാലത്ത് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വാര്‍ത്ത ആത്മവിദ്യാസംഘം പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തുന്നതായിരുന്നു. പരസ്പര സഹായ സംഘങ്ങള്‍ക്ക് എങ്ങനെ നാടിന്റെ മുഖഛായ മാറ്റാന്‍ കഴിയുമെന്ന് മലബാര്‍ ജില്ലാ പരസ്പര സഹായ സംഘം കോണ്‍ഫറന്‍സിനെ കുറിച്ചുള്ള വാര്‍ത്തയില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. അങ്ങനെയാണ് ആത്മവിദ്യാ സംഘം പ്രവര്‍ത്തകര്‍ ഊരാളുങ്കല്‍ എന്ന പ്രസ്ഥാനത്തിലേക്കെത്തുന്നത്. 1920ല്‍ മൂന്ന് സഹകരണ സംഘങ്ങളില്‍നിന്നും മലബാര്‍ ജില്ലയിലാകെ മൂന്ന് വര്‍ഷം കൊണ്ട് പത്ത് സഹകരണസംഘങ്ങള്‍ രൂപീകരിക്കപ്പെട്ടതിന്റെ ചരിത്രവിവരണവും വാര്‍ത്തയിലുണ്ടായിരുന്നു. ഈ വാര്‍ത്ത നല്‍കിയ ആവേശവും ഐക്യനാണയ സംഘമെന്ന തങ്ങളുടെ തന്നെ മുന്‍കാല സംഘത്തിന്റെ അനുഭവങ്ങളുമാണ് കൂലിവേലക്കാരുടെ സഹകരണ സംഘത്തിന്റെ തുടക്കത്തിന് പ്രചോദനമായത്.
ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍, പുന്നേരി പൊക്കായി, പറമ്പത്ത് ചാത്തന്‍, കോയാന്റ വളപ്പില്‍ ആണ്ടി, കിഴക്കയില്‍ ശങ്കരന്‍, വണ്ണാത്തിക്കണ്ടി കണാരന്‍, വണ്ണാത്തിക്കണ്ടി കണ്ണന്‍, കുന്നോത്ത് കണ്ണന്‍, ചെമ്പൊത്താന്‍കണ്ടി കുഞ്ഞിരാമന്‍, സറാങ്കിന്റവിട കണാരന്‍, മഠത്തില്‍ പൊക്കായി, പുളിഞ്ഞോളി കണാരന്‍, തട്ടാന്റവിട കണാരന്‍, കുന്നോത്ത് കണാരന്‍ എന്നിവരായിരുന്നു സംഘത്തിന്റെ ആദ്യ പ്രമോട്ടിംഗ് കമ്മറ്റി അംഗങ്ങള്‍

തൊഴിലാളികള്‍ക്കായി…തൊഴിലാളികള്‍ക്കൊപ്പം

തൊഴിലാളികള്‍ കെട്ടിപ്പടുത്ത സ്ഥാപനമാണിത്. അവരുടെ വിയര്‍പ്പും അധ്വാനവും ശക്തമായ അടിത്തറ പാകിയ പ്രസ്ഥാനമാണ് തങ്ങളുടേതെന്ന് വ്യക്തമാക്കുമ്പോള്‍ ചെയര്‍മാന്‍ പാലേരി രമേശന്റെ വാക്കുകളില്‍ അതേ ആവേശം നിഴലിക്കുന്നു. ഉടമസ്ഥതയിലും തൊഴിലിടങ്ങളിലും തൊഴിലാളികള്‍ക്കുള്ള സമ്പൂര്‍ണമായ പങ്കാളിത്തമാണ് അദ്ദേഹം എടുത്തു പറയുന്ന ഏറ്റവും പ്രധാന ഘടകം. തൊഴിലാളികള്‍ക്ക് മാത്രമേ സംഘത്തില്‍ അംഗത്വമെടുക്കാന്‍ സാധിക്കുകയുള്ളു. തൊഴിലാളികള്‍ക്കേ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം ലഭിക്കൂ. ഇത്രയും മതി ഇവിടെ തൊഴിലാളികള്‍ക്കുള്ള ആധിപത്യത്തെ കുറിച്ച് മനസ്സിലാക്കാന്‍. തൊഴിലാളികള്‍ക്കൊപ്പം തന്നെ ജോലി ചെയ്ത് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഒരു സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്ന ചെയര്‍മാനെയും ഡയറക്ടര്‍മാരെയും ഇന്ന് എത്ര സ്ഥാപനങ്ങളില്‍ കാണാന്‍ സാധിക്കും?. അതുകൊണ്ട് കൂടിയാണ് സ്ഥാപനം വേറിട്ട മാതൃകയാവുന്നത്. നിര്‍മാണ മേഖല, ഐടി രംഗം, എന്‍ജിനിയറിംഗ്, തുടങ്ങി നിരവധി മേഖലകളില്‍ ഇവര്‍ നിര്‍ണായ സ്വാധീനമാണ്. വിദ്യാഭ്യാസ മേഖലയിലേക്ക് കൂടി കാലെടുത്ത് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് സൊസൈറ്റി.

”ഓരോ പ്രവൃത്തിസ്ഥലത്തെയും തൊഴിലാളികള്‍ ദിവസംതോറും നടന്ന പ്രവര്‍ത്തനം അവലോകനംചെയ്ത് പിറ്റേന്നുള്ള പ്രവര്‍ത്തനം ആസൂത്രണംചെയ്യുന്നു. ഓരോ തൊഴിലാളിക്കും സംഘം അവരുടേതാണെന്ന് അനുഭവപ്പെടുന്നു. സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് സംഘം പിന്തുടരുന്ന തനത് രീതികള്‍ ഏറ്റവും ആധുനികമായ മാനേജ്‌മെന്റ് മേല്‍നോട്ട സംവിധാനങ്ങളോട് കിടപിടിക്കുന്നതാണ്. ഓരോ നിര്‍മാണപ്രവൃത്തിക്കും പ്രത്യേക ലാഭനഷ്ടക്കണക്കും നിരീക്ഷണ സംവിധാനവും ഉണ്ട്. ഓരോ പ്രവൃത്തി ദിവസത്തിന്റെയും അവസാനം ആ ദിവസത്തെ പണിയെക്കുറിച്ച് സംഘം ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തുന്നു. ഓരോ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിനും പണിസ്ഥലത്തിന്റെ ചുമതലയുണ്ടായിരിക്കും. ഡയറക്ടര്‍ ബോര്‍ഡിന്റെ സമ്പൂര്‍ണമേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാകുന്നത്,” ഊരാളുങ്കലിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചെയര്‍മാന്‍ പാലേരി രമേശന്‍ മനസ്സ് തുറക്കുന്നു. 1995ലാണ് പാലേരി രമേശന്‍ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. ഇപ്പോള്‍ 22 വര്‍ഷമായി അദ്ദേഹം സൊസൈറ്റിയുടെ അമരത്തുണ്ട്. നിര്‍മാണ മേഖലയില്‍ തുടക്കം കുറിച്ച് അത് എന്‍ജിനിയറിംഗിലേക്കും ഇപ്പോള്‍ പുതുതലമുറയ്ക്ക് പിന്തുണയുമായി ഐടി രംഗത്തേക്കും ഊരാളുങ്കല്‍ ചുവടുറപ്പിച്ചിട്ടുണ്ട്.

”ധാര്‍മികമായ അടിത്തറയാണ് എക്കാലവും സൊസൈറ്റിക്ക് മുതല്‍ക്കൂട്ടായിട്ടുള്ളത്. ഏറെ പ്രതിസന്ധികളും കള്ളത്തരങ്ങളും നിറഞ്ഞ മേഖലയില്‍ തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് കൊണ്ടുമാണ് സൊസൈറ്റി വളര്‍ന്നത്. നിര്‍മിതികളുടെ ലോകോത്തര നിലവാരവും ഉത്തരവാദിത്തവും കാര്യക്ഷമതയുമാണ് സ്ഥാപനത്തെ വളര്‍ത്തിയത്. പാര്‍ട്ടി വ്യത്യാസമില്ലാതെ, സമുദായ വ്യത്യാസമില്ലാതെ, ജാതി – മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഇതില്‍ പങ്കാളികളാവുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത,” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക അച്ചടക്കവും മേഖലയിലെ വൈദഗ്ധ്യവും ഉന്നത നിലവാരത്തില്‍ കൃത്യ സമയത്തുള്ള പ്രൊജക്റ്റുകളുടെ പൂര്‍ത്തീകരണവും ഊരാളുങ്കലിനെ പോലെ അവകാശപ്പെടാന്‍ സാധിക്കുന്ന മറ്റൊരു സ്ഥാപനം കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം.

2300ഓളം അംഗങ്ങളാണ് ഇപ്പോള്‍ ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ഉള്ളത്. 2000ത്തോളം നോണ്‍ മെമ്പര്‍മാരും സൊസൈറ്റിയുടെ ഭാഗമാണ്. 1500ലധികം ഇതര സംസ്ഥാന തൊഴിലാളികളും ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. 1000 കോടി രൂപയാണ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ടേണ്‍ ഓവര്‍. അടുത്ത വര്‍ഷത്തോടെ ഇത് 5000 കോടിയായി ഉയര്‍ത്താനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. നിലവില്‍ 6500ലധികം പ്രൊജക്ടുകള്‍ സൊസൈറ്റി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മലബാറിലെ ത്രിതല പഞ്ചായത്തുകള്‍ മുതല്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ വരെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആദ്യം സമീപിക്കുന്നത് ഊരാളുങ്കലിനെയാണ്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള നാഷണല്‍ ഹൈവേ റോഡ്, കോഴിക്കോട് നഗരഹൃദയത്തില്‍ ഉയര്‍ന്ന നായനാര്‍ മേല്‍പ്പാലം, അരയിടത്ത്പാലം – എരഞ്ഞിപ്പാലം ബൈപ്പാസ്, സൈബര്‍പാര്‍ക്ക് തുടങ്ങിയ അസംഖ്യം പ്രൊജക്റ്റുകളാണ് സൊസൈറ്റി ഏറ്റെടുത്തിട്ടുള്ളത്.

”സഹകരണ മേഖല കേരളത്തിന്റെ നട്ടെല്ലാണ്. അത് തകരാന്‍ അനുവദിക്കരുത്. സാധാരണക്കാരന്റെ വിയര്‍പ്പാണ് ഓരോ സഹകരണ ബാങ്കിലുമുള്ളത്. അതിന് ഒരു പരിക്കും പറ്റരുത്. ഇല്ലെങ്കില്‍ കേരളം തകര്‍ന്ന് പോവും. അത് തകരില്ല എന്നതാണ് വാസ്തവം. പ്രചരിക്കുന്ന പോലുള്ള കള്ളത്തരങ്ങളൊന്നും കേരളത്തിന്റെ സഹകരണ പ്രസ്ഥാനങ്ങള്‍ കാണിച്ചിട്ടില്ല,” സഹകരണ മേഖല അനുഭവിക്കുന്ന ഇപ്പോഴത്ത പ്രതിസന്ധിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

sarസര്‍ഗ്ഗാത്മകം സര്‍ഗ്ഗാലയ

കേരള സര്‍ക്കാരിന്റെ ഇരിങ്ങല്‍ കരകൗശല ഗ്രാമം പദ്ധതി ഏറ്റെടുത്തതാണ് സംഘത്തിന്റെ ചരിത്രത്തിലെ വേറിട്ട മറ്റൊരേട്. സംസ്ഥാനത്തെ പരമ്പരാഗത കരകൗശല മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് സര്‍ഗ്ഗാലയയിലൂടെ ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്തത്. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക തന്നെ ചെയ്തു. ഇടനിലക്കാര്‍ തിങ്ങി നിറഞ്ഞ് ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായ മൂല്യം ലഭിക്കാത്ത സാഹചര്യമായിരുന്നു മേഖലയില്‍ മുന്‍പ് നിലനിന്നിരുന്നതെന്ന് രമേശന്‍ ചൂണ്ടിക്കാട്ടുന്നു. ദുഷിച്ച ഈ സംസ്‌കാരത്തെ തുടച്ചു മാറ്റി മേഖലയെ ശുദ്ധീകരിക്കുകയാണ് സൊസൈറ്റി ആദ്യം ചെയ്തത്. ഇന്ന് ഇടനിലക്കാരില്ലാതെ മികച്ച മൂല്യത്തില്‍ സര്‍ഗ്ഗാലയയിലൂടെ തൊഴിലാളികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം. 2010 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഏറ്റവും വലിയ പ്രത്യേകത വിവിധ കരകൗശല വിദ്യകള്‍ തത്‌സമയം കാണാം എന്നതാണ്. ക്രാഫ്റ്റ് വില്ലേജിലെ ഉത്പാനശേഷിക്കും മുകളിലാണ് ചോദനവര്‍ധനവ്. വരും നാളുകളില്‍ വലിയൊരു തൊഴില്‍മേഖല തന്നെ ക്രാഫ്റ്റ് വില്ലേജ് ടൂറിസത്തിലൂടെ സാധ്യമാകുന്നു. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഇരിങ്ങല്‍ കരകൗശല ഗ്രാമം. വടകരയ്ക്കടുത്ത് ഇരിങ്ങലില്‍ 20 ഏക്കര്‍ പ്രദേശത്താണ് കരകൗശല ഗ്രാമം സ്ഥിതി ചെയ്യുന്നത് ലോകമെമ്പാടുനിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് കേരളത്തിന്റെ സ്വന്തം കരകൗശല വൈദഗ്ധ്യത്തെ കുറിച്ച് മനസ്സിലാക്കാനുള്ള വേദിയാണ് സര്‍ഗ്ഗാലയ ഒരുക്കുന്നത്.

01മണ്‍വട്ടിയേന്തിയ കൈകള്‍ മൗസ് എടുത്തപ്പോള്‍

അതിജീവനത്തിന്റെ പാഠങ്ങളാണ് എല്ലായ്‌പ്പോഴും ഊരാളുങ്കല്‍ മുന്നോട്ട് വച്ചത്. അസമത്വങ്ങള്‍ക്കും അടിമത്വത്തിനുമെതിരെ പ്രതിഷേധിച്ച് തൊഴില്‍ നഷ്ടപ്പെട്ട കുടിയാന്‍മാര്‍ക്ക് തൊഴില്‍ നല്‍കാനാണ് ആദ്യകാലത്ത് സംഘം സ്ഥാപിതമായത്. ലോകമുടനീളം സാമ്പത്തിക മാന്ദ്യത്താല്‍ വലഞ്ഞപ്പോള്‍ അതിനെ വെല്ലുവിളിച്ചു കൊണ്ടാണ് ഇവര്‍ ഐടി മേഖലയിലേക്ക് കാലെടുത്തു വച്ചത്. 2005 ആയപ്പോള്‍ കേരളത്തിന്റെ തൊഴില്‍ സംസ്‌കാരം മാറ്റത്തിന്റെ പാതയിലായിരുന്നു. വിദ്യാസമ്പന്നരായ ആളുകള്‍ വൈറ്റ്‌കോളര്‍ ജോലിക്ക് വേണ്ടി മാത്രം കാത്തിരിക്കുന്ന സാഹചര്യം ഇവിടെ ഉരുത്തിരിഞ്ഞു വന്നു. നിര്‍മാണ മേഖലയിലേക്ക് തൊഴിലാളികളെ കിട്ടാതെയായി. ഈ സമയം മാറ്റത്തിന്റെ പാതയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അന്നത്തെ പ്രസിഡന്റ് പാലേരി രമേശന്റെ നേതൃത്വത്തില്‍ സൊസൈറ്റി ചിന്തിച്ചു തുടങ്ങി. സൈബര്‍ പാര്‍ക്കെന്ന സ്വപ്‌നം കോഴിക്കോടിന്റെ യുവത്വത്തിന് അനുഗ്രഹമായി യാഥാര്‍ഥ്യമാവുന്നത് അങ്ങനെയാണ്. യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സ് എന്ന പേരില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിക്കും ഊരാളുങ്കല്‍ ചുക്കാന്‍ പിടിക്കുന്നു. 2011ലാണ് ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്റെ അവസാന വാക്കായ യുഎല്‍ടിഎസിന് തുടക്കം കുറിച്ചത്. വിദ്യാസമ്പന്നരായ ഒരു കൂട്ടം യുവാക്കളായിരുന്നു ഇതിന് പിന്നില്‍. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎല്‍ടിഎസ് കോഴിക്കോട് ഒരു ശാഖ കൂടി ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് രമേശന്‍ പറഞ്ഞു. മൂന്നാം തലമുറയ്ക്ക് കൂടി നേരിട്ട ജോലി നല്‍കുന്ന തരത്തിലുള്ളതാണ് കോഴിക്കോട്ടുയരുന്ന സൈബര്‍ പാര്‍ക്കും ഐടി സൊല്യൂഷന്‍സ് കമ്പനിയായ യുഎല്‍ടിഎസും. സ്വന്തമായി സോഫ്റ്റ്‌വെയര്‍ കമ്പനിയായ യുഎല്‍ടിഎസ് ഉള്ളത് കൊണ്ട് തന്നെ നോ്ട്ട് നിരോധനം പോലുള്ള വിഷയം വന്നപ്പോള്‍ അത് തങ്ങളെ വലിയ രീതിയില്‍ ബാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സൈബര്‍ പാര്‍ക്ക് തുടങ്ങാനുളള സാമ്പത്തിക ശേഷിയും സാങ്കേതിക വൈദഗ്ധ്യവും തൊഴിലാളി സൊസൈറ്റിക്കുണ്ടോ എന്ന പലരുടെയും ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്ന കോഴിക്കോടിന്റെ ഹൃദയത്തില്‍ ഉയര്‍ന്ന ഐടി പാര്‍ക്ക്. റോഡ്പണിക്കാര്‍ എന്ന നിലയില്‍ നിന്നും നിര്‍മാണ തൊഴിലാളികളിലേക്കും തുടര്‍ന്ന് ഐടി മേഖലയിലേക്കുമുള്ള സൊസൈറ്റിയുടെ കുതിപ്പിന് ചുക്കാന്‍ പിടിച്ച രമേശന് പക്ഷേ ആത്മാര്‍ഥതയുള്ള തൊഴിലാളികളുമുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. എല്ലാം തങ്ങളുടെ ടീം വര്‍ക്കിന്റെ വിജയമാണെന്ന് എടുത്തു പറയുമ്പോള്‍ അദ്ദേഹത്തിന് അഭിമാനം മാത്രം. വെല്ലുവിളികള്‍ ഒരുപാടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാന്‍ കാണിച്ച ചങ്കൂറ്റം തന്നെയാണ് സൊസൈറ്റിയെ മുന്നോട്ട് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. കോഴിക്കോടിന്റെ വികസന നേട്ടത്തില്‍ പൊന്‍തൂവലാകുന്ന സൈബര്‍ പാര്‍ക്ക് ദേശീയപാതാ ബൈപ്പാസിനോട് ചേര്‍ന്ന് നെല്ലിക്കോടാണ് സ്ഥിതി ചെയ്യുന്നത്. 20,000 പേര്‍ക്ക് നേരിട്ടും 80,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഇതൊരു ചെറിയ കണക്കു മാത്രം. നിരവധി കുടുംബങ്ങള്‍ക്കും സമീപത്തെ സ്ഥാപനങ്ങള്‍ക്കും നിരവധി സാധ്യതകളാണ് യുഎല്‍ സൈബര്‍ പാര്‍ക്ക് തുറന്നിടുന്നത്. നിരവധി പ്രമുഖ കമ്പനികള്‍ യുഎല്‍ സൈബര്‍ പാര്‍ക്ക് അധികൃതരെ സമീപിച്ചു കഴിഞ്ഞു. തൊഴിലാളി കൂട്ടായ്മയില്‍ തുടക്കമിട്ട ഈ സൈബര്‍ പാര്‍ക്ക് ടെക്ക് ലോകത്ത് തന്നെ ആദ്യ സംഭവമായിരിക്കും. 2011 ജൂണിലാണ് സൈബര്‍ പാര്‍ക്കിനു തുടക്കമിട്ടത്. 25 ഏക്കറിലാണ് പാര്‍ക്ക് പണികഴിപ്പിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദത്തിനു പ്രാധാന്യം നല്‍കിയാണ് കെട്ടിടങ്ങളെല്ലാം നിര്‍മിച്ചിരിക്കുന്നത്.

Comments

comments

Categories: FK Special