ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ബോണ്‍മൗത്തിനെതിരെ ആഴ്‌സണലിന് സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ബോണ്‍മൗത്തിനെതിരെ ആഴ്‌സണലിന് സമനില

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണലിന് സമനില. ബോണ്‍മൗത്തിനെതിരെ മൂന്ന് ഗോളുകളുടെ സമനിലയാണ് ആഴ്‌സണല്‍ വഴങ്ങിയത്. മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു ആഴ്‌സണലിന്റെ നാടകീയമായ തിരിച്ചുവരവ്. പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസിനെ സ്വാന്‍സി സിറ്റിയും വാറ്റ്‌ഫോര്‍ഡിനെ സ്‌റ്റോക് സിറ്റിയും പരാജയപ്പെടുത്തി.

ആഴ്‌സണലിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയുടെ 16-ാം മിനുറ്റില്‍ ചാര്‍ലി ഡാനിയല്‍സിലൂടെ ബോണ്‍മൗത്ത് മുന്നിലെത്തി. ഇരുപതാം മിനുറ്റില്‍, റയാന്‍ ഫ്രേസറെ ഗ്രാനിറ്റ് സാക്ക ഫൗള്‍ ചെയ്തതിന് അനുവദിക്കപ്പെട്ട പെനാല്‍റ്റി കാല്ലം വില്‍സണ്‍ എതിര്‍ വലയിലെത്തിച്ച് ബോണ്‍മൗത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. കളിയുടെ 58-ാം മിനുറ്റില്‍ റയാന്‍ ഫ്രേസറിലൂടെയായിരുന്നു ബോണ്‍മൗത്തിന്റെ മൂന്നാം ഗോള്‍.

രണ്ടാം പകുതിയുടെ എഴുപതാം മിനുറ്റില്‍ ചിലിയന്‍ താരമായ അലക്‌സിസ് സാഞ്ചസിലൂടെയായിരുന്നു ആഴ്‌സണലിന്റെ ആദ്യ മറുപടി. മനോഹരമായ ഡൈവിംഗ് ഹെഡറായിരുന്നു അത്. പ്രീമിയര്‍ ലീഗ് സീസണിലെ പത്ത് എവേ മത്സരങ്ങളില്‍ നിന്നും അലക്‌സിസ് സാഞ്ചസ് നേടുന്ന പത്താമത്തെ ഗോളായിരുന്നു ബോണ്‍മൗത്തിനെതിരായത്. മത്സരത്തില്‍ മൂന്ന് അസിസ്റ്റുകളും ചിലിയന്‍ താരം നടത്തി.

അഞ്ച് മിനുറ്റുകള്‍ക്ക് ശേഷം, സ്പാനിഷ് ഫുട്‌ബോളറായ ലൂക്കാസ് പെരെസ് ഇടങ്കാലന്‍ വോളിയിലൂടെ വീണ്ടും ബോണ്‍മൗത്തിന്റെ വല കുലുക്കി. അതേസമയം, കളിയുടെ 82-ാം മിനുറ്റില്‍ ടീം ക്യാപ്റ്റനായ സൈമണ്‍ ഫ്രാന്‍സിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബോണ്‍മൗത്തിന് തിരിച്ചടിയായി. മത്സരത്തിന്റെ അധിക സമയത്ത് ഫ്രഞ്ച് താരം ഒലിവര്‍ ജിരൂദായിരുന്നു ആഴ്‌സണലിന് സമനില ഗോള്‍ സമ്മാനിച്ചത്.

ലീഗില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആഴ്‌സണല്‍ 41 പേയിന്റുമായി നാലാം സ്ഥാനത്താണ്. അതേസമയം, ചെല്‍സിക്കെതിരായ മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ വിജയിക്കുകയാണെങ്കില്‍ ആഴ്‌സണലിന്റെ ആദ്യ നാലിലെ ഇടം നഷ്ടമാകും. മറ്റ് മത്സരങ്ങളില്‍, ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വാന്‍സി സിറ്റി മറികടന്നത്. സ്‌റ്റോക് സിറ്റിയുടെ വാറ്റ്‌ഫോര്‍ഡിനെതിരായ ജയം 2-0ത്തിനും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ഹാമിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെയും എവര്‍ട്ടണ്‍ സതാംപ്ടണെയും വെസ്റ്റ് ബ്രോം ഹള്‍ സിറ്റിയെയും പരാജയപ്പെടുത്തിയിരുന്നു. അതേസമയം, ലിവര്‍പൂള്‍ സണ്ടര്‍ലാന്‍ഡിനോടും നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റി മിഡില്‍സ്ബറോയോടും സമനില വഴങ്ങുകയും ചെയ്തു.

വെസ്റ്റ് ഹാമിന്റെ തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഹോസെ മൗറീഞ്ഞോയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം. യുവാന്‍ മാട്ട, സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് എന്നിവരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ അറുപത്തിമൂന്നാം മിനുറ്റിലായിരുന്നു സ്പാനിഷ് താരമായ യുവാന്‍ മാട്ടയുടെ ഗോള്‍.

കളിയുടെ എഴുപത്തെട്ടാം മിനുറ്റിലാണ് സ്വീഡിഷ് സ്‌ട്രൈക്കറായ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് ഗോള്‍ നേടിയത്. അതേസമയം, മത്സരത്തിന്റെ പതിനഞ്ചാം മിനുറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫില്‍ ജോണ്‍സിനെ ഫൗള്‍ ചെയ്തതിന് വെസ്റ്റ് ഹാം താരമായ ഫെഗോലിക്ക് റഫറി മൈക് ഡീന്‍ താക്കീത് പോലും നല്‍കാതെ ചുവപ്പ് കാര്‍ഡ് നല്‍കിയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബേണ്‍ലിക്കെതിരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടിലെ ജയം. മത്സരത്തിന്റെ അന്‍പത്തെട്ട്, അറുപത്തി രണ്ട് മിനുറ്റുകളില്‍ യഥാക്രമം ഗെയ്ല്‍ ക്ലിചി, സെര്‍ജിയോ ആഗ്യൂറോ എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിയുടെ എഴുപതാം മിനുറ്റില്‍ ആന്ദ്രേ ഗ്രേയാണ് ബേണ്‍ലിക്ക് വേണ്ടി വല കുലുക്കിയത്.

ബേണ്‍ലിക്കെതിരായ മത്സരത്തിന്റെ മുപ്പത്തിരണ്ടാം മിനുറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍ണാണ്ടീഞ്ഞോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തിരുന്നു. അതേസമയം, സണ്ടര്‍ലാന്‍ഡിനെതിരായ എവേ മത്സരത്തില്‍ രണ്ട് ഗോളുകളുടെ സമനിലയാണ് ലിവര്‍പൂള്‍ വഴങ്ങിയത്. മത്സരത്തിന്റെ പത്തൊന്‍പതാം മിനുറ്റില്‍ ഡാനിയല്‍ സ്റ്ററിഡ്ജിലൂടെ ലിവര്‍പൂളായിരുന്നു ആദ്യം മുന്നിലെത്തിയത്.

ഇരുപത്തഞ്ചാം മിനുറ്റില്‍ ഡെഫോയുടെ പെനാല്‍റ്റി ഗോളിലൂടെ ആതിഥേയര്‍ ഒപ്പമെത്തി. കളിയുടെ എഴുപത്തിരണ്ടാം മിനുറ്റില്‍ സാദിയോ മനെയുടെ ഗോളില്‍ ലിവര്‍പൂള്‍ വീണ്ടും ലീഡ് നേടി. എന്നാല്‍, എണ്‍പത്തിനാലാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഡെഫോ വീണ്ടും സണ്ടര്‍ലാന്‍ഡിന് ലിവര്‍പൂളിനെതിരെ സമനില സമ്മാനിക്കുകയായിരുന്നു.

പ്രീമിയര്‍ ലീഗിലെ നിലവിലെ ജേതാക്കളായ ലൈസസ്റ്റര്‍ സിറ്റി-മിഡില്‍സ്ബറോ പോരാട്ടം ഗോള്‍ രഹിത സമനിലയിലായിരുന്നു കലാശിച്ചത്. അതേസമയം, എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു എവര്‍ട്ടണിന്റെ സതാംപ്ടണെതിരായ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വെസ്റ്റ് ബ്രോം ഹള്‍ സിറ്റിയെ പരാജയപ്പെടുത്തിയത്.

പ്രീമിയര്‍ ലീഗ് സീസണിലെ പത്തൊന്‍പത് മത്സരങ്ങളില്‍ നിന്നും 49 പോയിന്റുള്ള ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്. ഇരുപത് മത്സരങ്ങളില്‍ നിന്നും 44 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാമതും. ബേണ്‍ലിക്കെതിരായ ജയത്തോടെ, ഇരുപത് മത്സരങ്ങളില്‍ നിന്നും നാല്‍പ്പത്തിരണ്ട് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

പത്തൊന്‍പത് മത്സരങ്ങളില്‍ നിന്നും മുപ്പത്തൊന്‍പത് പോയിന്റുള്ള ടോട്ടന്‍ഹാം ഹോട്‌സ്പറാണ് ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ഇരുപത് മത്സരങ്ങളില്‍ നിന്നും 39 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാമതാണ്. 30, 29 പോയിന്റ് വീതമുള്ള എവര്‍ട്ടണ്‍, വെസ്റ്റ് ബ്രോം ടീമുകളാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇരുപത് കളികളില്‍ നിന്നും 21 പോയിന്റുമായി ലൈസസ്റ്റര്‍ സിറ്റി പതിനാലാം സ്ഥാനത്തും.

Comments

comments

Categories: Sports