ഹൈബ്രിഡ് മസ്താങ് 2020ല്‍: ഫോര്‍ഡ്

ഹൈബ്രിഡ് മസ്താങ് 2020ല്‍: ഫോര്‍ഡ്

 

ന്യൂയോര്‍ക്ക്: പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപനവുമായി പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡും. കമ്പനിയുടെ ആദ്യ ഹൈബ്രിഡ് വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് ഫോര്‍ഡ് സിഇഒ മാര്‍ക്ക് ഫീല്‍ഡ്‌സ് വ്യക്തമാക്കി. മിഷിഗന്‍ നിര്‍മാണ പ്ലാന്റില്‍ നിന്ന് 2020ല്‍ കമ്പനിയുടെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായ മസ്താങിന്റെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഹൈബ്രിഡ് കാറുകള്‍ക്ക് പുറമെ പൂര്‍ണമായും ഇലക്ട്രിക്കായ വാഹനങ്ങളും കമ്പനി പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എഫ് 150ന്റെ ഹൈബ്രിഡ് പതിപ്പിനൊപ്പം 482 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനവും മസ്താങിന്റെ കൂടെ 2020ല്‍ വിപണിയിലെത്തും.
ഫ്‌ളാറ്റ് റോക്ക് പ്ലാന്റിലാണ് ഈ വാഹനങ്ങള്‍ നിര്‍മിക്കുക. ഇതിനായി ഏകദേശം 700 മില്ല്യന്‍ ഡോളറാണ് ഫോര്‍ഡ് നിക്ഷേപിക്കാനൊരുങ്ങുന്നത്. നിലവിലുള്ള പ്ലാന്റിന്റെ സൗകര്യം വര്‍ധിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നിക്ഷേപത്തില്‍ തുക വകയിരിത്തിയിട്ടുണ്ട്. 1.6 ബില്ല്യന്‍ ഡോളര്‍ ചെലവില്‍ മെക്‌സിക്കോയില്‍ ഇത്തരം കാറുകള്‍ നിര്‍മിക്കാനുള്ള പ്ലാന്റ് നിര്‍മിക്കാനായിരുന്നു ഫോര്‍ഡ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഇത് റദ്ദാക്കിയാണ് നിലവിലുള്ള പ്ലാന്റ് നവീകരിക്കാന്‍ തീരുമാനിച്ചത്.
മസ്താങ് ഹൈബ്രിഡിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്താക്കാന്‍ കമ്പനി തയാറായിട്ടില്ല. അതേസമയം, നിലിവിലുള്ള വി8 മോഡലിന്റെ അതേ ഹോഴ്‌സ് പവറില്‍ തന്നെയാകും പുതിയ മസ്താങും എത്തുകയെന്നാണ് സൂചന.
മൂന്ന് ഇലക്ട്രിക്ക്, ഹൈബ്രിഡ് കാറുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുന്നതോടൊപ്പം ഡ്രൈവറില്ലാ ട്രക്കുകളുടെ നിര്‍മാണ പദ്ധതിയും കമ്പനി വിശദീകരിച്ചു. 2021 പൂര്‍ണമായും സ്വയം നിയന്ത്രിത ട്രക്കുകള്‍ പുറത്തിറക്കുമെന്നാണ് ഫോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ബിഎംഡബ്ല്യു ഐ8 ആണ് ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാര്‍ വിഭാഗത്തിലുള്ളത്.

Comments

comments

Categories: Auto