ഇന്ത്യയിലേക്കെത്താനൊരുങ്ങി വമ്പന്‍ കാര്‍ കമ്പനികള്‍

ഇന്ത്യയിലേക്കെത്താനൊരുങ്ങി വമ്പന്‍ കാര്‍ കമ്പനികള്‍

 

മുംബൈ: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വാഹന വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത് അര ഡസനോളം കാര്‍ കമ്പനികള്‍. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന വിപണിയായ ഇന്ത്യ ഈ പതിറ്റാണ്ടോടെ ലോക വിപണിയില്‍ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് കരുതപ്പെടുന്നത്. സൗത്ത് കൊറിയന്‍ കമ്പനി കിയ മോട്ടോഴ്‌സ്, ടൊയോട്ടയുടെ ഉടമസ്ഥതിയിലുള്ള ദെയ്ഹാസ്തു, പിഎസ്എ ഗ്രൂപ്പിന്റെ പീജിയറ്റ് സിട്രിയോണ്‍ എന്നിവയ്ക്ക് പുറമെ ചൈനീസ് കമ്പനികളായ ബിഖി ഫോട്ടോണ്‍, സായ്ക്ക്, ചാങന്‍ ഓട്ടോമോട്ടീവ് എന്നീ കമ്പനികളാണ് ഇന്ത്യന്‍ പ്രവേശനത്തിന് തയാറായിക്കൊണ്ടിരിക്കുന്നത്.
ഇതില്‍ കൊറിയന്‍ കമ്പനി ഹ്യൂണ്ടായുടെ ചെറുകാര്‍ നിര്‍മാണ വിഭാഗമായ കിയ മോട്ടോഴ്‌സാകും ആദ്യം ഇന്ത്യയിലെത്തുകയെന്നാണ് സൂചന. നിര്‍മാണ പ്ലാന്റുമായി ബന്ധപ്പെട്ട് ആന്ധപ്രദേശ് സര്‍ക്കാരുമായുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണ്. 2019ഓടെ ഇന്ത്യന്‍ വിപണിയില്‍ കിയ മോട്ടോഴ്‌സിന്റെ ആദ്യ കാര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
വികസ്വര വിപണികളില്‍ കോംപാക്ട് കാറുകളുണ്ടാക്കി നേട്ടം കൊയ്യാനാണ് ടൊയോട്ടയും ദെയ്ഹാസ്തുവും ഈയടുത്ത് ലയിച്ചത്. ഇന്ത്യയടക്കമുള്ള വികസ്വര വിപണികളില്‍ കോംപാക്ട് കാറുകള്‍ക്കുണ്ടാകുന്ന ഡിമാന്‍ഡ് മുതലെടുക്കാനാണ് ദെയ്ഹാസ്തു പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, പിഎസ്എ ഗ്രൂപ്പിന്റെ ഇന്ത്യന്‍ പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്ത വര്‍ഷത്തിലാണ് തീരുമാനമുണ്ടാവുകയൊള്ളൂ. 2020-21 കാലയളവില്‍ വാഹനം പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് പിഎസ്എ ഗ്രൂപ്പ്.
ചൈനീസ് കമ്പനി ബിഖി ഫോട്ടോണ്‍ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ വാഹന വിപണിയിലേക്കാണ് മത്സരിക്കാനെത്തുന്നത്. പൂനെയിലുള്ള ചെക്കാനില്‍ ബിഖി ഫോട്ടോണ്‍ നിര്‍മാണ പ്ലാന്റ് വാങ്ങിയിട്ടുണ്ടെന്ന സൂചനകളുണ്ട്. ബോര്‍ഗ്വാര്‍ഡ് ബ്രാന്‍ഡിന്റെ കീഴില്‍ പാസഞ്ചര്‍ വാഹനങ്ങളും നിര്‍മിക്കാന്‍ ഫോട്ടോണ് പദ്ധതിയുണ്ട്. പ്രാദേശികമായി വലിയ വാനുകള്‍ നിര്‍മിക്കാനുള്ള പദ്ധതി ഇതിനോടകം തന്നെ വിവിധ കമ്പനികളുമായി ഫോട്ടോണ്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആന്ധ്രപ്രദേശ് ശ്രീ സിറ്റിക്കടുത്ത് നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ ഏകദേശം തീരുമാനിച്ച മറ്റൊരു ചൈനീസ് കമ്പനി ചാങന്‍ ഓട്ടോമോട്ടീവ് 2019-2020 വര്‍ഷത്തിലാകും ഇന്ത്യയില്‍ പുതിയ വാഹനം പുറത്തിറക്കുക. ഹ്യൂണ്ടായ് ക്രെറ്റ, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നീ മോഡലുകള്‍ മികച്ച വില്‍പ്പന നേടുന്ന ബി സെഗ്‌മെന്റ് എസ്‌യുവി ഗണത്തിലേക്കാണ് ചാങന്‍ ഓട്ടോമോട്ടീവ് എത്തുക.
ജനറല്‍ മോട്ടോഴ്‌സിന്റെ ചൈനീസ് സംയുക്ത പങ്കാളി ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ (സായ്ക്ക്) ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി ചര്‍ച്ചയിലാണ്. കമ്പനിയുടെ നഷ്ടത്തിലായ ഹലോല്‍ പ്ലാന്റ് സായ്ക്ക് ഏറ്റെടുക്കുമെന്നാണ് സൂചന.
ഈ പതിറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യന്‍ നിരത്തുകളില്‍ 60 മില്ല്യന്‍ വാഹനങ്ങളുണ്ടാകും. അത് മാരുതി സുസുക്കിയും ഹ്യൂണ്ടായും മാത്രം വില്‍പ്പന നടത്തുന്നതായിരിക്കില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്. പക്വത കൈവരിച്ച വിപണിയില്‍ കാര്യമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാത്തതും ചൈനീസ് വിപണിയില്‍ തിരച്ചടി നേരിടുന്നതുമാണ് കാര്‍ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്.
ഇന്ത്യന്‍ വിപണി പ്രവേശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്താത്ത കിയ മോട്ടോഴ്‌സ് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്ക് തയാറായിട്ടില്ല. സായ്ക്ക് മോട്ടോര്‍ കോര്‍പ്പറേഷനും പ്രതികരിച്ചിട്ടില്ല. അതേസമയം, പിഎസ്എ ഗ്രൂപ്പ് ചെയര്‍മാന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യ കമ്പനിയുടെ പദ്ധതികളിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ജെനറല്‍ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് എന്നിവയുമായി വാഹന നിര്‍മാണ കരാറിന് പിഎസ്എ ശ്രമിച്ചിരുന്നു. വാഹനങ്ങള്‍ കരാറനുസരിച്ച് നിര്‍മിപ്പിച്ച് സ്വന്തം ഔട്ട്‌ലെറ്റ് വഴി വില്‍പ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഈ വര്‍ഷത്തോടെ സുരക്ഷയ്ക്കും ഇന്ധനക്ഷമതയ്ക്കും മലിനീകരണത്തിനും മാനദണ്ഡങ്ങള്‍ വരുന്നതോടെ ഇന്ത്യന്‍ വാഹന വിപണി ആഗോള നിലവാരം പുലര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിലുള്ള മറ്റൊരു ഘടകം.

Comments

comments

Categories: Auto