ഫിഫ ലോകകപ്പ്: ടീമുകളുടെ എണ്ണം നാല്‍പ്പത്തെട്ടായി ഉയര്‍ത്തി

ഫിഫ ലോകകപ്പ്:  ടീമുകളുടെ എണ്ണം നാല്‍പ്പത്തെട്ടായി ഉയര്‍ത്തി

 

സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഫിഫ ഉയര്‍ത്തി. മുപ്പത്തി രണ്ടില്‍ നിന്നും 48 ആയാണ് ടീമുകളുടെ എണ്ണത്തില്‍ ഫിഫ മാറ്റം വരുത്തിയത്. ഫിഫ കൗണ്‍സിലാണ് ഇതിനുളള അന്തിമ അനുമതി നല്‍കിയത്. 2026ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മുതലായിരിക്കും നാല്‍പ്പത്തെട്ട് ഫുട്‌ബോള്‍ ടീമുകളെന്നത് പ്രാബല്യത്തില്‍ വരിക. വിശദ വിവരങ്ങള്‍ ഫിഫ പിന്നീട് അറിയിക്കും.

കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നടന്ന ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളുടെ യോഗത്തില്‍ ടീം എണ്ണത്തില്‍ വര്‍ധനവ് വരുത്തുന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നിരുന്നു. ഭൂരിഭാഗം രാജ്യങ്ങളും പുതിയ നിര്‍ദ്ദേശത്തെ അന്ന് പിന്തുണയ്ക്കുകയും ചെയ്തു.

പുതിയ തീരുമാന പ്രകാരം, ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി മൂന്ന് ടീമുകള്‍ വീതമുള്ള പതിനാറ് ഗ്രൂപ്പുകള്‍ തിരിക്കുമെന്നതാണ് സൂചന. ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റ് നേടുന്ന ഒരു ടീമായിരിക്കും പ്രീക്വാര്‍ട്ടറിലെത്തുക. പ്രീക്വാര്‍ട്ടര്‍ റൗണ്ട് മുതല്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് തന്നെ മത്സരങ്ങള്‍ മുന്നോട്ട് പോവുകയും ചെയ്യും.

ടീമുകളുടെ എണ്ണം നാല്‍പ്പത്തെട്ടായി ഉയര്‍ന്നാല്‍ ഏഷ്യ ഉള്‍പ്പെടെയുള്ള കോണ്‍ഫെഡറേഷുകള്‍ക്ക് കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ സാധിക്കും. നിലവില്‍ നാല് ടീമുകളാണ് ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ നിന്ന് നേരിട്ട് യോഗ്യത നേടുന്നത്.

ലോകകപ്പ് ഫുട്‌ബോളില്‍ 32 ടീമുകള്‍ക്ക് പങ്കെടുക്കാമെന്നത് നിശ്ചയിക്കപ്പെട്ടത് 1998ലായിരുന്നു. നിലവിലെ സാഹചര്യത്തില്‍, നാല് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളിലായാണ് മത്സരം നടത്തപ്പെടുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം പ്രീ ക്വാര്‍ട്ടറിലെത്തുകയും ചെയ്യും.

Comments

comments

Categories: Slider, Sports