അസമിലെ 1,518 ഗ്രാമപഞ്ചായത്തുകളില്‍ കണക്റ്റിവിറ്റിയൊരുക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി

അസമിലെ 1,518 ഗ്രാമപഞ്ചായത്തുകളില്‍ കണക്റ്റിവിറ്റിയൊരുക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി

 

ഗുവാഹട്ടി: ഗ്രാമപ്രദേശങ്ങളില്‍ ടെലികോം കണക്റ്റിവിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം അസമിലെ 1,518 ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്‌സി) വഴി ബന്ധിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു. ഗ്രാമീണ മേഖലകളില്‍ കണക്റ്റിവിറ്റി എത്തിക്കുന്നതിന് ഊന്നല്‍ നല്‍കികൊണ്ട് ഈ വര്‍ഷം 5,200 കിലോ മീറ്റര്‍ ദൂരത്തില്‍ ഒഎഫ്‌സി സംവിധാനമൊരുക്കുമെന്നും ഇതിലൂടെ അസമിലെ 1,518 ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുമെന്നും ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ എം കെ സേത് പറഞ്ഞു. ഗുവാഹട്ടി, ഓള്‍ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച ടോക്ക് ഷോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മൊത്തം ഗ്രാമ പഞ്ചായത്തുകളില്‍ 70 ശതമാനവും പദ്ധതിയില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കാംരൂപ് ജില്ലയിലെ ക്ഷേത്രി ഗാവന്‍ പഞ്ചായത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഗ്രാമ പഞ്ചായത്ത് ആകുമെന്നും സേത് പറഞ്ഞു. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ 3,000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സജ്ജമാക്കുമെന്നും, പദ്ധതി നടത്തിപ്പിനു വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചോടെ ഗുവാഹട്ടിയില്‍ ഹൈ സ്പീഡ് നെറ്റ്‌വര്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യും. വയര്‍ലെസ് നെറ്റ്‌വര്‍ക്ക് വഴി വൈഫൈ റൂട്ടറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതായും സേത് വിശദീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള സഹകരണം ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ഇതു വഴി ആരംഭിക്കുന്ന ‘മൊബീകാഷ്’ ഇ-വാലറ്റ് പ്ലാറ്റ്‌ഫോം ഉടന്‍ അവതരിപ്പിക്കുമെന്നും എംകെ സേത് അറിയിച്ചു.
മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ ഒരു ലക്ഷം പേരെ ഡിജിറ്റല്‍ സാക്ഷരരാക്കാനാണ് പദ്ധതിയിടുന്നതെന്ന് അസം വിവരസാങ്കേതിക വകുപ്പ് ജോയിന്റ് സെക്രട്ടറി ഫക്രൂദ്ദീന്‍ അഹമ്മദ് പറഞ്ഞു. 2022 ഓടെ 25 ലക്ഷം പേര്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനോടകം സംസ്ഥാനത്തെ 65,000 പേര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. ഒറ്റ കണക്ഷനിലൂടെ ഇന്റര്‍നെറ്റ്, ടെലിവിഷന്‍, ടെലിഫോണ്‍ കണക്ഷനുകള്‍ നല്‍കാനാണ് അസം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Branding