സ്‌കൂട്ടര്‍ വിപണിയില്‍ ‘കരുത്തന്‍മാര്‍’ വളരുന്നു

സ്‌കൂട്ടര്‍ വിപണിയില്‍ ‘കരുത്തന്‍മാര്‍’ വളരുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഏറ്റവും വില്‍പ്പന നടക്കുന്ന സ്‌കൂട്ടര്‍ വിഭാഗത്തില്‍ 125, 150 സിസി സ്‌കൂട്ടറുകള്‍ക്ക് പ്രിയം വര്‍ധിക്കുന്നു. ഇതുവരെ വളര്‍ച്ചയിലായിരുന്ന ഈ സെഗ്‌മെന്റ് പക്വത കൈവരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

100, 110, 125, 150 സിസി എന്‍ജിന്‍ ശേഷിയുള്ള സ്‌കൂട്ടറുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ഇതില്‍ 110 സിസി വിഭാഗമാണ് ഏറ്റവും വില്‍പ്പന രേഖപ്പെടുത്തുന്നത്. ഏറ്റവും വില്‍പ്പന നടക്കുന്ന ഹോണ്ട ആക്ടീവ 110 സിസിയാണ്. അതേസമയം, രാജ്യത്തെ പ്രമുഖ ഓട്ടോമൊബീല്‍ മാസിക ഓട്ടോകാര്‍ പ്രഫഷണല്‍ നടത്തിയ പഠനം അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം അവാസനമാകുമ്പോഴേക്ക് രാജ്യത്തെ സ്‌കൂട്ടര്‍ വിപണിയില്‍ 125 സിസി വിഭാഗം വന്‍ മുന്നേറ്റം നടത്തുമെന്നാണ് വ്യക്തമാക്കുന്നത്. ഏകദേശം 500,000 യൂണിറ്റ് വില്‍പ്പനയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനമാകുമ്പോഴേക്ക് 125 സിസി വിഭാഗം കൈവരിക്കുകയെന്നാണ് പഠനത്തില്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 10 ശതമാനമായിരുന്നു ഇവയുടെ വില്‍പ്പന. 2018-19 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഈ വിഭാഗം 100 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും പഠനത്തിലുണ്ട്.
സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ എന്നീ രണ്ട് കമ്പനികളാണ് 125 സിസി വിഭാഗത്തില്‍ ഇന്ത്യന്‍ വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ട് മുതല്‍ സുസുക്കി ആക്‌സസ് 125 ആണ് ഈ സെഗ്‌മെന്റില്‍ പേരെടുത്ത് പറയാവുന്ന മോഡല്‍. വില്‍പ്പനയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ആക്ടീവ 110 സിസിയാണ്.
സുസുക്കിയുടെ തന്നെ സ്വിഷ് 125 സിസി വിപണിയിലുണ്ടായിരുന്നെങ്കിലും ആക്‌സസ് 125 സിസി കൂടുതല്‍ നിര്‍മിക്കുന്നതിന് സ്വിഷ് നിര്‍മാണം കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഓട്ടോ എക്‌സ്‌പോയിലാണ് ആക്‌സസ് കമ്പനി അവതരിപ്പിച്ചത്. മാര്‍ച്ചില്‍ വിപണിയിലെത്തിക്കുകയും ചെയ്തു.
ആക്ടീവയ്ക്ക് 125 സിസി എന്‍ജിന്‍ നല്‍കി 2014ല്‍ ഹോണ്ട പരീക്ഷണം നടത്തിയെങ്കിലും ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായ 110 സിസി ആക്ടീവയുടെ നാലയലത്ത് വില്‍പ്പന എത്തിക്കാന്‍ സാധിച്ചില്ല. പ്രീമിയം പ്രൈസിംഗ് സ്ട്രാറ്റജിയുമായി എത്തിയ പിയാജിയോ വെസ്പയാണ് ആക്‌സസിന് എതിരായുള്ള മറ്റൊരു മോഡല്‍. അതേസമയം, ഹീറോ മോട്ടോര്‍കോര്‍പ്പ്, ടിവിഎസ്, യമഹ എന്നീ കമ്പനികള്‍ ഈ സെഗ് മെന്റിലേക്ക് ഇതുവരെ പ്രവേശിച്ചിട്ടില്ല.
ടിവിഎസ് മോട്ടോഴ്‌സ് ഈ വര്‍ഷം ആദ്യത്തില്‍ തങ്ങളുടെ 125 സിസി സ്‌കൂട്ടര്‍ പുറത്തിറക്കാനുള്ള പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഹീറോ മോട്ടോര്‍ കോര്‍പ്പും അതീവ രഹസ്യമായി 125 സിസി സ്‌കൂട്ടര്‍ ഒരുക്കുന്നുണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.
150 സിസി വിഭാഗത്തില്‍ ടോപ്പ് എന്‍ഡ് മോഡലുള്‍ മാത്രമാണ് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലുള്ളത്. പിയാജിയോ ഇന്ത്യയുടെ വെസ്പ, അപ്രിലിയ എന്നിവ വിപണിയില്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ 150 സിസി സ്‌കൂട്ടറുകളുടെ വില്‍പ്പന 5,000 യൂണിറ്റാകുമെന്നാണ് ഓട്ടോകാര്‍ പ്രപഷണല്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Auto