ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് വിയ്യാറയല്‍

ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് വിയ്യാറയല്‍

 

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സലോണയെ വിയ്യാറയല്‍ സമനിലയില്‍ തളച്ചു. മത്സരത്തില്‍, ഓരോ ഗോളുകളുമായാണ് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞത്. കളിയുടെ തൊണ്ണൂറാം മിനുറ്റില്‍ ഗോള്‍ കണ്ടെത്തിയ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ബാഴ്‌സലോണയുടെ വിയ്യാറയലിനെതിരായ പരാജയം ഒഴിവാക്കിയത്.

വിയ്യാ റയലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിലുടനീളം ആതിഥേയര്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. അതിന്റെ ഫലമായി രണ്ടാം പകുതിയുടെ 49-ാം മിനുറ്റില്‍ നിക്കോള സാന്‍സോന്‍ വിയ്യാറയലിന് വേണ്ടി ലക്ഷ്യം കണ്ടു. മത്സരത്തിന്റെ അവസാന മിനുറ്റില്‍ മഴവില്‍ പോലുള്ള ഫ്രീകിക്കിലൂടെയായിരുന്നു ലയണല്‍ മെസ്സിയുടെ ബാഴ്‌സലോണയ്ക്ക് വേണ്ടിയുള്ള സമനില ഗോള്‍.

2017ലെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയ ബാഴ്‌സലോണയ്ക്ക് ഇതോടെ രണ്ടാം കളിയിലും തിരിച്ചടിയേറ്റു. ലാ ലിഗ കിരീടപ്പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കുന്നതിനുള്ള ഒരവസരമാണ് ഇതോടെ ബാഴ്‌സലോണയ്ക്ക് നഷ്ടമായത്. വിയ്യാറയലിനെതിരെ സമനില വഴങ്ങിയ ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ സെവിയ്യക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ്.

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ കരുത്തരായ റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ ടീമുകള്‍ വിജയിച്ചിരുന്നു. റയല്‍ മാഡ്രിഡ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഗ്രാനഡയെയും അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഐബറിനെയും സെവിയ്യ 4-0ത്തിന് റയല്‍ സോസിദാദിനെയുമാണ് പരാജയപ്പെടുത്തിയത്.

റയല്‍ മാഡ്രിഡിന് വേണ്ടി ഇസ്‌കോ രണ്ടും ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരിം ബെന്‍സേമ, കാസെമിറോ എന്നിവര്‍ ഓരോന്ന് വീതവും ഗോളുകള്‍ നേടി. കളിയുടെ രണ്ടാം പകുതിയില്‍ ഗ്രാനഡയുടെ മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ ഒചോവ പുറത്തെടുത്ത മികവാണ് റയലിന്റെ ജയം അഞ്ച് ഗോളില്‍ ഒതുക്കിയത്. ഡാനി കര്‍വായല്‍, മാര്‍സെലോ എന്നിവരുടെ ഗോലെന്നുറച്ച ഷോട്ടുകളാണ് ഒചോവ തട്ടിയകറ്റിയത്.

ഗ്രാനഡയ്‌ക്കെതിരായ ജയത്തോടെ, തുടര്‍ച്ചയായ മുപ്പത്തൊന്‍പത് മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറിയ റയല്‍ മാഡ്രിഡിന് ബാഴ്‌സലോണയുടെ റെക്കോര്‍ഡിനൊപ്പമെത്താനും സാധിച്ചു. അടുത്ത ആഴ്ച നടക്കുന്ന കിംഗ്‌സ് കപ്പിന്റെ രണ്ടാംപാദ മത്സരത്തില്‍ സെവിയ്യയോട് തോല്‍ക്കാതിരുന്നാല്‍ ബാഴ്‌സലോണയുടെ റെക്കോര്‍ഡ് റയല്‍ മാഡ്രിഡിന് മറികടക്കാം.

ഐബറിനെതിരായ മത്സരത്തില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാനും സ്പാനിഷ് താരമായ സോള്‍ നിഗ്വെസുമാണ് അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോളുകള്‍ നേടിയത്. മൂന്ന് മാസത്തിനിടയില്‍ അന്റോണിയോ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി നേടുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. ഐബറിനെതിരായ ജയത്തോടെ മുപ്പത്തൊന്ന് പോയിന്റായ അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ നാലാമതെത്തി.

ഫ്രഞ്ച് താരമായ വിസാം ബെന്‍ യെഡറിന്റെ ഹാട്രിക് ഗോളുകളാണ് സെവിയ്യക്ക് റയല്‍ സോസിദാദിനെതിരെ മികച്ച വിജയം സമ്മാനിച്ചത്. സ്‌പെയിനിന്റെ പാബ്ലോ സരാബിയയും സെവിയ്യക്ക് വേണ്ടി വല കുലുക്കി. സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ലാസ് പാല്‍മാസ് ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പോര്‍ട്ടിംഗ് ഗിജോണിനെ തോല്‍പ്പിച്ചു.

സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് പതിനാറ് മത്സരങ്ങളില്‍ നിന്നും 40 പോയിന്റാണുള്ളത്. പതിനേഴ് കളികളില്‍ നിന്നും 36 പോയിന്റുമായി സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നാമതുള്ള ബാഴ്‌സലോണയ്ക്ക് 35 പോയിന്റാണ്. പതിനേഴ് കളികളില്‍ നിന്നും 30 പോയിന്റുള്ള വിയ്യാറയലാണ് അഞ്ചാം സ്ഥാനത്ത്.

Comments

comments

Categories: Sports