അള്‍ട്രാ എച്ച്എന്‍ഐ ക്ലബ്ബ് രൂപീകരിക്കാന്‍ ഹരീഷ് തവാനി

അള്‍ട്രാ എച്ച്എന്‍ഐ ക്ലബ്ബ് രൂപീകരിക്കാന്‍ ഹരീഷ് തവാനി

 
മുംബൈ: മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ നിംബസ് കമ്യൂണിക്കേഷന്റെ സ്ഥാപകന്‍ ഹരീഷ് താവാനി ഇന്ത്യയിലെ അള്‍ട്രാ എച്ച്എന്‍ഐകള്‍(ഹൈനെറ്റ്‌വര്‍ത്ത് ഇന്‍ഡിവിജ്വല്‍- 30 മില്ല്യണ്‍ ഡോളറിലധികം വരുമാനമുള്ള വ്യക്തികള്‍)ക്കായി ഇന്‍ഡസ് ക്ലബ്ബ് രൂപീകരിക്കാന്‍ പദ്ധതിയിടുന്നു. ബിസിനസ് സ്വീകരണ മുറി, മീറ്റിംഗ് റൂം, സ്വകാര്യ ഓഫീസ്, സിനിമ ഹാള്‍, മ്യൂസിക് ഹാള്‍, ഡൈനിംഗ് ഹാള്‍, ജിം, സ്പാ, ഇന്‍ഡോര്‍ ഗോള്‍ഫ് ടര്‍ഫ് എന്നിവ ഇന്‍ഡസ് ക്ലബ്ബ് പ്രദാനം ചെയ്യും. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് മുംബൈയില്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിക്കും.
കരിയറില്‍ മികച്ച നേട്ടം സ്വന്തമാക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ കൂട്ടായ്മ രൂപീകരിക്കാനാണ് ആഗ്രഹിക്കുന്നത്. വിപണി നിരീക്ഷകരായ ക്വാണ്ടം കണ്‍സ്യൂമര്‍ സൊലൂഷന്‍ മുഖേന അള്‍ട്രാ എച്ച്എന്‍ഐകളുടെ ആവശ്യങ്ങളെയും പ്രതീക്ഷകളെയുംപറ്റി ഗവേഷണം നടത്തിയിരുന്നുവെന്ന് തവാനി പറഞ്ഞു.
മുംബൈ ബാന്ദ്ര- കുര്‍ള കോംപ്ലെക്‌സിലെ ടവര്‍ വണ്‍ ബികെസിയിലായിരിക്കും ക്ലബ്ബ് ലോഞ്ച് ചെയ്യുക. വാണിജ്യാടിസ്ഥാനത്തിലെ ലോഞ്ചിംഗിന് മുന്‍പ് 200 അംഗങ്ങളെ ക്ലബ്ബില്‍ ഉള്‍പ്പെടുത്തും. 120 ലധികം പേര്‍ ഇതിനകം തന്നെ അംഗത്വം നേടി. 20 വര്‍ഷത്തേക്ക് 10 ലക്ഷം രൂപയാണ് അംഗത്വ നിരക്ക്. ആദ്യം അംഗത്വമെടുക്കുന്നവര്‍ 5-7.5 ലക്ഷം രൂപ വരെ നല്‍കിയാല്‍ മതിയാകും. ബാങ്കിംഗ്, മീഡിയ, സ്‌പോര്‍ട്‌സ് എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് തുടക്കത്തില്‍ ക്ലബ്ബിന്റെ ഭാഗമായത്. അംഗത്വം നേടിയ എല്ലാവരും 25 മില്ല്യണിലധികം വ്യക്തിഗത വരുമാനമുള്ളവരാണ്- അദ്ദേഹം വെളിപ്പെടുത്തി.
സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്റ്റര്‍ വി അനന്തരാമന്‍, അവെന്‍ഡസ് കാപ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്റര്‍ ഗൗരവ് ദീപക്, സോണി പിക്‌ച്ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ സിഇഒ എന്‍ പി സിംഗ്, ഇറോസ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ കിഷോര്‍ ലുല്ല, ഡിസ്‌നി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ മഹേഷ് സമത്, 9എക്‌സ് മീഡിയ മാനേജിംഗ് ഡയറക്റ്റര്‍ പ്രദീപ് ഗുഹ, ടെന്നീസ് താരം മഹേഷ് ഭൂപതി തുടങ്ങിയവര്‍ ഇന്‍ഡസ് ക്ലബ്ബില്‍ അംഗത്വം നേടിയെന്ന് റിപ്പോര്‍ട്ടുണ്ട്.
ന്യൂഡെല്‍ഹിയിലും ബെംഗളൂരുവിലും ക്ലബ്ബ് തുടങ്ങാനും നീക്കമിട്ടുവരുന്നു. കൂടാതെ അടുത്തവര്‍ഷം പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ക്ലബ്ബ് പ്രവര്‍ത്തനമാരംഭിക്കുമെന്നും തവാനി വ്യക്തമാക്കി.
ആദ്യത്തെ ഏഴു ക്ലബ്ബുകള്‍ക്കായി 300 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും. 100 കോടി രൂപ നിലവില്‍ ലഭിച്ചിട്ടുണ്ട്. മൂന്നു ക്ലബ്ബുകള്‍ക്ക് ഈ ഫണ്ട് മതിയാവും. അതിനുശേഷം ആവശ്യമെങ്കില്‍ നിക്ഷേപം തേടും. ദുബായ്, സിംഗപ്പൂര്‍, സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക് എന്നിവ പോലുള്ള വിദേശ നഗരങ്ങളിലും ക്ലബ്ബ് വിപുലീകരിക്കണമെന്ന ആഗ്രഹമുണ്ടെന്നും തവാനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding