പാകിസ്ഥാനോടുള്ള യുഎസിന്റെ സമീപനം: ഇന്ത്യയുടെ ലോബിയിംഗ് ഫലപ്രദമാകുമോ ?

പാകിസ്ഥാനോടുള്ള യുഎസിന്റെ സമീപനം: ഇന്ത്യയുടെ ലോബിയിംഗ് ഫലപ്രദമാകുമോ ?

ഇന്ത്യ-പാക് ബന്ധം സംഘര്‍ഷാവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെയാണ് അമേരിക്കയില്‍ ഭരണമാറ്റം നടക്കുന്നത്. ഒന്നര പതിറ്റാണ്ട് മുന്‍പു ബില്‍ ക്ലിന്റന്‍ യുഎസ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് ഇന്ത്യയുമായുള്ള യുഎസിന്റെ സൗഹൃദത്തില്‍ ഊഷ്മളത പ്രകടമായി തുടങ്ങിയത്. പിന്നീട് ബുഷ് ഭരണകൂടം ആ സൗഹൃദം നിലനിര്‍ത്തി. ഒബാമയെത്തിയപ്പോള്‍ സൗഹൃദം കൂടുതല്‍ ദൃഢപ്പെട്ടു. ഇപ്പോള്‍ ട്രംപ് ഭരണകൂടം ചുമതലയേല്‍ക്കാനൊരുങ്ങുമ്പോള്‍, ഇന്ത്യയ്ക്ക് പ്രതീക്ഷ വാനോളമുണ്ട്; പടിഞ്ഞാറന്‍ അയല്‍രാജ്യമായ പാകിസ്ഥാന്‍, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുമായി മുന്നേറുമ്പോള്‍, അതിനെതിരേ പോരാടുന്ന ഇന്ത്യയുടെ നീക്കത്തിനു ശക്തി പകരാന്‍ ട്രംപ് ഭരണകൂടം ഒപ്പുമുണ്ടാകുമെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു.

ജനുവരി 20ന് അമേരിക്കയുടെ 45-ാം പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുമ്പോള്‍, പാകിസ്ഥാനോടുള്ള യുഎസിന്റെ നയ രൂപീകരണത്തില്‍ ഇന്ത്യയ്ക്ക് എത്രത്തോളം സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഒബാമയുടെ കാലഘട്ടത്തില്‍ വിപുലമായിരുന്നു യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തം. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടു. എങ്കിലും പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്, ഇന്ത്യാ വിരുദ്ധതയില്‍ അടിസ്ഥാനമാക്കിയ, തീവ്രവാദത്തെ നിയന്ത്രിക്കാന്‍ വാഷിംഗ്ടണിനു സാധിച്ചില്ലെന്ന പരാതി ന്യൂഡല്‍ഹിക്കുണ്ട്. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെയും താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂറിനെയും പാകിസ്ഥാന്റെ അതിര്‍ത്തിയില്‍ വച്ച് അമേരിക്ക കമാന്‍ഡോ ഓപ്പറേഷനിലൂടെ വകവരുത്തിയിരുന്നു എന്ന യാഥാര്‍ഥ്യം നില്‍നില്‍ക്കവേയാണിത്.
ബിന്‍ ലാദനും അക്തര്‍ മന്‍സൂറിനും അഭയകേന്ദ്രം ഒരുക്കിയതിലൂടെ തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണാണു പാകിസ്ഥാന്‍ എന്നു തെളിയിച്ചു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണു പാകിസ്ഥാനെന്ന ഇന്ത്യയുടെ വാദത്തിന് എന്നിട്ടും അര്‍ഹമായ പ്രാധാന്യം യുഎസ് കല്പിച്ചു നല്‍കിയില്ലെന്നതും നിരാശപ്പെടുത്തുന്ന കാര്യം തന്നെ.
സമീപകാലത്തു പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുകയുണ്ടായി. 2016 ജനുവരിയില്‍ പഠാന്‍കോട്ടിലും, സെപ്റ്റംബറില്‍ ഉറിയിലുമുണ്ടായ ആക്രമണം പാകിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ നേതൃത്വം കൊടുത്തവയായിരുന്നു. ഇതു വ്യക്തമാക്കുന്ന തെളിവ് സമര്‍പ്പിച്ചെങ്കിലും പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നു. ഇതോടെ ഇന്ത്യ-പാക് ബന്ധത്തില്‍ അകല്‍ച്ച വര്‍ധിച്ചു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ട്രംപ് യുഎസിന്റെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. യുഎസിന്റെ പാകിസ്ഥാനോടുള്ള നയ രൂപീകരണത്തില്‍, ഇന്ത്യയ്ക്കു തീര്‍ച്ചയായും പ്രാധാന്യമേറിയ പങ്ക് വഹിക്കാനുണ്ടാവും. യുഎസിന്റെയും ഇന്ത്യയുടെയും ദേശീയ സുരക്ഷാ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണ തോത് അനുസരിച്ചായിരിക്കും ഇതെന്നു മാത്രം.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും, യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നുമാണ്. അജിത് ദോവല്‍ ഇന്ത്യയുടെ ഇന്റലിജന്‍സ് രംഗത്ത് പ്രവര്‍ത്തിച്ച് മിടുക്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്. തീവ്രവാദികളെ നേരിടുന്ന doval doctrine of defensive offense ഇസ്ലാമാബാദിനെ ഇന്നും ഭയപ്പെടുത്തുന്ന കാര്യമാണ്. പാകിസ്ഥാനില്‍ ഇന്ത്യയുടെ ചാരനായി ഏഴ് വര്‍ഷക്കാലം പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട് ദോവലിന്. പാകിസ്ഥാനില്‍നിന്നും നേരിടുന്ന തീവ്രവാദ ഭീഷണികളെ ഫലപ്രദമായി ചെറുക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചത് ദോവലിന്റെ മിടുക്കിലൂടെയായിരുന്നു. ഈയൊരു പ്രത്യേകതയാണു ദോവലിനെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവെന്ന സ്ഥാനത്തേയ്ക്ക് പ്രതിഷ്ഠിക്കാനും കാരണമായത്.
മറുവശത്തു യുഎസ് സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നാവട്ടെ, പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന non-state actors ( അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന. ഏതെങ്കിലുമൊരു രാജ്യത്തോടോ, സ്ഥാപനത്തോടോ ഇവര്‍ അനുഭാവം പുലര്‍ത്താറില്ല. ഏറ്റെടുക്കുന്ന ദൗത്യം സാക്ഷാത്കരിക്കാന്‍ ഇവര്‍ ചെലുത്തുന്ന രാഷ്ട്രീയ സ്വാധീനം നിസാരമായിരിക്കില്ല.) നെക്കുറിച്ചു നല്ല പോലെ മനസിലാക്കിയിട്ടുള്ള വ്യക്തിയാണ്. അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്തുന്ന നീക്കം നടത്തുന്നത് പാക് കേന്ദ്രീകരിച്ച non-state actors ആണെന്നു ഫ്‌ളിന്‍ 2009ല്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഫ്‌ളിന്നിന്റെ കണ്ടെത്തല്‍ പിന്നീട് യുഎസ് ഭരണകൂടം തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.
2009-10 കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാനില്‍ operation enduring freedom എന്ന ദൗത്യത്തില്‍ ഡയറക്ടര്‍ ഓഫ് ഇന്റലിജന്‍സ് ഇന്‍ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സ് എന്ന പദവി വഹിച്ചിട്ടുണ്ട്. പിന്നീട് യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ ഡയറക്ടര്‍ സ്ഥാനത്തും സേവനമനുഷ്ഠിച്ചു.
പക്ഷേ ഫ്‌ളിന്നിനു കളങ്കമേല്‍പ്പിച്ച ചില സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സേനയ്ക്കു നേരേ ആക്രമണം നടത്തുന്ന ഹഖാനി ശൃംഖലയെ നിരീക്ഷിക്കാനുള്ള യുഎസ് ഇന്റലിജന്‍സിന്റെ കാര്യക്ഷമത ഉള്‍പ്പെടുന്ന അതീവ രഹസ്യസ്വഭാവമുള്ള വിവരം ഫ്‌ളിന്‍, പാകിസ്ഥാനു മുന്‍പാകെ വെളിപ്പെടുത്തിയിരുന്നു എന്നതായിരുന്നു അത്. 2009-10 കാലഘട്ടത്തിലായിരുന്നു ഇത്തരത്തില്‍ ഫ്‌ളിന്നിനെതിരേ ആരോപണം ഉയര്‍ന്നത്.
ഒരിക്കല്‍ അല്‍-ജസീറ മാധ്യമത്തില്‍ ഫ്‌ളിന്നും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ തലവനുമൊത്തു പങ്കെടുത്ത ചര്‍ച്ചയ്ക്കിടെ, ഫ്‌ളിന്‍ ഐഎസ്‌ഐയെ കുറ്റപ്പെടുത്തിയിരുന്നു. ഒരു വശത്ത് ഐഎസ്‌ഐ ഡബിള്‍ ഗെയിം കളിക്കുകയാണെന്നും മറുവശത്ത് അവര്‍ യുഎസിനെ സഹായിക്കുകയാണെന്നും വരുത്തിത്തീര്‍ക്കുകയാണെന്നു ഫ്‌ളിന്‍ മാധ്യമ ചര്‍ച്ചയില്‍ പറയുകയുണ്ടായി. പാകിസ്ഥാന്‍ സ്വാര്‍ഥയുള്ള രാജ്യമാണെന്നും പാകിസ്ഥാന്റെയും യുഎസിന്റെയും ദേശീയ സുരക്ഷാ നയങ്ങള്‍ തമ്മില്‍ ഒരിക്കലും ഒത്തുചേര്‍ന്നിരുന്നില്ലെന്നും അദ്ദേഹം ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. ദി ഫീല്‍ഡ് ഓഫ് ഫൈറ്റ് (the field of fight) എന്ന ഫ്‌ളിന്നിന്റെ പുസ്തകത്തിലും അദ്ദേഹം പാകിസ്ഥാനെതിരേ രൂക്ഷ വിമര്‍ശനം നടത്തുന്നുണ്ട്. ഇതെല്ലാം ഇന്ത്യയുടെ കാതുകള്‍ക്കു ഇമ്പമേറിയ സംഗീതം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഇപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. ഇത്തരം അനുകൂല സാഹചര്യം ഇന്ത്യയ്ക്കു മുതലെടുക്കാന്‍ സാധിക്കുമോ എന്നതാണ്. നയതന്ത്ര തലത്തിലൂടെയല്ലെങ്കിലും ഇന്റലിജന്‍സ്, covert (രഹസ്യ) നയത്തിലൂടെ പാകിസ്ഥാന്‍ നടത്തുന്ന നിഴല്‍യുദ്ധത്തിനു അറുതി വരുത്താന്‍ ഇന്ത്യയ്ക്കു സാധിക്കണം. ദോവല്‍ ഇക്കാര്യത്തില്‍ വൈദഗ്ധ്യം പുലര്‍ത്തിയ വ്യക്തി കൂടിയാണെന്നത് ഓര്‍ക്കേണ്ടതുണ്ട്.കഴിഞ്ഞ മാസം 19നു ഫ്‌ളിന്‍, യുഎസിലേക്ക് പറന്നതും, ഫ്‌ളിന്നുമായി കൂടിക്കാഴ്ച നടത്തിയതും ഈ പശ്ചാത്തലത്തിലാണെന്നതു ശ്രദ്ധാര്‍ഹമാണ്. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും പാകിസ്ഥാന്‍ തന്നെയായിരുന്നു ഇരുവരുടെയും ചര്‍ച്ചയിലെ മുഖ്യ വിഷയമെന്നാണു സൂചന.

Comments

comments

Categories: Trending