ബിഹാറിലും ഝാര്‍ഖണ്ഡിലും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ബിഹാറിലും ഝാര്‍ഖണ്ഡിലും  വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

 

കൊല്‍ക്കത്ത: അടുത്ത മൂന്ന് ദിവസത്തേക്ക് വിതരണം പൂര്‍ണതോതില്‍ മുടങ്ങുന്നതിനാല്‍ ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രാജ്മഹല്‍ ഖനിയപകടത്തിന് ശേഷം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ കല്‍ക്കരി ലഭിക്കാത്തതിനാലാണ് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവയ്ക്ക് ആവശ്യമായ 2,100 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്നത് എന്‍ടിപിസിയുടെ കഹാല്‍ഗോണ്‍ താപ വൈദ്യുത നിലയമാണ്. ഇവിടേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കല്‍ക്കരി ലഭ്യമാക്കുന്നത് കോള്‍ ഇന്ത്യക്ക് കീഴിലെ രാജ്മഹല്‍ ഖനിയില്‍ നിന്നും. ഡിസംബര്‍ 29ന് നിരവധിപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം ഖനിയില്‍ നിന്നുള്ള കല്‍ക്കരി വിതരണം മുടങ്ങിക്കിടക്കുകയാണ്. വൈദ്യുതി നിലയത്തില്‍ മുന്‍കൂട്ടി ശേഖരിച്ചുവെച്ച കല്‍ക്കരിയും തീരാറായ അവസ്ഥയിലെത്തിക്കഴിഞ്ഞു. ഒരു പ്ലാന്റിന്റെ 500 മെഗാവാട്ട് ശേഷിയുള്ള യൂണിറ്റ് എന്‍ടിപിസി ഇതിനോടകം തന്നെ അടച്ചുപൂട്ടുകയും ചെയ്തു. സാധാരണ ദിവസങ്ങളില്‍ 40 മുതല്‍ 50 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയായിരുന്നു രാജ്മഹലില്‍ നിന്ന് ഫരാക്ക, കാഹല്‍ഗോണ്‍ എന്നീ വൈദ്യുത നിലയങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍, 29ലെ അപകടശേഷം ഇത് പൂര്‍ണതോതില്‍ തടസപ്പെട്ടിരിക്കുകയാണ്-ഒരു മുതിര്‍ന്ന എന്‍ടിപിസി ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ കല്‍ക്കരി ലഭ്യമായി തുടങ്ങിയില്ലെങ്കില്‍ വൈദ്യുത നിലയത്തിന്റെ എല്ലാ യൂണിറ്റുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, രാജ്മഹല്‍ ഖനിയില്‍ എട്ട് ലക്ഷം ടണ്‍ കല്‍ക്കരി ശേഖരം ഉള്ളതായി മറ്റൊരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ കല്‍ക്കരി വൈദ്യുത നിലയങ്ങളിലേക്ക് മാറ്റുന്നതിന് ഡയറക്റ്റര്‍ ജനറല്‍ ഓഫ് മൈന്‍സിന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഫക്കാറ, കഹാല്‍ഗോണ്‍ എന്നിവിടങ്ങളില്‍ എത്രയും വേഗം കല്‍ക്കരി ലഭ്യമാക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy