നികുതി വ്യവസ്ഥ ഫോക്‌സ്‌കോണ്‍- നോക്കിയ ഇടപാടിനെ ബാധിക്കില്ല: ഇലക്ട്രോണിക്‌സ് മന്ത്രാലയം

നികുതി വ്യവസ്ഥ ഫോക്‌സ്‌കോണ്‍- നോക്കിയ ഇടപാടിനെ ബാധിക്കില്ല:  ഇലക്ട്രോണിക്‌സ് മന്ത്രാലയം

ന്യൂഡെല്‍ഹി: തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ നോക്കിയയുടെ അടച്ചുപൂട്ടിയ നിര്‍മാണ യൂണിറ്റ് ഏറ്റെടുക്കാനുള്ള തായ്‌വാനിസ് ടെക്‌നോളജീസ് കമ്പനി ഫോക്‌സ്‌കോണിന്റെ ശ്രമത്തെ ഇന്ത്യയിലെ നികുതി വ്യവസ്ഥ ബാധിക്കില്ലെന്ന് ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് മന്ത്രാലയം.

നോക്കിയ- ഫോക്‌സ്‌കോണ്‍ കരാറിനെ നികുതി വ്യവസ്ഥ അസാധുവാക്കില്ല. അതേസമയം, ഇടപാടില്‍ രാജ്യ താല്‍പര്യം നിര്‍ണ്ണായകമാണെന്ന് ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് മന്ത്രാലയം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.
ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന ഫാക്റ്ററി നവീകരിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ഫോക്‌സ്‌കോണുമായി നോക്കിയ ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ ചരക്കുസേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്- ജിഎസ്റ്റി) നിലവില്‍ വന്ന ശേഷവും നികുതി ഇളവുകള്‍ തുടരുമോയെന്നതു സംബന്ധിച്ച് വ്യക്തതയില്ല. അതോടൊപ്പം, നികുതി ബാധ്യത വഹിക്കില്ലെന്ന് ഫോക്‌സ്‌കോണ്‍ പറഞ്ഞുകഴിഞ്ഞു. അത് നോക്കിയയുടെ മേലാകും. ഫാക്റ്ററി ഭാഗികമായി അടച്ചിടുന്നതിന് ഇതിടയാക്കും.
ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് മതിയായ ആനുകൂല്യങ്ങളുണ്ട്. നികുതി പ്രശ്‌നങ്ങള്‍ വിദേശ കമ്പനികള്‍ക്ക് തടസ്സം സൃഷ്ടിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നതിനും നിലവിലെ യൂണിറ്റുകള്‍ വിപുലീകരിക്കുന്നതിനും ബഹുരാഷ്ട്ര കമ്പനികള്‍ സ്വാഭാവിക താല്‍പര്യം പ്രകടിപ്പിക്കുന്നതായും അരുണ സുന്ദരരാജന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ നല്‍കുന്ന റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ (ആര്‍ഒഎല്‍) ശ്രദ്ധകേന്ദ്രീകരിച്ച് രാജ്യത്ത് ഉല്‍പ്പാദനം തുടങ്ങാന്‍ കമ്പനികള്‍ തയാറെടുത്തുവരുന്നു. ചൈനയിലെ ഒന്‍പത് നഗരങ്ങളിലായി ഫോക്‌സ്‌കോണ്‍ 12 നിര്‍മാണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ നിരവധി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് 2015 ല്‍ ഫോക്‌സ്‌കോണ്‍ പ്രഖ്യാപിച്ചിരുന്നു. 2006 ലാണ് നോക്കിയ ശ്രീപെരുമ്പത്തൂരില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചത്.

Comments

comments

Categories: Business & Economy