വിവിധ കയറ്റുമതി മേഖലകളെ ജിഎസ് ടിയില്‍ നിന്നും ഒഴിവാക്ക ണം: നിര്‍മല സീതാരാമന്‍

വിവിധ കയറ്റുമതി മേഖലകളെ ജിഎസ് ടിയില്‍ നിന്നും ഒഴിവാക്ക ണം: നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: ലെതര്‍, തോട്ട വിളകള്‍, സിമന്റ്, സേവന മേഖല തുടങ്ങിയ കയറ്റുമതി മേഖലകളെയും ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യം തുടങ്ങിയ രംഗങ്ങളെയും ഏകീകൃത ചരക്ക് സേവന നികുതി നയത്തില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്ര വാണിജ്യ വ്യാവസായിക വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ നിര്‍മാണത്തിനു വേണ്ടി ഇറക്കുമതി ചെയ്യുന്ന അനുബന്ധ ഘടകങ്ങളെയും ജിഎസ്ടിയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും വാണിജ്യ മന്ത്രി ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അഡ്വാന്‍സ് ഓതറൈസേഷന്‍ സ്‌കീമിനു കീഴില്‍ വരുന്ന അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി, എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കാപിറ്റല്‍ ഗുഡ്‌സ് ഓതറൈസേഷന്‍ സ്‌കീമില്‍ വരുന്ന കാപിറ്റല്‍ ഗുഡ്‌സ് എന്നിവയുടെ ഇറക്കുമതി തീരുവകള്‍ ഒഴിവാക്കാനാണ് നിര്‍മല സീതാരാമന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇവ ഉപഭോഗ ആവശ്യത്തിനല്ല നിര്‍മാണ ആവശ്യങ്ങള്‍ക്കായാണ് ഇറക്കുമതി ചെയ്യുന്നത്. പ്രാരംഭഘട്ടത്തില്‍ നികുതി ഈടാക്കി, പിന്നീട് ആറോ എട്ടോ മാസത്തെ സമയത്തിനുള്ളില്‍ ഈ തുക റീഫണ്ട് ചെയ്തു നല്‍കുക എന്നതിനു പകരം ആദ്യം തന്നെ നികുതി ഈടാക്കുന്നതില്‍ നിന്നും ഇത്തരം കയറ്റുമതി മേഖലകളെ ഒഴിവാക്കണമെന്ന ആവശ്യവും വാണിജ്യ മന്ത്രി സമര്‍പ്പിച്ചിട്ടുണ്ട്.

നിലവില്‍ 30 ശതമാനത്തോളം നികുതി ചുമത്തുന്ന സിമന്റിനു മേലുള്ള നികുതി ഭാരം കുറയ്ക്കണമെന്നും ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി നിര്‍മലസീതാരാമന്‍ പറഞ്ഞു. ലെതര്‍ ഉല്‍പ്പന്നങ്ങളുടെ നികുതി 5 ശതമാനത്തില്‍ താഴെയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാരിസ്ഥികമായ ആശങ്കകള്‍ മൂലം സിമന്റ് മേഖല ഇഴഞ്ഞു നീങ്ങുകയാണന്നും, രാജ്യത്തിന്റെ അടിസ്ഥാനസൗകര്യം സംബന്ധിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതികള്‍ ഉള്‍പ്പെടെ നടപ്പിലാക്കുന്നതിനും സിമന്റിനു മേലുള്ള നികുതി ഭാരം കുറക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തോട്ടം മേഖലയില്‍ നികുതി കുറയ്ക്കണമെന്ന നിര്‍ദേശവും വാണിജ്യ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്. വിദേശ വിനിമയത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഈ മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവും മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്.

വിവിധ വിഷയങ്ങളിലെ തര്‍ക്കം നീണ്ടുപോയതോടെ ജിഎസ്ടി നടപ്പാക്കുന്നത് ജൂണിലോ ജൂലൈയിലോ മാത്രമേ സാധ്യമാകൂവെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. സെപ്റ്റംബര്‍ വരെയാണ് ജിഎസ്ടി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് നിലവില്‍ ഭരണഘടനാപരമായി സാധുതയുള്ളത്.

Comments

comments

Categories: Slider, Top Stories