ഏഷ്യയും യൂറോപ്പും സാമ്പത്തിക ദേശീയതയില്‍ ഊന്നരുത്: ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി

ഏഷ്യയും യൂറോപ്പും സാമ്പത്തിക ദേശീയതയില്‍ ഊന്നരുത്: ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി

 

സിംഗപ്പൂര്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത സാമ്പത്തിക ദേശീയതാ നിലപാടുകള്‍ പുലര്‍ത്തുന്നുണ്ടെങ്കിലും, ഏഷ്യയും യൂറോപ്യന്‍ യൂണിയനും സമാനമായ രീതിയില്‍ സാമ്പത്തിക മേഖലയില്‍ ദേശീയസംരക്ഷണ നയങ്ങളില്‍ നിന്നുകൊണ്ട് പ്രതികരിക്കരുതെന്ന് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റികോ ലേറ്റ. ആഗോളീകരണത്തിന്റെ സാമൂഹികമായ പ്രത്യാഘാതങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെങ്കിലും അതിന് സാമ്പത്തിക ദേശീയവാദം ഒരു തെറ്റായ ഉത്തരമാണെന്ന് താന്‍ ശക്തമായി വിശ്വസിക്കുന്നു. പുരോഗതിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഗപ്പൂരില്‍ വെച്ച് ഒരു ഇന്ത്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

ഇയു- വിയറ്റ്‌നാം, ഇയു- ഇന്തോനേഷ്യ തുടങ്ങിയവ പേലുള്ള ഉഭയകക്ഷി വ്യാപാര കരാറുകളില്‍ ഏഷ്യയും യൂറോപ്പും തുടര്‍ന്നും ഏര്‍പ്പെടേണ്ടതുണ്ട്. ഇതു വഴി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടും.ആഗോള വ്യാപാരത്തില്‍ നിന്നും സ്വയം ഒറ്റപ്പെടാന്‍ യുഎസ് ശ്രമിക്കുകയാണെങ്കില്‍ ഇത് നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉന്നമനത്തിനൊപ്പം സാമൂഹികവും ജനാധിപത്യപരവുമായ പരിവര്‍ത്തനം സാധ്യമാകാത്തതാണ് ആഗോളീകരണത്തിന്റെ പ്രധാന പ്രശ്‌നമെന്നും, ഇത് ക്ഷേമം സംബന്ധിച്ച വിഷയമാണെന്നും എന്റികോ ലേറ്റ പറഞ്ഞു. ഇറ്റലിയുടെ വീക്ഷണങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ രാാജ്യങ്ങളുമായുള്ള സഹകരണം കുറയുമ്പോള്‍ ഇറ്റലി ക്ലേശം നേരിടും. യൂറോപ്യന്‍ യൂണിയന്റെ പൂര്‍ണത അനിവാര്യമായ രാജ്യമാണ് ഇറ്റലി. യൂറോ ഇറ്റലിക്ക് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടന്‍ ബ്രെക്‌സിറ്റിന് തീരുമാനമെടുത്തത് യൂറോപ്പിനെ സംബന്ധിച്ച് വഴിത്തിരിവാകുമെന്നും, ഒറ്റക്കെട്ടായി നില്‍ക്കാനുള്ള യൂറോപ്പിന്റെ ശേഷി ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടാല്‍ ഇറ്റലി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും എന്റികോ ലേറ്റ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy