കണക്കുകൂട്ടല്‍ തെറ്റി: 97% അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് സൂചന

കണക്കുകൂട്ടല്‍ തെറ്റി:  97% അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് സൂചന

 

ന്യൂഡെല്‍ഹി: അസാധുവാക്കിയ 97 ശതമാനം നോട്ടുകളും ഡിസംബര്‍ 30നകം തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള പരിധി ഡിസംബര്‍ 31നു അവസാനിക്കുന്നതിനു മുന്‍പു തന്നെ 14.97 ലക്ഷം കോടിയുടെ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതായാണ് ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
15.4 ലക്ഷം കോടി രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക വിനിമയത്തില്‍ നിന്നും ഒഴിവാക്കിയത്. ഇതില്‍ മൂന്ന് ലക്ഷം കോടി രൂപ മുതല്‍ അഞ്ച് ലക്ഷം കോടി രൂപ വരെ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 97 ശതമാനം നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ്.
അസാധുവാക്കപ്പെട്ട നോട്ടുകളുടെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ കള്ളപ്പണമായി സൂക്ഷിച്ചിരിക്കുന്നവയാണെന്നും ഇവ ബാങ്കുകളിലെത്തില്ലെന്നുമായിരുന്നു നോട്ട് അസാധുവാക്കലിന്റെ ആദ്യ ഘട്ടങ്ങളില്‍ സര്‍ക്കാരും ബിജെപിയും വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. നോട്ട് അസാധുവാക്കല്‍ മുന്നറിയിപ്പുകളില്ലാതെ പൊടുന്നനെ നടപ്പാക്കിയത് ഈ കള്ളപ്പണം ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കാനാണെന്നും വാദമുയര്‍ത്തി. എന്നാല്‍ ഇതിന്റെ ഏറിയ പങ്കും ബാങ്കുകളില്‍ എത്തിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

തിരിച്ചെത്താത്ത അസാധു നോട്ടുകളുടെ മൂല്യം റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാക്കുമെന്നും ഇത് വഴി വരുന്ന ബജറ്റില്‍ നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാമെന്ന സര്‍ക്കാരിന്റെ വിലയിരുത്തലും തെറ്റിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഡിസംബര്‍ 30 വരെ 15 ലക്ഷം കോടി രൂപ ബാങ്കില്‍ തിരിച്ചെത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ തുക തനിക്കറിയില്ലെന്നായിരുന്നു ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രതികരണം. വ്യത്യസ്ത കറന്‍സി ചെസ്റ്റുകളില്‍ നിന്നും എത്തിയിട്ടുള്ള അസാധുനോട്ടുകളുടെ കണക്കുകള്‍ യോജിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണന്നും കൃത്യമായ കണക്ക് പുറത്തുവിടാനായിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. എക്കൗണ്ടിംഗ് പിഴവുകള്‍ ഒഴിവാക്കാന്‍ ഡബിള്‍ കൗണ്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുവരികയാണെന്നും, എത്രയും വേഗത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ വെളിപ്പെടുത്തുമെന്നും കേന്ദ്ര ബാങ്ക് അറിയിച്ചു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെയും ആര്‍ബിഐ യുടെ അഞ്ച് ശാഖകളില്‍ നിന്ന് നോട്ട് മാറ്റി വാങ്ങുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. ഈ പരിധിക്കുള്ളില്‍ ഇനിയും നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിരിച്ചെത്തിയ നോട്ടുകളുടെ കാര്യത്തില്‍ ഡിസംബര്‍ പത്ത് വരെയുള്ള കണക്കുകള്‍ മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. ഡിസംബര്‍ പത്ത് വരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എട്ട് ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ കേന്ദ്ര ബാങ്ക് നിലവില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Comments

comments

Categories: Slider, Top Stories