‘ആഷ്‌റേ’യുടെ കേരളത്തിലെ ആദ്യ സ്റ്റുഡന്റ് ബ്രാഞ്ച് രാജഗിരി എഞ്ചിനിയറിങ് കോളെജില്‍ ഉദ്ഘാടനം ചെയ്തു

‘ആഷ്‌റേ’യുടെ കേരളത്തിലെ ആദ്യ സ്റ്റുഡന്റ് ബ്രാഞ്ച് രാജഗിരി എഞ്ചിനിയറിങ് കോളെജില്‍ ഉദ്ഘാടനം ചെയ്തു

 

കാക്കനാട്: അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹീറ്റിങ് റെഫ്രിജറേറ്റിങ് ആന്‍ഡ് എയര്‍-കണ്ടീഷനിങ് എന്‍ജിനിയേഴ്‌സ് (ആഷ്‌റേ)ന്റെ കേരളത്തിലെ ആദ്യ സ്റ്റുഡന്റ് ബ്രാഞ്ചിന്റെ ഉദ്ഘാടനം രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്നു. കോളെജ് കാംപസില്‍ നടന്ന ചടങ്ങില്‍ ‘ആഷ്‌റേ’ ചെന്നൈ ചാപ്റ്റര്‍ പ്രസിഡന്റും മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറുമായ ഡോ. എം പി മയ്യ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. റവ. ഫാ. ജോസ് അലക്‌സ് ഒരുതായപ്പള്ളി സിഎംഐ (രാജഗിരി എഞ്ചിനിയറിങ് കോളെജ് ഡയറക്റ്റര്‍) ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സാങ്കേതികവിദ്യയിലൂടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 1894ല്‍ പ്രവര്‍ത്തനമാരംഭിച്ച ആഷ്‌റേയെക്കുറിച്ച് എം പി മയ്യ വേദിയില്‍ സംസാരിച്ചു. പരിസ്ഥിതിക്ക് അനുയോജ്യമായ സാങ്കേതികവിദ്യകളുടെ കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയും തന്റെ വാക്കുകളില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഷ്‌റേയുടെ 50,000 അംഗങ്ങള്‍ പ്രകൃതിക്ക് അനുയോജ്യമായ കണ്ടുപിടുത്തങ്ങളില്‍ മുഴുകിയിരിക്കുന്നതായി ചടങ്ങില്‍ പങ്കെടുത്ത ആഷ്‌റെ ചെന്നൈ ചാപ്റ്റര്‍ സ്റ്റുഡന്റ് ആക്ടിവിറ്റി ചെയര്‍മാന്‍ പ്രൊഫ. ശരവണന്‍ വ്യക്തമാക്കി. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ ആഷ്‌റേയ്ക്ക് 700 പദ്ധതികള്‍ പൂര്‍ത്തിയാക്കാനും 78 പ്രൊജക്റ്റുകള്‍ നിലവില്‍ തുടര്‍ന്നുകൊണ്ടുപോകാനും സാധിച്ചിട്ടുണ്ട്. കൂടാതെ ആഷ്‌റെയുടെ ഭാഗമാകുന്നതിലുള്ള പ്രയോജനങ്ങളും അദ്ദേഹം വിവരിച്ചു.ഡോ. ജോണ്‍ എം ജോര്‍ജ് (വൈസ് പ്രിന്‍സിപ്പാള്‍ ആന്‍ഡ് ഡീന്‍), ഡോ. തങ്കച്ചന്‍ ടി പുല്ലന്‍ (മെക്കാനിക്കല്‍ എഞ്ചിനിയറിങ് വകുപ്പ് മേധാവി) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments

comments

Categories: Education