വിദേശ സര്‍വീസ് നിശ്ചയിച്ചതിലും നേരത്തെ തുടങ്ങാന്‍ വിസ്താര

വിദേശ സര്‍വീസ് നിശ്ചയിച്ചതിലും നേരത്തെ തുടങ്ങാന്‍ വിസ്താര

 

ന്യൂഡെല്‍ഹി: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ടാറ്റ സണ്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെ വിദേശ വിമാന സര്‍വീസുകള്‍ തുടങ്ങിയേക്കും. 2018 ജൂണില്‍ വിദേശ സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
നേരത്തെ പ്രഖ്യാപിച്ച സമയത്തിന് മുന്‍പ് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് വിസ്താര എയര്‍ലൈന്‍സ് സിഇഒ ഹീ തെയ്ക് യോ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു. വിമാന സര്‍വീസ് വിപുലീകരിക്കണമെന്ന് കമ്പനിയുടെ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പദ്ധതിക്ക് ബോര്‍ഡിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പ്രൊമോട്ടര്‍മാരുടെ പക്കല്‍ നിന്ന് കമ്പനി നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് യോ അറിയിച്ചു.
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വിദേശ സര്‍വീസ് ആരംഭിക്കണമെങ്കില്‍ ആഭ്യന്തര വ്യോമയാന രംഗത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കണമെന്ന 12 വര്‍ഷം പഴക്കമുള്ള നിയമത്തിന് കഴിഞ്ഞ ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ അയവുവരുത്തിയിരുന്നു. ഇതൊരു മികച്ച സൂചനയാണ്. അതിനാലാണ് അന്താരാഷ്ട്ര സര്‍വീസ് തുടങ്ങാന്‍ തയാറെടുക്കുന്നത്. കമ്പനിയുടെ പതിനാലാമത്തെ വിമാനമായ എയര്‍ബസ് 320 നിയോ (ന്യൂ എന്‍ജിന്‍ ഓപ്ഷന്‍) ഏപ്രിലില്‍ ഇന്റീരിയറില്‍ മാറ്റംവരുത്തിയാകും സര്‍വീസ് നടത്തുക. യാത്രക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളും ഡാറ്റയും അടിസ്ഥാനമാക്കിയാണ് ഇന്റീരിയറില്‍ മാറ്റം വരുത്തുകയെന്നും യോ വെളിപ്പെടുത്തി.

Comments

comments

Categories: Branding