2000ന് താഴെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

2000ന് താഴെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡെല്‍ഹി: 2000ന് താഴെ വിലയുള്ള, സാമ്പത്തിക ഇടപാടുകള്‍ക്ക് സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കണമെന്ന് ഇന്ത്യന്‍ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. കാഷ്‌ലെസ് പണമിടപാടുകള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നീക്കം. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ നിരവധി പേര്‍ക്ക് താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകാതെ കാഷ്‌ലെസ് ഇക്കോണമി എന്ന ആശയത്തിന് ഏറെ മുന്നോട്ടുപോകാനാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
അടുത്തിടെ നിതി ആയോഗിന്റെ നേതൃത്വത്തില്‍ നടന്ന ഒരു ചര്‍ച്ചയില്‍ മൈക്രോമാക്‌സ്, ഇന്റക്‌സ്, ലാവ, കാര്‍ബണ്‍ എന്നീ ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തുന്ന കമ്പനികളോട് സര്‍ക്കാര്‍ പ്രതിനിധികള്‍ കുറഞ്ഞ ചെലവിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളെ ഇക്കാര്യത്തിനായി ഇതുവരെ സമീപിച്ചിട്ടില്ല. ആപ്പിള്‍, സാംസംഗ് തുടങ്ങി വിപണിയിലെ മുന്‍നിര കമ്പനികളും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല.
ഡിജിറ്റല്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഇത്തരം ഇടപാടുകളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. പക്ഷേ വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ വേണ്ടത്ര ലഭ്യമല്ലായെന്നും ഗ്രാമീണ മേഖലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വ്യാപകല്ലായെന്നും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
20-25 മില്യണ്‍ വരെ വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ കമ്പനികളുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. എന്നാല്‍ ഇതിന് സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ലാഭകരമായി തന്നെ സ്മാര്‍ട്ട്‌ഫോണ്‍ വിപണനം നടത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലായിടത്തു നിന്നും എല്ലായ്‌പ്പോഴും ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ സാധ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന് സ്മാര്‍ട്ട് ഫോണ്‍ വ്യാപനം അനിവാര്യമാണ്. ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ഇടപാടിനായി സ്‌കാനിംഗ് സൗകര്യമുള്‍പ്പടെയുള്ള ഫോണുകള്‍ കൂടുതലായി വിപണിയിലെത്തണം.
എന്നാല്‍ സര്‍ക്കാരിന്റെ ഈ പദ്ധതി യാഥാര്‍ത്ഥ്യത്തിലാകണമെങ്കില്‍ നിരവധി കടമ്പകള്‍ മറികടക്കേണ്ടതുണ്ടെന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ വ്യക്തമാക്കുന്നത്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഹൈ ക്വാളിറ്റി പ്രോസസര്‍, മുടക്കമില്ലാത്ത കണക്റ്റിവിറ്റി എന്നീ സവിശേഷതകളെല്ലാം ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ എങ്ങനെ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനാകുമെന്നതില്‍ ഇനിയും പരീക്ഷണങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ 2500 രൂപ മുതല്‍ 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്. താങ്ങാനാകുന്ന വില എന്നതിനപ്പുറം ഉപയോഗിക്കുന്നതിലെ പരിചയക്കുറവും മറ്റ് പ്രശ്‌നങ്ങളുമെല്ലാം ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറുന്നതിന് തടസം സൃഷ്ടിക്കുന്നവയാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ ഇന്ത്യയില്‍ ഒരു ബില്യണ്‍ മൊബീല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഉള്ളതില്‍ 300 മില്യണ്‍ മാത്രമാണ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത്. ഗ്രാമീണ മേഖലയില്‍ 50 ശതമാനം മാത്രമാണ് ഇന്നും ഏതെങ്കിലും തരത്തിലുള്ള ടെലിഫോണ്‍ സംവിധാനങ്ങളുള്ളത്. എന്നാല്‍ ഡെല്‍ഹി പോലുള്ള നഗരങ്ങളില്‍ ടെലി സാന്ദ്രത 200 ശതമാനത്തില്‍ എത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ലക്ഷ്യമിടുന്ന സ്മാര്‍ട്ട് ഫോണ്‍ വ്യാപനം എന്നത് നിലവില്‍ ഈ വ്യാവസായത്തില്‍ ഒരു പാദത്തില്‍ മൊത്തമായി വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമമാണ്. ഇത്രയും ഫോണ്‍ ഉല്‍പ്പാദിപ്പിക്കുകയെന്നത് ചുരുങ്ങിയ കാലയളവിനുള്ളില്‍ സാധ്യമായ ഒന്നല്ലായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Comments

comments

Categories: Business & Economy