ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍: ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികള്‍; ഗുണഭോക്താക്കളെ കണ്ടെത്താന്‍ സോഷ്യല്‍ രജിസ്ട്രി

ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റാന്‍  കേന്ദ്ര സര്‍ക്കാര്‍: ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികള്‍; ഗുണഭോക്താക്കളെ കണ്ടെത്താന്‍ സോഷ്യല്‍ രജിസ്ട്രി

ന്യൂഡെല്‍ഹി: ഗ്രാമീണ സാമൂഹ്യ സഹായ പരിപാടികള്‍ ഒന്നാകെ ഉടച്ചുവാര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ദാരിദ്ര്യത്തിന് പുതിയ നിര്‍വ്വചനം, വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സോഷ്യല്‍ രജിസ്ട്രി, ഫണ്ടുകള്‍ ചെലവഴിക്കുന്നതിനും പദ്ധതികളുടെ മേല്‍നോട്ടത്തിനും പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

കഴിഞ്ഞ ബജറ്റില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഗ്രാമീണ ഭാരതത്തിന് നീക്കിവെച്ചത് രണ്ടര മുതല്‍ മൂന്ന് ലക്ഷം കോടി രൂപ വരെയാണ്. 2019 ഓടെ അമ്പതിനായിരം പഞ്ചായത്തുകളിലെ ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മുക്തരാക്കുകയാണ് ഏറ്റവുമടുത്ത ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇതിന്റെ ഭാഗമായി തുക ചെലവഴിക്കുന്ന രീതി പുനപരിശോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നത്. വികസനകാര്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കുന്ന രീതിയില്‍ സമൂല മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറായേക്കും. പതിമൂന്നാം ധനകാര്യ കമ്മീഷനും തുടര്‍ന്ന് പതിനാലാം കമ്മീഷനും നിര്‍ദ്ദേശിച്ചപോലെ കൂടുതല്‍ വികേന്ദ്രീകൃത ധനവിനിയോഗത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ വേഗത വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏതെല്ലാം വികസന പദ്ധതികള്‍ക്ക് എത്ര തുക ചെലവഴിക്കണമെന്നതുള്‍പ്പെടെ തീരുമാനിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി അവരെയും തുല്യ പങ്കാളികളാക്കും. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ക്കും നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ അധികാരം നല്‍കും. കാര്യങ്ങള്‍ മുറ പോലെ നടന്നാല്‍ ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറുന്നതിന് അധികം വൈകാതെ സാക്ഷ്യം വഹിക്കും.

മുന്‍ ധനകാര്യ സെക്രട്ടറി സുമിത് ബോസ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ ശുപാര്‍ശകളാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. ചില ഇടക്കാല ശുപാര്‍ശകള്‍ ഇതിനകം നടപ്പില്‍വരുത്തിയിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ദാരിദ്ര്യത്തെക്കുറിച്ചുള്ള പുതിയ ബഹുമുഖ നിര്‍വ്വചനങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ രൂപപ്പെടുത്തുന്നത്. ഉപഭോഗ നിലവാരം മാത്രമായിരിക്കില്ല പരിഗണിക്കുന്നത്.

ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നിശ്ചയിക്കുന്നതിനും 2011 ലെ സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസില്‍നിന്നുള്ള സമഗ്ര വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കും.

2011 ലെ സര്‍വ്വെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയനുസരിച്ച് ഓരോ കുടുംബത്തിനും റാങ്കിംഗ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഓരോ പഞ്ചായത്തിലും സാമൂഹ്യ സഹായ പദ്ധതികളില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരും വീട്ടുനമ്പറുമുണ്ട്. ഗ്രാമീണ ഇന്ത്യയിലെ 17.97 കോടി കുടുംബങ്ങളില്‍ 10.73 കോടി കുടുംബങ്ങള്‍ ദാരിദ്ര്യവും ഇല്ലായ്മയും അനുഭവിക്കുന്നുണ്ടെന്നാണ് സര്‍വ്വെ വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ ഈ കുടുംബങ്ങള്‍ സാമൂഹ്യ സഹായ പദ്ധതികള്‍ക്ക് അര്‍ഹരാണ്.

സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസിലെ വിവരങ്ങളും ഓരോ കുടുംബത്തിനും നല്‍കുന്ന ടെംപൊററി ഐഡന്റിഫിക്കേഷന്‍ നമ്പറും (ടിന്‍) ഉള്‍പ്പെടുത്തി ഗുണഭോക്താക്കളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിന് സോഷ്യല്‍ രജിസ്ട്രി രൂപീകരിക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ലോക ബാങ്കിന്റെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തേടും.

സോഷ്യല്‍ രജിസ്ട്രി എന്ന ആശയം വിപ്ലവകരമാണെന്ന് ഗ്രാമവികസന സെക്രട്ടറി അമര്‍ജിത് സിന്‍ഹ പറഞ്ഞു. സോഷ്യല്‍ രജിസ്ട്രി തത്‌സമയം പുതുക്കുന്നതിലൂടെ സമയാസമയം ഓരോ കുടുംബത്തിന്റെയും ദാരിദ്ര്യവും ക്ഷേമവും സര്‍ക്കാരിന് നിരീക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories

Related Articles