ട്രംപ് മരുമകനെ വൈറ്റ് ഹൗസ് ഉപദേശകനാക്കി

ട്രംപ് മരുമകനെ വൈറ്റ് ഹൗസ് ഉപദേശകനാക്കി

 

ന്യൂയോര്‍ക്ക്: റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിലെ മാനേജ്‌മെന്റ് സ്റ്റൈലാണ് ട്രംപ് ഭരണതലത്തില്‍ നടപ്പിലാക്കാന്‍ പോകുന്നത്. മുന്‍കാലങ്ങളില്‍ യുഎസ് പ്രസിഡന്റുമാര്‍ സൈനിക സേവനത്തില്‍നിന്നും വിരമിച്ചവരെയും നിയമനിര്‍മാണ സഭാംഗങ്ങളെയുമാണ് അധികാരത്തിന്റെ ഉന്നതശ്രേണിയിലേക്ക് അലങ്കരിച്ചിരുന്നത്. എന്നാല്‍ പതിവുകളെല്ലാം ട്രംപ് മാറ്റിയെഴുതുകയാണ്.

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മരുമകനായ ജാരദ് കുഷ്‌നറെ വൈറ്റ് ഹൗസിന്റെ മുതിര്‍ന്ന ഉപദേശകനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് എക്‌സിക്യൂട്ടീവായ ജാരദ് കുഷ്‌നര്‍, ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവാണ്. ഇദ്ദേഹം ന്യൂയോര്‍ക്ക് ഒബ്‌സര്‍വര്‍ പത്രത്തിന്റെ ഉടമസ്ഥന്‍ കൂടിയാണ്. ഹാര്‍വാര്‍ഡില്‍ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുള്ള ജാരദ് കുഷ്‌നര്‍, യാഥാസ്ഥിതിക ജൂത കുടുംബത്തിലെ അംഗമാണ്. ഇദ്ദേഹത്തിന്റെ പിതാവും കുടുംബാംഗങ്ങളും ഡമോക്രാറ്റിക് പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ട്രംപാകട്ടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗവും. ന്യൂജെഴ്‌സിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണു ജാരദിന്റെ കുടുംബാംഗങ്ങള്‍. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖരായ കുഷ്‌നര്‍ കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് പദവി വഹിക്കുകയാണു ജാരദ് കുഷ്‌നര്‍. സ്വതവേ മിതഭാഷിയായ ജാരദ്, ബിസിനസില്‍ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. പക്ഷേ, ഇദ്ദേഹത്തിന്റെ പിതാവ് ചാള്‍സ് കുഷ്‌നറാകട്ടെ നേര്‍വിപരീതവും. ഒരിക്കല്‍ നികുതി വെട്ടിപ്പിന് പിടിയിലാവുകയും ശിക്ഷയനുഭവിക്കുകയും ചെയ്തിട്ടുണ്ട് ചാള്‍സ് കുഷ്‌നര്‍.
നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചിരുന്നത് 43-കാരനായ ജാരദ് കുഷ്‌നറായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ തന്നോടൊപ്പം ജാരദ് കുഷ്‌നര്‍ വൈറ്റ് ഹൗസിലുണ്ടാകുമെന്ന് ട്രംപ് സൂചന നല്‍കിയിരുന്നു. ട്രംപ് രൂപീകരിച്ച ട്രാന്‍സിഷന്‍ ടീമിലും (ഭരണതലത്തില്‍ നയം രൂപീകരിക്കുകയും നിയമനം നടത്തുകയും ചെയ്യുന്ന സംഘം) പ്രധാന റോള്‍ വഹിച്ചതു ജാരദ് കുഷ്‌നര്‍ തന്നെയായിരുന്നു. അമേരിക്കന്‍ ഭരണഘടന പ്രകാരം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി, ഭരണപരമായ കാര്യങ്ങളില്‍നിന്നും കുടുംബാംഗങ്ങളെ ഒഴിവാക്കണമെന്നു വ്യവസ്ഥയുണ്ട്. സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനാണു ഭരണഘടനയില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈയൊരു നിയമം ചൂണ്ടിക്കാണിച്ചു ജാരദ് കുഷ്‌നറുടെ ഭരണതലത്തിലെ നിയമനത്തെ വിമര്‍ശിച്ചു നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.
സ്വജനപക്ഷപാത വിരുദ്ധ നിയമം (federal anti-nepotism law) പ്രകാരം വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേശകനായിട്ടുള്ള ജാരദ് കുഷ്‌നറുടെ നിയമനം നിലനില്‍ക്കുന്നതല്ലെന്നു നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ട്രംപ് ഇപ്പോള്‍ മരുമകനെ വൈറ്റ് ഹൗസിലെ സുപ്രധാന പദവിയിലേക്കു നിയമിച്ചിരിക്കുന്നത്. യുഎസില്‍ 1967ലാണ് federal anti-nepotism law നിലവില്‍ വന്നത്. അന്ന് യുഎസ് പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി സഹോദരനെ അറ്റാര്‍ണി ജനറലായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് അമേരിക്കയില്‍ നിയമം നടപ്പിലാക്കിയത്. എന്നാല്‍ ഈ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് ജാരദ് കുഷ്‌നറെ നിയമിക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. കണ്‍സല്‍റ്റന്റ് അഥവാ ഉപദേശകനെന്ന അനൗദ്യോഗിക പദവി സാങ്കേതികമായി സാധുതയുള്ളതാണ്. federal anti nepotism law ഈ പദവിയെ ബാധിക്കില്ലെന്നതും ട്രംപിനു ഗുണകരമാകും. ജാരദിനെ നിയമിക്കുന്നതും കണ്‍സല്‍റ്റന്റ് എന്ന പദവിയിലേക്കാണ്. ഈ പദവിയില്‍ തുടരുമ്പോള്‍ ജാരദ് കുഷ്‌നര്‍ക്കു വേതനം ഒഴിവാക്കും. വൈറ്റ് ഹൗസ് ഒരു ഏജന്‍സിയല്ലെന്നതും ജാരദിന്റെ നിയമനത്തെ സാധൂകരിക്കാന്‍ ഉപകരിക്കും.

മരുമകനായ ജാരദ് കുഷ്‌നറെ ഔദ്യോഗിക പദവിയിലേക്കു നിയമിച്ചതിലൂടെ ട്രംപ്, മുന്‍ഗാമികള്‍ പിന്തുടര്‍ന്നു വന്ന കീഴ്‌വഴക്കം ലംഘിച്ചിരിക്കുകയാണ്. ട്രംപിനു മുന്‍പു യുഎസ് പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നവര്‍, സൈനിക മേധാവികളെയും സ്റ്റേറ്റ് ഹൗസില്‍ (നിയമനിര്‍മാണ സഭ) അംഗങ്ങളെയുമായിരുന്നു അധികാര ശ്രേണിയിലേക്കു തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ട്രംപ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത് ന്യൂയോര്‍ക്ക് റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിലെ മാനേജ്‌മെന്റ് സ്റ്റൈലാണ്. കുടുംബാംഗങ്ങളെ അധികാരത്തിലെ ഉന്നത ശ്രേണിയില്‍ നിയമിക്കുക; അവര്‍ കഴിവുള്ളവരോ ഇല്ലാത്തവരോ എന്ന വ്യത്യാസമില്ലാതെ. അതാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ രീതി. കുഷ്‌നറുടെ നിയമനത്തിനു നിയമപരമായ തടസങ്ങളൊന്നുമുണ്ടാകാതിരിക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ട്രംപും കൂട്ടരും.

Comments

comments

Categories: World