പേഴ്‌സണല്‍ കംപ്യൂട്ടിംഗിനെ പുനര്‍നിര്‍മിക്കാനുള്ള ശ്രമം മൈക്രോസോഫ്റ്റ് ഊര്‍ജിതമാക്കുന്നു

പേഴ്‌സണല്‍ കംപ്യൂട്ടിംഗിനെ പുനര്‍നിര്‍മിക്കാനുള്ള ശ്രമം മൈക്രോസോഫ്റ്റ് ഊര്‍ജിതമാക്കുന്നു

 

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് പേഴ്‌സണല്‍ കംപ്യൂട്ടിംഗ് സംവിധാനങ്ങളെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നു. മിക്‌സഡ് റിയാലിറ്റി സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെല്ലാം മാറ്റിമറിച്ച് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ലോകങ്ങളെ കൂടുതല്‍ വിളക്കിച്ചേര്‍ക്കാനാണ് ശ്രമം. ഇതിലൂടെ നമ്മുടെ വീട്ടു മുറികളും കമ്പനികളുമെല്ലാം കൂടുതല്‍ സ്മാര്‍ട്ടാക്കി മാറ്റാമെന്ന് മൈക്രോസോഫ്റ്റ് കണക്കുകൂട്ടുന്നു.
നെക്സ്റ്റ് ജനറേഷന്‍ പിസി ഡിവൈസുകള്‍ വികസിപ്പിക്കുകയെന്ന ദൗത്യം സംബന്ധിച്ച് കഴിഞ്ഞ മാസം എട്ടാം തീയതി മൈക്രോസോഫ്റ്റ് തങ്ങളുടെ പാര്‍ട്ണര്‍മാരുമായും ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയര്‍മാരുമായും ചര്‍ച്ച നടത്തിയിരുന്നു. ചൈനയില്‍ വച്ചു നടന്ന വിന്‍ഡോസ് ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ് കമ്യൂണിറ്റി ഇവന്റിനിടെ ആയിരുന്നു ചര്‍ച്ച. മിക്‌സഡ് റിയാലിറ്റി ആന്‍ഡ് ഗെയിമിംഗ് സംവിധാനത്തോടുകൂടി എല്ലായ്‌പ്പോഴും കണക്റ്റഡ് ആയിരിക്കാന്‍ സഹായിക്കുന്ന പിസി ആണ് മൈക്രോസോഫ്റ്റ് പുറത്തിറക്കാന്‍ ആലോചിക്കുന്നത്. കൂടുതല്‍ പവര്‍ എഫിഷ്യന്റായ ഈ കംപ്യൂട്ടറുകള്‍ വിന്‍ഡോസ് 10ലായിരിക്കും അവതരിപ്പിക്കുക.
പുതിയ പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ നിര്‍മിക്കുന്നതിനു വേണ്ടി ഇന്റല്‍ ഇന്ത്യയുമായി സഹകരിക്കുന്നതായി നേരത്തെ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ആന്‍ഡ് കോര്‍ടാന, മികസഡ് റിയാലിറ്റി ആന്‍ഡ് ഗെയിമിംഗ്, അഡ്വാന്‍സ്ഡ് സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ സംവിധാനങ്ങളെ പിസി ഡിവൈസിനു വേണ്ടി വിന്‍ഡോസ് 10ല്‍ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സഹകരണമെന്ന് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മിയേര്‍സണ്‍ വ്യക്തമാക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ ഒരു വിന്‍ഡോസ് ഒഎസും ഇന്റല്‍ മൈക്രോപ്രോസസറും ബന്ധിപ്പിക്കുന്നതിനു രൂപപ്പെടുത്തിയ ‘വിന്റല്‍’ കരാറിന്റെ തുടര്‍ച്ചയാണ് ഈ സഹകരണം. മൊബീല്‍ കംപ്യൂട്ടിംഗ് ഡിവൈസുകളില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നതിന് ക്വാല്‍ക്കം ടെക്‌നോളജീസ് ഇന്‍കുമായും മൈക്രോസോഫ്റ്റ് സഹകരിച്ചിരുന്നു. ഇത്തരത്തിലുള്ള മൊബീല്‍ കംപ്യൂട്ടിംഗ് ഡിവൈസുകള്‍ അടുത്ത വര്‍ഷാരംഭത്തോടെ പുറത്തിറക്കിയേക്കും.

മൈക്രോസോഫ്റ്റിന്റെ 85 ബില്യണ്‍ ഡോളര്‍ വരുമാനത്തില്‍ ഏകദേശം പകുതിയോളം പങ്കുവഹിക്കുന്നത് പേഴ്‌സണല്‍ കംപ്യൂട്ടര്‍ വിഭാഗമാണെന്നതാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കും കരാറുകള്‍ക്കും കമ്പനിയെ പ്രേരിപ്പിക്കുന്നത്. 2016ന്റെ മൂന്നാം പാദത്തില്‍ ലോകവ്യാപകമായി 68.9 മില്യണ്‍ യൂണിറ്റ് പേഴ്‌സണല്‍ കംപ്യൂട്ടറുകളാണ് മൈക്രോസോഫ്റ്റ് കയറ്റി അയച്ചിട്ടുള്ളത്. 2015നെ അപേക്ഷിച്ച് ഇത് താരതമ്യേന കുറവായിരുന്നു. ഗാര്‍ട്‌നര്‍ ഇന്‍ക് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2015ല്‍ നിന്നും 2016ല്‍ എത്തിയപ്പോഴേക്കും കമ്പനിയുടെ പിസി കയറ്റുമതിയില്‍ 5.7 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി എട്ട് പാദങ്ങളിലാണ് മൈക്രോസോഫ്റ്റ് പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉപഭോക്താക്കള്‍ക്ക് പേഴ്‌സണല്‍ കംപ്യൂട്ടറുകളിലുള്ള താല്‍പ്പര്യം കുറയുന്നതും മൊബീല്‍ ഡിവൈസുകളിലേക്ക് കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ മാറുകയും ചെയ്യുന്നത് മനസിലാക്കിയാണ് മൈക്രോസോഫ്റ്റ് മൊബീല്‍ കംപ്യൂട്ടിംഗിലേക്ക് ശ്രദ്ധ തിരിക്കുന്നതെന്നാണ് ഗാര്‍ട്‌നര്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

Comments

comments

Categories: Branding