ആഷ്‌ലി ജെ. ടെല്ലിസ് ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡര്‍

ആഷ്‌ലി ജെ. ടെല്ലിസ് ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡര്‍

വാഷിംഗ്ടണ്‍: ആഷ്‌ലി ജെ. ടെല്ലിസ് ഇന്ത്യയിലേക്കുള്ള യുഎസിന്റെ നയതന്ത്ര പ്രതിനിധിയാകും. തിങ്കളാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിയുക്ത യുഎസ് പ്രസിഡന്റായ ട്രംപിന്റെ ഭരണസംഘത്തിലുള്ളവര്‍ ഏഷ്യയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള നയതന്ത്ര പ്രതിനിധികളുടെ നിയമനം അതിവേഗം പുരോഗമിക്കുകയാണ്.
ടെല്ലിസിന്റെ നിയമനം ന്യൂഡല്‍ഹിയെ വളരെയധികം സന്തോഷിപ്പിക്കുമെന്നാണു കരുതുന്നത്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും, ടെല്ലിസും സിവില്‍ ആണവ കരാറുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മാത്രമല്ല, ടെല്ലിസ് മുംബൈയില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ്. ഇന്ത്യ-അമേരിക്ക ആണവ ചര്‍ച്ചകള്‍ നടന്നിരുന്നപ്പോള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പൊളിറ്റിക്കല്‍ അഫേഴ്‌സിന്റെ അണ്ടര്‍ സെക്രട്ടറിയായിരുന്നു.
ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡറായിരുന്ന റോബര്‍ട്ട് ബ്ലാക്ക് വില്ലിന്റെ ഉപദേശകനായും ടെല്ലിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഷ്‌ലി ജെ. ടെല്ലിസ് ഇപ്പോള്‍ വാഷിംഗ്ടണ്‍ ആസ്ഥാനമായ ബുദ്ധികേന്ദ്രം കാര്‍ണി എന്‍ഡവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ സീനിയര്‍ ഫെല്ലോയായി പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ ആണവ പദ്ധതികളെ കുറിച്ചും ഏഷ്യയുടെ സുരക്ഷാ സംബന്ധിയായ കാര്യങ്ങളെക്കുറിച്ചും ഇദ്ദേഹം നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
India’s Emerging Nuclear Posture (2001) and Interpreting China’s Grand Strategy: Past, Present, and Future (2000) തുടങ്ങിയ പുസ്തകങ്ങള്‍ക്ക് രചന നിര്‍വഹിച്ചത് ആഷ്‌ലിയായിരുന്നു.
ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റിച്ചാര്‍ഡ് വെര്‍മയാണ്. ഇദ്ദേഹവും ആഷ്‌ലിയെ പോലെ ഇന്തോ-അമേരിക്കന്‍ വംശജനാണ്.

Comments

comments

Categories: World