നോട്ട് അസാധുവാക്കല്‍: പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു; സാമ്പത്തിക മേഖലയില്‍ ഉണര്‍വ്- ജയ്റ്റ്‌ലി

നോട്ട് അസാധുവാക്കല്‍: പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു; സാമ്പത്തിക മേഖലയില്‍ ഉണര്‍വ്- ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണത്തിന്റെ ഉടമസ്ഥരെ കണ്ടെത്താനാകുമെന്നും നികുതി ചുമത്താനാകുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബാങ്കുകളില്‍ വലിയ തോതില്‍ നിക്ഷേപിച്ച ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളില്‍ റവന്യൂ വകുപ്പിന് നികുതി ചുമത്താമെന്ന് ജയ്റ്റ്‌ലി പറഞ്ഞു. ബാങ്കുകളില്‍ നിക്ഷേപിച്ചു എന്നതുകൊണ്ടുമാത്രം കള്ളപ്പണം അങ്ങനെയല്ലാതാകുന്നില്ല. സമ്പദ്‌വ്യവസ്ഥയില്‍ മറഞ്ഞിരുന്ന കള്ളപ്പണം പുറത്തുവരികയാണ് ചെയ്തതെന്നും ഇപ്പോള്‍ ഈ പണത്തിന്റെ ഉടമസ്ഥരെ നല്ലപോലെ അറിയാമെന്നും ജയ്റ്റ്‌ലി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നോട്ട് അസാധുവാക്കിയശേഷമുള്ള രണ്ട് മാസത്തെ അവലോകന റിപ്പോര്‍ട്ട് എന്ന നിലയിലായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ്.
ബാങ്കുകള്‍ക്ക് മുന്നിലെ വരി അപ്രത്യക്ഷമായെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു. നോട്ട് അസാധുവാക്കിയതിന്റെ തിക്തഫലത്തിന് അല്‍പ്പായുസ്സേയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ 7.6 ശതമാനത്തില്‍നിന്ന് നടപ്പുവര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 7.1 ശതമാനമായി കുറയുമെന്നാണ് നിഗമനം. എന്നാല്‍ ഇത് നോട്ട് അസാധുവാക്കല്‍ നടപടിക്കു മുമ്പുള്ള വിലയിരുത്തലാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നോട്ട് അസാധുവാക്കലിന്റെ ഫലമായി സാമ്പത്തിക ഇടപാടുകള്‍ കുറഞ്ഞത് ചെറിയ കാലത്തേക്കുമാത്രമാണെന്നും വേദനയുടെയും അസൗകര്യങ്ങളുടെയും നാളുകള്‍ കഴിഞ്ഞെന്നും ധനകാര്യ മന്ത്രി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചു. സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വ് കൈവന്നതായും ജയ്റ്റ്‌ലി പറഞ്ഞു.

നൂതന സാങ്കേതികവിദ്യകളെയും പരിഷ്‌കരണങ്ങളെയും തള്ളിപ്പറയുന്ന കോണ്‍ഗ്രസിന്റെ നിലപാട് ദുരന്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത തലമുറയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം എങ്ങനെ തടസപ്പെടുത്താമെന്നാണ് ചിന്തിക്കുന്നതെന്ന് ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.
കള്ളപ്പണത്തിനെതിരായി ഇതുവരെ സര്‍ക്കാര്‍ ചെയ്തതെല്ലാം ഫലവത്തായി. കള്ളപ്പണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നേടിയെടുക്കാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതല്‍ മോദിക്ക് കഴിഞ്ഞു. യുഎസ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, മൗറീഷ്യസ്, സൈപ്രസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുമായി കള്ളപ്പണത്തെ പിടിച്ചുകെട്ടാനുള്ള കരാറുണ്ടാക്കിയതായും ജയ്റ്റ്‌ലി പറഞ്ഞു.
സര്‍ക്കാരിന്റെ പദ്ധതിയിലൂടെ നിരവധി കള്ളപ്പണം വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തിയാലും പിടിച്ചെടുത്തതായാലും ഉയര്‍ന്ന നിരക്കിലുള്ള നികുതിയും പിഴയും ചുമത്തുന്നതിന് ആദായനികുതി നിയമഭേദഗതി സര്‍ക്കാരിന് അവകാശം നല്‍കുന്നുണ്ടെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ബിനാമി നിയമം ശക്തമായി നടപ്പാക്കും. ഈ വര്‍ഷം നടപ്പാക്കുന്ന ചരക്ക് സേവന നികുതി, നികുതി ഭരണ നിര്‍വഹണത്തില്‍ കൃത്യത കൊണ്ടുവരും. നികുതി വെട്ടിപ്പിനെതിരെ ശക്തമായ നിയമമാണ് ജിഎസ്ടി. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതും കൂടുതല്‍ സുരക്ഷിതമായ പുതിയ നോട്ടുകള്‍ കൊണ്ടുവന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നും അരുണ്‍ ജയ്റ്റ്‌ലി ആവര്‍ത്തിച്ചു.

 

Comments

comments

Categories: Slider, Top Stories