പ്രാകൃതമായ വിദ്യാഭ്യാസ സംസ്‌കാരം

പ്രാകൃതമായ വിദ്യാഭ്യാസ സംസ്‌കാരം

 

തൃശൂരിലെ പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളെജിലെ ജിഷ്ണു എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഇവിടെ നിലനില്‍ക്കുന്ന വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ അതിദാരുണമായ അവസ്ഥയാണ് പ്രകടമാക്കുന്നത്. വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളനുസരിച്ച് അവിടെ നിലനില്‍ക്കുന്ന പഠനാന്തരീക്ഷം കേരളം വ്യാപകമായി ചര്‍ച്ചയ്‌ക്കെടുക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്തുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നടന്നാല്‍ പ്രശ്‌നം, ഷേവ് ചെയ്തില്ലെങ്കില്‍ പ്രശ്‌നം, ലീവ് എടുത്താല്‍ പ്രശ്‌നം, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ പ്രശ്‌നം…സ്വതന്ത്രമായി ചിന്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ട കലാലയ സാഹചര്യങ്ങളാണോ ഇവിടത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ആവശ്യമുള്ളവര്‍ പഠിക്കട്ടെ, അല്ലാതെ സമ്മര്‍ദ്ദത്തിലാക്കി വിദ്യാര്‍ത്ഥികളുടെ താളം തെറ്റിക്കുന്നതാണോ പഠിപ്പിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്രമാത്രം പരീക്ഷാ കേന്ദ്രീകൃതവും അടഞ്ഞ വിദ്യാഭ്യാസ സംസ്‌കാരവും കൊണ്ട് ഇവിടത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ക്രിയാത്മകമായി എന്ത് സംഭാവന സമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തപ്പെടണം. ഒന്നുകില്‍ അരാജകത്വത്തിന്റെ വിളനിലങ്ങള്‍, അല്ലെങ്കില്‍ അച്ചടക്കത്തിന്റെയും അധികാരത്തിന്റെയും ഉരുക്കുകോട്ടകള്‍…ഈ രണ്ടറ്റങ്ങളില്‍ അധിഷ്ഠിതമാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കാതെ എന്ത് ഇന്നൊവേഷനാണ് എന്‍ജിനീയറിംഗ് കോളെജുകളില്‍ ഉണ്ടാകുന്നതെന്ന് നയകര്‍ത്താക്കളും വിദ്യാഭ്യാസ രംഗത്തെ സംരംഭകരും ചിന്തിക്കണം. അമേരിക്കയെ ഇന്നൊവേറ്റിവ് ആക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച് സംരംഭകത്വത്തിന്റെ വസന്തം മുഴക്കിയ സിലിക്കണ്‍ വാലി. അതിന് വളക്കൂറൊരുക്കിയതും ഇന്നൊവേഷന്റെ മന്ത്രങ്ങള്‍ ഉയര്‍ന്നതും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയെന്ന സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു. നമ്മുടെ സംരംഭകത്വ വിപ്ലവത്തിന് അടിത്തറ പാകാന്‍ പോന്ന എത്ര കോളെജുകള്‍ ഇവിടെയുണ്ട്. കോളെജുകള്‍ പരീക്ഷാ കേന്ദ്രീകൃതമായി വിദ്യാര്‍ത്ഥികളെ കൊല്ലുന്നതാകരുത്, വിലക്കുകളുടെ മതില്‍ തീര്‍ത്ത് അവരെ ശ്വാസം മുട്ടിക്കുന്നതുമാകരുത്. അവിടെ ആണ്‍കുട്ടികള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ വേര്‍തിരിവുമില്ല. പൂര്‍ണമായും തുറന്ന ആവാസ വ്യവസ്ഥയുള്ള, നവ ലിബറല്‍ മൂല്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു തലമുറയാണ് ഉയര്‍ന്നുവരേണ്ടത്. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അത്തരത്തില്‍ വിഭാവനം ചെയ്തില്ലെങ്കില്‍ ഇനിയും ആത്മഹത്യകള്‍ ഉണ്ടായേക്കാം. പഠിച്ച് പുറത്തിറങ്ങുമ്പോള്‍ സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തി ജീവിക്കാനുള്ള പ്രാപ്തിയാണ് വിദ്യാഭ്യാസ സംസ്‌കാരത്തിലൂടെ ലഭിക്കേണ്ടത്. ഈ അടിസ്ഥാന പാഠം മറക്കുന്നതാണ് നമ്മുടെ പോരായ്മ.

Comments

comments

Categories: Editorial