പേടിഎം പേമെന്റ്‌സ് ബാങ്ക്: റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചു

പേടിഎം പേമെന്റ്‌സ് ബാങ്ക്: റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചു

 

നോയിഡ: ഡിജിറ്റല്‍ പേമെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ പേമെന്റ് ബാങ്ക് പ്രൊജക്റ്റിന് റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ചു. രണ്ടു മാസത്തിനകം പേമെന്റ് ബാങ്ക് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പുതിയ ഒരു ബിസിനസ് മാതൃക നിര്‍മ്മിക്കാനാണ് പേമെന്റ് ബാങ്ക് വഴി തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഇതു വരെ സേവനം ലഭിക്കാത്ത ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സേവനം നല്‍കുന്നതിലാണ് കമ്പനി ശ്രദ്ധിക്കുന്നതെന്നും സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. ടെക്‌നോളജിയുടെയും ഇന്നൊവേഷന്റെയും സഹായത്തോടെ ആഗോള ബാങ്കിംഗ് മേഖലയില്‍ പേടിഎം തന്റേതായ മുദ്ര പതിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പേമെന്റ് ബാങ്ക് ലിമിറ്റഡ് യാഥാര്‍ത്ഥ്യമായതിനുശേഷം റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി പേടിഎം ഡിജിറ്റല്‍ വാലെറ്റ് പേമെന്റ് ബാങ്കിന്റെ ഭാഗമായിട്ടാവും പ്രവര്‍ത്തിക്കുക. പേടിഎം പേമെന്റ് ബാങ്കില്‍ വിജയ് ശര്‍മ്മക്ക് 51 ശതമാനം ഓഹരി പങ്കാളിത്തവും വണ്‍97 കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 49 ശതമാനം ഓഹരി പങ്കാളിത്തവുമാണ് ഉണ്ടാകുക. കറണ്ട്, സേവിംഗ് എക്കൗണ്ട്, മൊബീല്‍ വാലെറ്റ് എന്നിവയുള്‍പ്പെടെ ഒരു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി 200 ദശലക്ഷം എക്കൗണ്ടുകള്‍ നേടാനും 2020 ആകുന്നതോടെ 50 കോടി എക്കൗണ്ടുകളായി ഇത് ഉയര്‍ത്താനുമാണ് പേടിഎം പേമെന്റ് ബാങ്ക് ലക്ഷ്യമിടുന്നത്. വായ്പ, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ്, തുടങ്ങിയ സേവനങ്ങള്‍ ബാങ്ക് നല്‍കും. റിസര്‍വ് ബാങ്കിന്റെ പ്രിന്‍സിപ്പല്‍ പേമെന്റ് ബാങ്ക് ലൈസന്‍സ് നല്‍കുന്ന 11 കമ്പനികളിലൊന്നാണ് പേടിഎം. നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ഭാരതി എയര്‍ടെല്ലിന്റെ പേമെന്റ് ബാങ്കാണ് ഇക്കൂട്ടത്തില്‍ ആദ്യത്തെ പേമെന്റ് ബാങ്ക് സംരംഭം.

Comments

comments

Categories: Banking