ഇന്‍ഫോസിസ് പ്രൈസ് അവാര്‍ഡുകള്‍ സമ്മാനിച്ചു

ഇന്‍ഫോസിസ് പ്രൈസ് അവാര്‍ഡുകള്‍ സമ്മാനിച്ചു

 

കൊച്ചി : ഗവേഷണ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കായി ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഇന്‍ഫോസിസ് പ്രൈസ് 2016 വിതരണം ചെയ്തു. നോബല്‍ പ്രൈസ് ജേതാവും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായ പത്മവിഭൂഷന്‍ ഡോ.വെങ്കട്ടരാമന്‍ രാമകൃഷ്ണനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്‌റീസ് പ്രസിഡന്റ് ഡി ഷിബുലാല്‍, ട്രസ്റ്റിമാരായ എന്‍ ആര്‍ നാരായണമൂര്‍ത്തി, മോഹന്‍ദാസ് പൈ, ക്രിസ് ഗോപാലകൃഷ്ണന്‍, ശ്രീനാഥ് ബറ്റ്‌നി, കെ. ദിനേശ്, ആര്‍, ശേഷസായി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എന്‍ജിനിയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ലൈഫ് സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ ആറ് മേഖലകളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. ഓരോ വിഭാഗത്തിലെയും ജേതാവിന് 65 ലക്ഷം രൂപയും സ്വര്‍ണമെഡലും പ്രശംസാഫലകവും അടങ്ങുന്ന പുരസ്‌കാരമാണ് നല്‍കിയത്. ശാസ്ത്ര, സാമൂഹിക, സാമ്പത്തിക മേഖലകളിലെ പല വെല്ലുവിളികള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഇന്‍ഫോസിസ് പ്രൈസ് ജേതാക്കളുടെ സ്തുത്യര്‍ഹമായ ഗവേഷണങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് ഡി. ഷിബുലാല്‍ പറഞ്ഞു.
തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്റര്‍ സ്‌പേയ്‌സ് ഫിസിക്‌സ് ലബോറട്ടറി ഡയറക്റ്റര്‍ ഡോ. അനില്‍ ഭരദ്വാജ് (ഭൗതികശാസ്ത്രം) ഉള്‍പ്പെടെ ആറു പേര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്. പ്ലാനെറ്ററി സയന്‍സില്‍ കരുത്തുറ്റ സംഭാവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. പ്ലാനെറ്ററി എക്‌സ്‌റേയുടെ ഒറിജിന്‍ ആണ് ശ്രദ്ധേയം. ചന്ദ്രയാന്‍- 1, മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്നിവയില്‍ അദ്ദേഹം നടത്തിയ പരീക്ഷണവും ശ്രദ്ധേയങ്ങളാണ്.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ (ഐഐഎസ്‌സി) കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍ വി കുമാരന്‍ ആണ് എന്‍ജിനീയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ ജേതാവ്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസറും സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് മെഹ്‌റ ഫാമിലി പ്രൊഫസറുമായ പ്രൊഫ. സുനില്‍ അമൃത് ആണ് ഹ്യുമാനിറ്റിസ് വിഭാഗത്തിലെ അവാര്‍ഡ് ജേതാവ്. ഫരീദാബാദ് ട്രാന്‍സ്‌ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (ടിഎച്ച്എസ്ടിഐ) എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡോ. ഗഗന്‍ ദീപ് കാങിനാണ് ലൈഫ് സയന്‍സിനുള്ള അവാര്‍ഡ്. മാത്തമാറ്റിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ മാത്തമാറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫസര്‍ അക്ഷയ് വെങ്കിടേഷിനാണ്. മോഡേണ്‍ നമ്പര്‍ തിയറിക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പ്രൊഫ. അക്ഷയ് വെങ്കിടേഷിനെ അവാര്‍ഡിനു തെരഞ്ഞെടുത്തത്.

സോഷ്യല്‍ സയന്‍സസില്‍ പ്രൈസ് നേടിയത് പ്രൊഫ. കല്യാണ്‍ മുന്‍ഷിയാണ്. ബ്രിട്ടനിലെ കേം ബ്രിഡ്ജ് സര്‍വകലാശാലയിലെ എക്കണോമിക് ഫാക്കല്‍റ്റിയുടെ ഫ്രാങ്ക് റാംസേ എക്കണോമിക് പ്രൊഫസറാണ് കല്യാണ്‍ മുന്‍ഷി.250 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് ആറ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രൊഫ. പ്രദീപ്.കെ.ഖോസ്‌ല, പ്രൊഫ. അമര്‍ത്യസെന്‍, ഡോ. ഇന്ദര്‍വര്‍മ, എസ്.ആര്‍.ശ്രീനിവാസ വരദന്‍, പ്രൊഫ. ശ്രീനിവാസ കുല്‍ക്കര്‍ണി, പ്രൊഫ. കൗഷിക് ബസു എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

Comments

comments

Categories: Branding