ഇന്ത്യയില്‍ ഷവോമിയുടെ വില്‍പ്പന ബില്ല്യണ്‍ ഡോളര്‍ കടന്നു

ഇന്ത്യയില്‍ ഷവോമിയുടെ വില്‍പ്പന  ബില്ല്യണ്‍ ഡോളര്‍ കടന്നു

 

ബെംഗളൂരു: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി കോര്‍പ്പറേഷന്റെ ഇന്ത്യയില്‍ നിന്നുള്ള വരുമാനം ഒരു ബില്ല്യണ്‍ ഡോളര്‍ കടന്നു. ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി രണ്ട് വര്‍ഷം കൊണ്ടാണ് ഷവോമി ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തില്‍ അതിവേഗത്തില്‍ വളരുന്ന പ്രമുഖ വിപണികളില്‍ ചൈനീസ് കമ്പനികളുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നതെന്നത് പ്രദേശിക കമ്പനികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിലക്കുറവ് പ്രധാന ആകര്‍ഷണമാക്കിക്കൊണ്ടാണ് ചൈനീസ് കമ്പനികള്‍ കഴിഞ്ഞ വര്‍ഷം പരസ്യങ്ങളില്‍ നിറഞ്ഞുനിന്നത്.

ചൈനീസ് വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് ഷവോമി ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഷവോമിയുടെ ഷിപ്പിംഗില്‍ 160 ശതമാനം വര്‍ധനവുണ്ടായതായി കമ്പനി അവകാശപ്പെട്ടു. മൂന്നാം പാദത്തില്‍ മാത്രം രണ്ട് മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റതായും അവര്‍ പറയുന്നു.
ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണിന് ആവശ്യം ഏറുന്നതിനനുസരിച്ച് ഇന്ത്യ വിദേശ കമ്പനികളെ ആകര്‍ഷിക്കുന്ന പ്രവണ വര്‍ധിച്ചുവരികയാണ്. പ്രമുഖ കമ്പനിയായ ആപ്പിള്‍ ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിന് ഒരുങ്ങിക്കഴിഞ്ഞു. നവംബറില്‍ നടന്ന ആകെ സ്മാര്‍ട്ട്‌ഫോണുകളുടെഷിപ്പിംഗില്‍ ഷവോമി, ഓപ്പോ, ലെനോവോ ഗ്രൂപ്പ് ലിമിറ്റഡ് എന്നിവ 51 ശതമാനം കവര്‍ന്നതായി കൗണ്ടര്‍ പോയിന്റ് റിസേര്‍ച്ചിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, ഈ വര്‍ഷമാദ്യം വിപണിയില്‍ 40 ശതമാനം പങ്കാളിത്തമുണ്ടായിരുന്ന ആഭ്യന്തര കമ്പനികളായ മൈക്രോ മാക്‌സിന്റെ വിഹിതം 20 ശതമാനത്തിലേക്ക് ഇടിഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രതിനിധി സാംസംഗാണ് പോയ വര്‍ഷം ഇന്ത്യക്കാരുടെ ഇഷ്ട ബ്രാന്‍ഡ്.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴിലാണ് കഴിഞ്ഞ മൂന്നു പാദങ്ങളില്‍ ഷവോമി ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്നത്. ചൈനീസ് വിപണിയില്‍ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനിയായ ഓപ്പോ, ഇന്ത്യയിലെ തങ്ങളുടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 217 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Comments

comments

Categories: Branding