സയ്ക്ക് മോട്ടോഴ്‌സ് ജിഎമ്മിന്റെ ഗുജറാത്ത് പ്ലാന്റ് വാങ്ങിയേക്കും

സയ്ക്ക് മോട്ടോഴ്‌സ് ജിഎമ്മിന്റെ ഗുജറാത്ത് പ്ലാന്റ് വാങ്ങിയേക്കും

 

ന്യൂഡെല്‍ഹി: ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ (സയ്ക്ക്) ഇന്ത്യന്‍ വിപണിയിലേക്കുള്ള കടന്നു വരവ് ഏകദേശം ഉറപ്പാകുന്നു. ഇന്ത്യന്‍ വാഹന വിപണിയില്‍ തിരിച്ചടി നേരിടുന്ന അമേരിക്കന്‍ കമ്പനി ജനറല്‍ മോട്ടോഴ്‌സിന്റെ ഗുജറാത്തിലുള്ള നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കുന്നതിനാണ് സയ്ക്ക് ഒരുങ്ങുന്നത്.
ഇടാപാടുമായി ബന്ധപ്പെട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പുതിയ വാര്‍ത്തകള്‍ വന്നത്. ഗുജറാത്തിലുള്ള ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റ് ഏറ്റെടുക്കലുമായി സയ്ക്ക് മോട്ടോഴ്‌സ് നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസമാണ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരാറില്‍ തീരുമാനമായതെന്ന് സയ്ക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി.
കരാറിന്റെ ഭാഗമായി സയ്ക്ക് മോട്ടോഴ്‌സിന്റെ 9.2 ശതമാനം ഓഹരിയില്‍ സയ്ക്ക്-ജനറല്‍ മോട്ടോഴ്‌സ് നിക്ഷേപമായിരിക്കും. 2009ല്‍ ചൈനീസ് കമ്പനിയുമായുണ്ടാക്കിയ സംയുക്ത പങ്കാളിത്ത കരാര്‍ അടിസ്ഥാനത്തിലാണിത്. ഇന്ത്യയടക്കമുള്ള വികസ്വര വിപണികളിലേക്ക് വിപണി വ്യാപിപ്പിക്കുന്നതിനാണ് സംയുക്ത പങ്കാളിത്തത്തില്‍ ഇരു കമ്പനികളും എത്തിയിരുന്നത്. കരാറിനെ തുടര്‍ന്ന് 2010ല്‍ ജിഎമ്മുമായി ചേര്‍ന്ന് സയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ അഞ്ച് ചൈനീസ് നിര്‍മിക കാറുകള്‍ എത്തിക്കാമെന്ന് പദ്ധതിയിട്ടിരുന്നു. ചെറുകാര്‍, സെഡാന്‍, ലൈറ്റ് ട്രക്ക് എന്നിവയുള്‍പ്പെടുന്ന വാഹനങ്ങളായിരുന്നു കമ്പനി എത്തിക്കാന്‍ കരുതിയിരുന്നത്. എന്നാല്‍ പ്രാഥമിക ലോഞ്ചിംഗ് തന്നെ പാളിയതോടെ ഇരു കമ്പനികളും പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഗുജറാത്തിലുള്ള ഹലോള്‍ പ്ലാന്റ് സയ്ക്ക് മോട്ടോഴ്‌സ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗണിക്കുന്നുണ്ട്. ഇതിനായുള്ള അനുമതിക്കാണ് ഇരു കമ്പനികളും ശ്രമിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സ് റോയിട്ടേഴ്‌സിന് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കി.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ പ്ലാന്റ് വാങ്ങുന്നതുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ഇന്ത്യയില്‍ ഏത് മോഡല്‍ കാറുകള്‍ പുറത്തിറക്കുമെന്ന് പരിശോധിക്കുകയാണ് സയ്ക്ക് എന്നുമാണ് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ വിപണിക്കുള്ള വാഹനങ്ങള്‍ ഇവിടെ പ്രാദേശികമായി നിര്‍മിക്കാനാണ് സയ്ക്ക് മോട്ടോഴ്‌സ് ഒരുങ്ങുന്നത്. മാക്‌സസ്, എംജി, റോവെ, യൂജിന്‍ എന്നീ മോഡലുകളാകും കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുക. ലോകത്തിലെ ഏറ്റവും വളര്‍ച്ച കൈവരിക്കുന്ന വാഹന വിപണിയില്‍ ഒന്നായ ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പാക്കി കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള പദ്ധതിയാണ് സയ്ക്ക് ഒരുക്കിയിരിക്കുന്ന്ത.
മഹാരാഷ്ട്ര പൂനെയ്ക്കടുത്തുള്ള ടലെഗോണ്‍, ഗുജറാത്തിലുള്ള ഹലോള്‍ എന്നീ പ്ലാന്റുകളാണ് ജനറല്‍ മോട്ടോഴ്‌സിന് ഇന്ത്യയിലുള്ളത്. 2016 മധ്യത്തോടെ ഇതില്‍ ഒരു പ്ലാന്റിലുള്ള പ്രവര്‍ത്തനം നിര്‍ത്തുമെന്ന് 2015ല്‍ ജിഎം പ്രഖ്യാപിച്ചിരുന്നു. ഹലോള്‍ പ്ലാന്റില്‍ വര്‍ഷം 110,000 യൂണിറ്റ് നിര്‍മിക്കാനുള്ള സൗകര്യവും ടലെഗോണ്‍ പ്ലാന്റില്‍ വര്‍ഷം 170,000 യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള സൗകര്യവുമുണ്ട്.
ജനറല്‍ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍, ഫോര്‍ഡ് മോട്ടോഴ്‌സ് തുടങ്ങിയ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വാഹന വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2020 ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയില്‍ സാധ്യത കൂടുതലാണെങ്കിലും കമ്പനികള്‍ക്ക് വില്‍പ്പനയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ല.
ജനറല്‍ മോട്ടോഴ്‌സിന് ഇന്ത്യയിലേക്കുണ്ടായിരുന്ന ഒരു ബില്ല്യന്‍ നിക്ഷേപ പദ്ധതി കമ്പനി പുനാരാലോചിക്കുകയാണ്. ഇതിന് പകരം പുതിയ കാര്‍പ്ലാറ്റ്‌ഫോം ഇന്ത്യയിലെത്തിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

Comments

comments

Categories: Auto