അഭിമാനമുയര്‍ത്തി ഇന്ത്യയുടെ രാജ്യാന്തര എക്‌സ്‌ചേഞ്ച്

അഭിമാനമുയര്‍ത്തി ഇന്ത്യയുടെ  രാജ്യാന്തര എക്‌സ്‌ചേഞ്ച്

 

രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചും ബിഎസ്ഇയുടെ അനുബന്ധ സ്ഥാപനവുമായ ഇന്ത്യ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് (ഐഎന്‍എക്‌സ്) ഗുജറാത്തിലെ ഐഎഫ്എസ്‌സി, ഗിഫ്റ്റ് സിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് സാമ്പത്തിക ചരിത്രത്തിലെ സുപ്രധാന ഏടായി മാറി.

നാല് മൈക്രോ സെക്കന്‍ഡ് ടേണ്‍ എറൗണ്ട് സമയത്തിലുള്ള ലോകത്തെ ഏറ്റവും ആധുനിക സാങ്കേതിക പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചാണ് ഇന്ത്യ ഐഎന്‍എക്‌സ്. 22 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചിലൂടെ രാജ്യാന്തര നിക്ഷേപകര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വ്യാപാരം നടത്താം. ഓഹരി, നാണയ, ഉല്‍പ്പന്ന വ്യാപാരങ്ങളാകും ആദ്യ ഘട്ടത്തില്‍ നടക്കുക. വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ നിക്ഷേപ രസീതുകളും ബോണ്ടുകളും ലഭ്യമാകും.

പുതിയ സംരംഭം രാജ്യത്തിന് അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ മൂലധനം കണ്ടെത്താനും നിക്ഷേപത്തിന് നൂതന അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ആധുനിക അടിത്തറയാകുമെന്നത് തീര്‍ച്ചയാണ്.
പ്രധാനമന്ത്രിയും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ സ്വപ്‌നമായിരുന്നു ഇന്ത്യയില്‍ ആഗോള സാമ്പത്തിക കേന്ദ്രം സ്ഥാപിച്ച് ലണ്ടന്‍, ഹോങ്കോംഗ്, സിംഗപ്പൂര്‍, ന്യൂയോര്‍ക്ക് എന്നീ പ്രമുഖ രാജ്യാന്തര കേന്ദ്രങ്ങള്‍ക്കൊപ്പമെത്തുകയെന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇത് വന്‍ കുതിപ്പേകും.
ഐഎഫ്എസ്‌സി, ഗിഫ്റ്റ് സിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ എക്‌സ്‌ചേഞ്ചിന് നികുതി ഘടനയില്‍ നേട്ടം ലഭിക്കും. സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ്, കമ്മോഡിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ്, ഡിവിഡന്റ് ട്രാന്‍സാക്ഷന്‍ ടാക്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
അവധി, വിദേശ വ്യാപാര ബ്രോക്കര്‍മാര്‍ ഉള്‍പ്പെടെ 250ഓളം പേരടങ്ങുന്ന അംഗങ്ങള്‍ ഐഎന്‍എക്‌സ് പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വയം ശക്തി നേടുന്ന പരിസ്ഥിതി സൃഷ്ടിച്ച് എക്‌സ്‌ചേഞ്ചിനെ ആഗോള തലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിന്നായി 48 ബില്ല്യണ്‍ ഡോളറിന്റെ ഓഫ്‌ഷോര്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളാണ് സിംഗപ്പൂര്‍, ദുബായ്, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നടക്കുന്നത്. ഇതിന്റെ നല്ലൊരു ശതമാനം ഇനി ഗുജറാത്തിന് ലഭിക്കും.

Comments

comments

Categories: Editorial