റഷ്യയുമായുള്ള ബന്ധം മോശമായി കരുതുന്നത് വിഡ്ഢികള്‍: ട്രംപ്

റഷ്യയുമായുള്ള ബന്ധം മോശമായി കരുതുന്നത് വിഡ്ഢികള്‍: ട്രംപ്

 
വാഷിംഗ്ടണ്‍: അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനുറച്ചുതന്നെയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായി നല്ല ബന്ധം നിലനിര്‍ത്തുന്നത് മോശമായി കരുതുന്നത് വിഡ്ഢികള്‍ മാത്രമാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെതിരെ യുഎസ് തിരിച്ചടിക്കണമെന്ന മുറവിളി ശക്തമാകുന്നതിനിടെയാണ് ട്രംപ് തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ വ്യക്തമാണെന്ന് നേരത്തെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരം യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യയില്‍ നിന്നുള്ള ഇടപെടലുണ്ടായെന്ന് രഹസ്യാന്വേഷണ ഏജന്‍സി മേധാവികള്‍ അറിയിച്ചതിന്റെ പിറ്റേദിവസമാണ് ട്രംപ് ട്വിറ്ററിലൂടെ പുതിയ പരാമര്‍ശം നടത്തിയത്.
റഷ്യയുമായി നല്ല ബന്ധം ഉണ്ടാവുകയെന്നത് മോശമല്ല, നല്ല കാര്യം തന്നെയാണ്. വിവേകശൂന്യരും വിഡ്ഢികളും മാത്രമാണ് ഇതൊരു മോശം കാര്യമാണെന്ന് കരുതുന്നത്. ഇതല്ലാതെ ലോകത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. താന്‍ പ്രസിഡന്റായാല്‍ ഇപ്പോഴത്തേക്കാള്‍ കൂടുതല്‍ പരിഗണന റഷ്യ അമേരിക്കയ്ക്ക് തരുമെന്നും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റുകളിലൂടെ വ്യക്തമാക്കുന്നു. 19 മില്യണ്‍ പേരാണ് ട്രംപിനെ ട്വിറ്ററില്‍ പിന്തുടരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ട്രംപിനെ സന്ദര്‍ശിച്ച ഉന്നത യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈബര്‍-ഡിസ്ഇന്‍ഫര്‍മേഷന്‍ ആക്രമണങ്ങള്‍ നടത്താന്‍ പുടിന്‍ വ്യക്തിപരമായി നിര്‍ദേശം നല്‍കിയത് സംബന്ധിച്ച തെളിവുകള്‍ നിരത്തിയിരുന്നു. ഹിലരി ക്ലിന്റണേക്കാള്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകണമെന്ന് പുടിന് വ്യക്തമായ മുന്‍ഗണന ഉണ്ടായിരുന്നെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. പുടിനും റഷ്യന്‍ സര്‍ക്കാരും ട്രംപിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ വര്‍ധിപ്പിക്കുന്നതിന് ആഗ്രഹിച്ചതായും ഹിലരിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് ശ്രമിച്ചതായും മേധാവികള്‍ പറഞ്ഞു.
അമേരിക്കയുടെ മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ്. എന്നാല്‍ റഷ്യന്‍ ഇടപെടല്‍ നടന്നു എന്ന കാര്യത്തില്‍ സിഐഎയും എഫ്ബിഐയും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി മിതത്വം പാലിക്കുകയാണ്. അമേരിക്കക്കെതിരെ പുടിന്റെ റഷ്യ നടത്തിയ ഈ ഇടപെടല്‍ ഭാവിയില്‍ ലോകത്താകെ ഇത്തരത്തില്‍ ഇടപെടുന്നതിന്, പ്രത്യേകിച്ച് അമേരിക്കയുടെ സഖ്യകക്ഷി രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതിന് റഷ്യയെ പ്രേരിപ്പിക്കുമോയെന്ന് ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് വാഷിംഗ്ടണിലെ റഷ്യന്‍ എംബസി പ്രതികരിച്ചില്ല. റഷ്യക്കെതിരായ ആരോപണങ്ങള്‍ വെറും അനുമാനങ്ങള്‍ മാത്രമാണെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം അലെക്‌സി പുഷ്‌കോവ് പറഞ്ഞു. മാത്രമല്ല, 2000ല്‍ സദ്ദാം ഹുസൈന്റെ ഇറാഖില്‍ വിനാശകരമായ ആധുധങ്ങളുണ്ടെന്ന് യുഎസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതിന് സമാനമാണ് ഇതെന്നും അലക്‌സി പുഷ്‌കോവ് പരിഹസിച്ചു.

Comments

comments

Categories: Slider, Top Stories