നായകസ്ഥാന പിന്മാറ്റം: ധോണിക്ക് ബിസിസിഐയുടെ സമ്മര്‍ദ്ദമുണ്ടായെന്ന് വെളിപ്പെടുത്തല്‍

നായകസ്ഥാന പിന്മാറ്റം:  ധോണിക്ക് ബിസിസിഐയുടെ സമ്മര്‍ദ്ദമുണ്ടായെന്ന് വെളിപ്പെടുത്തല്‍

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം അടുത്തിടെ രാജിവെച്ചത് ബിസിസിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് റിപ്പോര്‍ട്ട്. മഹേന്ദ്ര സിംഗ് ധോണി നായക സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി ടീം ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി താരത്തെ സമീപിച്ചതായാണ് അറിയുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍, പുതിയ സെലക്ഷന്‍ കമ്മിറ്റിയെ രൂപീകരിച്ചതുമുതല്‍ തന്നെ എംഎസ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കുന്നതിനുള്ള കരുനീക്കം ബിസിസിഐ തുടങ്ങിയതായാണ് സൂചന. 2019ല്‍ നടക്കാനിരിക്കുന്ന ലോകകപ്പിലേക്ക് യുവനിരയുടെ സാന്നിധ്യത്തോടുകൂടിയ ടീം ഇന്ത്യയെ നിശ്ചയിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

2019 ലോകകപ്പ് ആകുമ്പോഴേക്കും എംഎസ് ധോണിക്ക് 39 വയസാകും എന്നതിനാല്‍ പുതിയ ക്യാപ്റ്റനെയാണ് ടീം ഇന്ത്യയ്ക്ക് ആവശ്യം എന്നതായിരുന്നു ബിസിസിഐയുടെ വിലയിരുത്തല്‍. ഇക്കാരണത്താല്‍ ധോണിയെ ബോധവത്കരിച്ച് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പിന്മാറുന്നതിന് പ്രേരിപ്പിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ എംഎസ്‌കെ പ്രസാദിനെ ബിസിസിഐ ചുമതലപ്പെടുത്തുകയും ചെയ്തു.

ഇതിനെത്തുടര്‍ന്ന്, നാഗ്പൂരില്‍ ഝാര്‍ഖണ്ഡും ഗുജറാത്തും തമ്മില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനല്‍ മത്സരം നടക്കുന്നതിനിടെ എംഎസ്‌കെ പ്രസാദ് ധോണിയുമായി അനൗപചാരികമായ ചര്‍ച്ച നടത്തിയെന്നാണറിവ്. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പായി ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതെന്നാണ് കരുതുന്നത്.

മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന ബിസിസിഐയുടെ പ്രഖ്യാപനത്തിന് ശേഷം താരത്തിന്റെ തീരുമാനത്തെ ആദ്യം പ്രശംസിച്ചതും എംഎസ്‌കെ പ്രസാദായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നായകനായി കഴിവ് തെളിയിച്ച വിരാട് കോഹ്‌ലിയെ എംഎസ്‌കെ പ്രസാദ് അന്ന് വളരെയധികം പ്രശംസിക്കുകയും ചെയ്തിരുന്നു.

അതേസമയം, മഹേന്ദ്ര സിംഗ് ധോണി ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത് ബിസിസിഐയുടെ സമ്മര്‍ദ്ദം കാരണമാണെന്ന് അറിയിച്ച് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മയും രംഗത്തെത്തി. ഒരുകാരണവശാലും, മഹേന്ദ്ര സിംഗ് ധോണി സ്വന്തമായെടുത്ത തീരുമാനമായിരുന്നില്ല ഇതെന്നാണ് ആദിത്യ വര്‍മ വെളിപ്പെടുത്തിയത്.

ഝാര്‍ഖണ്ഡും ഗുജറാത്തും തമ്മില്‍ നടന്ന രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ ബിസിസിഐ ജോയിന്റ് സെക്രട്ടറിയായ അമിതാഭ് ചൗധരി ധോണിയോട് ഭാവി പദ്ധതികള്‍ എന്താണെന്ന് ആരാഞ്ഞിരുന്നുവെന്നും തുടര്‍ന്ന് അദ്ദേഹം എംഎസ്‌കെ പ്രസാദിനെ ഫോണില്‍ ബന്ധപ്പെട്ട് താരത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് പറഞ്ഞുവെന്നും ആദിത്യ വര്‍മ വ്യക്തമാക്കി.

മഹേന്ദ്ര സിംഗ് ധോണി മുഖ്യ ഉപദേശകനായ ഝാര്‍ഖണ്ഡ് ടീം സെമി ഫൈനലില്‍ പരാജയപ്പെട്ടതാണ് അമിതാഭ് ചൗധരിയെ ചൊടിപ്പിച്ചതെന്നും ആദിത്യ വര്‍മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ആദിത്യ വര്‍മയുടെ ആരോപണത്തോട് ജനുവരി രണ്ടാം തിയതി വരെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായിരുന്ന അമിതാഭ് ചൗധരിയും കഴിഞ്ഞ നാലിന് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച ധോണിയും പ്രതികരിച്ചിട്ടില്ല.

അതേസമയം, ടീം ഇന്ത്യയുടെ നായകസ്ഥാനം ഒഴിയാന്‍ ധോണിയോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചീഫ് സെലക്ടറായ എംഎസ്‌കെ പ്രസാദ് അറിയിച്ചു. മഹേന്ദ്ര സിംഗ് ധോണിക്ക് മേല്‍ വിരമിക്കല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഗുജറാത്തും ഝാര്‍ഖണ്ഡും തമ്മില്‍ നടന്ന രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ നായകസ്ഥാനം ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം സ്വമേധയാ തന്നെ അറിയിക്കുകയായിരുന്നുവെന്നും എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

Comments

comments

Categories: Slider, Sports