ആധാറിനെ ആധികാരിക തിരിച്ചറിയല്‍ രേഖയാക്കണം

ആധാറിനെ ആധികാരിക തിരിച്ചറിയല്‍ രേഖയാക്കണം

രാജീവ് ചന്ദ്രശേഖര്‍

മ്പദ് വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യുന്നതിന് റിസര്‍വ്വ് ബാങ്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും നടത്തുന്ന ശ്രമങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ വ്യാപകമായ ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുന്നതിനൊപ്പം നമ്മുടെ ബാങ്കിംഗ്, ധനവിനിമയ സംവിധാനങ്ങള്‍ അടിമുടി മാറേണ്ടതുണ്ട്. അതിനായി അടിയന്തരമായ ഏതാനും നടപടികളെങ്കിലും കൈക്കൊള്ളേണ്ടതുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

1. ജന്‍ ധന്‍ യോജന എക്കൗണ്ടുകളും അവയുടെ സേവനങ്ങളും നിര്‍വ്വചിക്കല്‍

അര്‍ഹരായ ജനവിഭാഗത്തിന് സമയാസമയം സര്‍ക്കാര്‍ അനുവദിക്കുന്ന ഇളവുകളും സൗജന്യങ്ങളും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അവരുടെ ബാങ്ക് എക്കൗണ്ടുകളില്‍ നേരിട്ടു ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ളതാണ് ജന്‍ധന്‍ യോജന എക്കൗണ്ടുകള്‍. ജന്‍ ധന്‍ എക്കൗണ്ടുകളുടെ നിര്‍വ്വചനം തന്നെ പ്രസ്തുത നിബന്ധനകളെ അടിസ്ഥാനമാക്കിയിട്ടുള്ളതുമാണ്. എന്നിരിക്കേ നോട്ട് അസാധുവാക്കലിന്റെ അനന്തരഫലമായി വ്യാപകമായിട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ ലക്ഷ്യമാക്കിയുള്ള നിക്ഷേപങ്ങള്‍ക്കായി ജന്‍ ധന്‍ എക്കൗണ്ടുകള്‍ രാജ്യമെമ്പാടും ദുരുപയോഗം ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്നത്. ജന്‍ ധന്‍ എക്കൗണ്ടുകളുടെ നിര്‍വ്വചനം പാലിക്കുന്നതില്‍ റിസര്‍വ് ബാങ്കും ഇതര ബാങ്കുകളും കാട്ടുന്ന ഉദാസീനതയാണ് ഇത്തരത്തിലുള്ള ദുരുപയോഗത്തിന് മുഖ്യ കാരണം.

ഇത്തരമൊരു സാഹചര്യത്തില്‍ ജന്‍ ധന്‍ എക്കൗണ്ടുകളുടെ കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് കര്‍ശന നിര്‍ദേശം നല്‍കേണ്ടതാണ്. ജന്‍ ധന്‍ എക്കൗണ്ടുകളെ എല്ലാവിധ ദുരുപയോഗങ്ങളിലും നിന്ന് സംരക്ഷിക്കാനും സര്‍ക്കാര്‍ ഇളവുകളും ധനസഹായങ്ങളും ലഭിക്കുന്നതിനു മാത്രമായി പരിമിതപ്പെടുത്തുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.

ജന്‍ ധന്‍ എക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡിനെ മാത്രമാണ് ഇപ്പോള്‍ ആശ്രയിക്കുന്നതെന്നതിനാല്‍ പ്രസ്തുത എക്കൗണ്ടുകളും സാധാരണ എക്കൗണ്ടുകളും തമ്മിലുള്ള ഇടപാടുകള്‍ സാധ്യമാകുന്നതോടെ ഇതരബാങ്ക് എക്കൗണ്ടുകളുടെ വിശ്വാസ്യതയ്ക്കും ഭംഗം നേരിടാം.

2. ബാങ്കുകളിലും മറ്റ് സാമ്പത്തിക  മേഖലകളിലും ആധാര്‍ ഉപയോഗിക്കല്‍

വ്യക്തിഗത വിവരങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തുന്നതില്‍ നിരവധി വീഴ്ചകളുള്ള സ്ഥിതിക്ക് ആധാര്‍ കാര്‍ഡുകളെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ആവശ്യമായ ആധികാരിക തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് എനിക്കു തോന്നുന്നത്. ഇക്കാര്യം സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഇതിനോടകം നന്നായി ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും ഞാന്‍ കരുതുന്നു.

ആധാര്‍ വിവരശേഖരത്തില്‍ ഒട്ടേറെ വ്യാജമോ തെറ്റോ ആയ വിവരങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അടുത്തകാലത്ത് പിടികൂടിയ പാക്കിസ്ഥാന്‍ ചാരന്മാരുടെ കൈവശം വരെ വ്യാജനാമങ്ങളില്‍ ബയോമെട്രിക്കുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡുകളുണ്ടായിരുന്നു. വിപുലമായ ബയോമെട്രിക് ഡാറ്റ ബാങ്ക് സ്വന്തമായുള്ള ആധാര്‍ സഞ്ചയവുമായി ഒത്തുനോക്കുന്നതില്‍ നാം പരാജയപ്പെട്ടുവെന്നാണ് ഇതു നല്‍കുന്ന സൂചന. ഈ പശ്ചാത്തലത്തില്‍ ആധികാരിക തിരിച്ചറിയല്‍ രേഖയെന്നുള്ള ആധാര്‍ കാര്‍ഡുകളുടെ വിശ്വാസ്യത തന്നെ നഷ്ടമായിരിക്കുകയാണ്.

ആധാര്‍ കാര്‍ഡുകളെ തിരിച്ചറിയല്‍ രേഖയായി പരിഗണിച്ചുകൊണ്ട് ജന്‍ ധന്‍ യോജന എക്കൗണ്ടുകള്‍ തുടങ്ങാന്‍ വ്യക്തികള്‍ക്ക് കഴിയുന്ന സാഹചര്യത്തില്‍ വ്യാജ എക്കൗണ്ടുകള്‍ വ്യാപകമാകുന്നതോടൊപ്പം ഓഹരികളുമായി ബന്ധപ്പെട്ട ഡിമാറ്റ് എക്കൗണ്ടുകളിലെ വിവരങ്ങളും വ്യാജമാകാന്‍ സാധ്യതയുണ്ട്.

ഇത്തരമൊരു പശ്ചാത്തലത്തില്‍ ആധാര്‍ കാര്‍ഡുകളെ മാത്രം ആശ്രയിച്ച് തിരിച്ചറിയല്‍ പ്രക്രിയ നടത്തുന്നതിനെതിരെ റിസര്‍വ് ബാങ്ക് ശക്തമായ നടപടി കൈക്കൊള്ളണം. സാമ്പത്തിക ഇടപാടുകള്‍ നടത്തണമെങ്കില്‍ ആധാറിനോടൊപ്പം മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകൂടി പരിശോധിക്കപ്പെടുന്നുവെന്ന് ആര്‍ബിഐ ഇനിമുതല്‍ ഉറപ്പാക്കുകയും വേണം. ആധാര്‍ കാര്‍ഡിലൂടെയുള്ള തിരിച്ചറിയല്‍ ബയോമെട്രിക് വിവരത്തെ അടിസ്ഥാനമാക്കി മാത്രമാക്കുകയും ഒപ്പം പാന്‍ കാര്‍ഡ് പോലുള്ള ഇതര രേഖകള്‍ കൂടി പരിശോധിക്കുകയും ചെയ്തുകൊണ്ട് മാത്രമേ ഏതു തരം എക്കൗണ്ടും തുടങ്ങാന്‍ കഴിയുകയുള്ളൂവെന്നത് കര്‍ശനമാക്കേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ ബാങ്കുകളുടേയും ധനകാര്യസ്ഥാപനങ്ങളുടേയും തീവ്രപരിശ്രമവും സഹകരണവും ഉറപ്പാക്കുന്നതിന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കേണ്ടതാണ്. ചുരുക്കത്തില്‍ ഏതു തരം സാമ്പത്തിക ഇടപാടിനായാലും ആധാര്‍ കാര്‍ഡിനോടൊപ്പം ഇതര തിരിച്ചറിയല്‍ രേഖകള്‍ കൂടി അനിവാര്യമാക്കണം.

3. തട്ടിപ്പുകള്‍, വിവരഭദ്രത, സ്വകാര്യത എന്നിവ ഉറപ്പാക്കുന്നതിനുള്ള തയാറെടുപ്പുകള്‍

വരും ദിനങ്ങളില്‍ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ പതിന്മടങ്ങു വര്‍ധിക്കുമെന്നതിനാല്‍ വിവര ഭദ്രത, സ്വകാര്യത, ഇടപാടുകളിലെ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള പരാതികളും ആനുപാതികമായി കൂടും. അതോടൊപ്പം ഉപഭോക്താക്കളും ബാങ്കുകളും തമ്മിലും വിവിധ ബാങ്കുകള്‍ തമ്മിലും ഇടനിലക്കാരും ഉപഭോക്താക്കളും തമ്മിലും ഇടനിലക്കാരും ബാങ്കുകളും തമ്മിലുമുള്ള തര്‍ക്കങ്ങളും ക്രമാതീതമായി പെരുകും.

ഇന്ന് നമ്മുടെ ബാങ്കുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വിവര ഭദ്രത. നിലവിലുള്ള ഐടി നിയമങ്ങളിലും സൈബര്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ പോലുള്ള പരാതി പരിഹാര സംവിധാനങ്ങളിലും നിരവധി പാളിച്ചകളുണ്ട്. മാത്രമല്ല, രാജ്യത്തെ 90 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് അപ്രാപ്യമാണെന്നിരിക്കേ, യുഎസ്എസ്ഡി അടിസ്ഥാനമാക്കി മൊബീല്‍ ഫോണ്‍ മുഖാന്തിരം മാത്രമേ ഇടപാടുകള്‍ സാധ്യമാവുകയുള്ളൂ. പഴയ എസ്എംഎസ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള യുഎസ്എസ്ഡി ഇടപാടുകളുടെ വിശ്വസനീയതയും സുരക്ഷിതത്വവും നൂറു ശതമാനം ഉറപ്പിക്കാന്‍ കഴിയുകയുമില്ല.

കേന്ദ്രീകൃത ബാങ്കുകളില്‍ അടുത്തിടെ സംഭവിച്ചതുപോലെ സംവിധാനങ്ങളിലെ പാളിച്ചകള്‍ ഏതു സമയത്തും അപകടം ക്ഷണിച്ചുവരുത്തിയേക്കാം. ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ചേര്‍ന്ന് അവധാനതയോടു കൂടിയ നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുവരേണ്ടതാണ്. അടിസ്ഥാന സൗകര്യങ്ങള്‍, കാര്യക്ഷമതാ പരിപോഷണം, നിയമനിര്‍മ്മാണം എന്നീ മേഖലകളില്‍ സത്വരശ്രദ്ധ പതിപ്പിച്ചുകൊണ്ട് കുറ്റവാളികള്‍ നിയമത്തിനു മുന്നില്‍ വരുന്നതും ഉറപ്പാക്കണം.

4. കൂടുതല്‍ ഡിജിറ്റല്‍ ഇടപാടു കേന്ദ്രങ്ങള്‍ ലഭ്യമാക്കുക

രാജ്യത്തെ 90 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥിതിക്ക് യുഎസ്എസ്ഡി സംവിധാനത്തിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടല്ലോ. എന്നാല്‍ ഇക്കാര്യത്തില്‍ യുഎസ്എസ്ഡി എന്നത് തീരെ അപര്യാപ്തമായ സംവിധാനമാണ്. പഴയ എസ്എംഎസ് സംവിധാനത്തില്‍ അധിഷ്ഠിതമായ യുഎസ്എസ്ഡി സാങ്കേതികവിദ്യയുടെ വിശ്വാസ്യതയും സുരക്ഷിതത്വവും തുലോം കുറവാണ്. ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് ശാശ്വതമായ പോംവഴി. ഇതിനായി ധനകാര്യ മന്ത്രാലയവും ടെലികമ്യൂണിക്കേഷന്‍ വകുപ്പും സഹകരിച്ചുകൊണ്ട് യുഎസ്ഒ ഫണ്ടുകളും ഇതര സഹായങ്ങളും ഉപയോഗിച്ച് പൊതുമേഖല-സ്വകാര്യ ഇന്റര്‍നെറ്റ് സേവന നെറ്റ്‌വര്‍ക്കുകള്‍ വ്യാപകമാക്കണം.

5. ഡിജിറ്റല്‍ കള്ളപ്പണത്തിനെതിരെയുള്ള തയാറെടുപ്പുകള്‍

ആഭ്യന്തര വിപണിയിലെ കള്ളപ്പണ ഇടപാടുകള്‍ ഡിജിറ്റല്‍ കള്ളപ്പണമായി മാറാതിരിക്കുന്നതിന് ധനമന്ത്രിയും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറും ശ്രദ്ധിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ ഇടപാടുകളില്‍ അധിഷ്ഠിതമായി രാജ്യത്തിനകത്ത് വളര്‍ന്നുവരുന്ന ചില്ലറ വ്യാപാരത്തെക്കുറിച്ചും ഇന്റര്‍നെറ്റിന്റെ ഇരുട്ടറകളെ ആശ്രയിക്കുന്ന കള്ളപ്പണത്തെക്കുറിച്ചും ഇതിനോടകം നിരവധി റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ഇക്കാര്യത്തില്‍ ജാഗ്രത്തായ നിരീക്ഷണം നടത്തുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതിന് സര്‍ക്കാരിനും റിസര്‍വ്വ് ബാങ്കിനും ഇപ്പോഴുള്ള പ്രാപ്തി പര്യാപ്തമാണോയെന്നതും സംശയമാണ്. ഡിജിറ്റല്‍ ബാങ്കിംഗ് ഹൈവേ ഇന്നൊരു വഴിത്തിരിവിലാണ്. പ്രസ്തുത വളവിന്റെ മുന്നിലാണ് നാം നില്‍ക്കേണ്ടത്; പിന്നിലല്ല. ഇതിനാവശ്യമായ കഴിവ് റിസര്‍വ് ബാങ്ക് സ്വായത്തമാക്കേണ്ടിയിരിക്കുന്നു. അത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.

(എംപിയും എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനുമാണ് ലേഖകന്‍)

Comments

comments

Categories: FK Special
Tags: Aadhar