അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖാപിച്ചു ; വോട്ടെണ്ണല്‍ മാര്‍ച്ച് 11 ന്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖാപിച്ചു ; വോട്ടെണ്ണല്‍ മാര്‍ച്ച് 11 ന്

 

ന്യൂഡെല്‍ഹി : ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 4 ന് തുടങ്ങി മാര്‍ച്ച് എട്ടിന് അവസാനിക്കുന്നവിധമാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 11 ന് പ്രഖ്യാപിക്കും.
ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായും മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളിലായും തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളില്‍ ഒറ്റദിവസത്തില്‍ വോട്ടെടുപ്പ് തീരും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി ആമ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇന്നലെതന്നെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

തിരഞ്ഞെടുപ്പ് തീയതികള്‍ ഇപ്രകാരമാണ്- ഉത്തര്‍ പ്രദേശ് (403 മണ്ഡലം) : ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് 4, 8 (ഏഴ് ഘട്ടം), ഉത്തരാഖണ്ഡ് (70 മണ്ഡലം) : ഫെബ്രുവരി 15, പഞ്ചാബ് (117 മണ്ഡലം) : ഫെബ്രുവരി 4, ഗോവ (40 മണ്ഡലം): ഫെബ്രുവരി 4, മണിപ്പൂര്‍ (60 മണ്ഡലം) : മാര്‍ച്ച് 4, 8 (രണ്ട് ഘട്ടം). അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലായി ആകെ 16 കോടി വോട്ടര്‍മാരാണ് ജനവിധി നിര്‍ണയിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെയുള്ള തീരുമാനങ്ങളും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടം പ്രവര്‍ത്തന മികവും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകും. ഭരണവിരുദ്ധ വികാരത്തിന്റെ തീവ്രത, വികസനപ്രശ്‌നങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കും.

കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബിജെപി അഞ്ചു സംസ്ഥാനങ്ങളിലും പ്രധാന മല്‍സരത്തില്‍ ഉണ്ട് എന്നത് ഈ നിയമ സഭാ തെരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഇതില്‍ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മല്‍സരമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. നിലവില്‍ സമാജ് വാദി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറക്കുറെ ബിജെപി തൂത്തുവാരിയിരുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലം ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ തോറ്റാല്‍ അത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന തിരിച്ചറിവിലാണ് ബിജെപിയുടെ പ്രവര്‍ത്തനം. പാര്‍ട്ടി അഭിമുഖീകരിക്കുന്ന പിളര്‍പ്പ് എസ്പിയെ പ്രതിരോധത്തിലാക്കുന്നു. ബിഎസ്പിയും കോണ്‍ഗ്രസും തിരിച്ചുവരവിനുള്ള തീവ്രശ്രമത്തിലാണ്. എസ്പി അഖിലേഷ് വിഭാഗവും കോണ്‍ഗ്രസും സഖ്യം രൂപീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
പഞ്ചാബും ഗോവയുമാണ് ആം ആദ്മി പാര്‍ട്ടി പ്രതീക്ഷകള്‍ വെക്കുന്ന സംസ്ഥാനങ്ങള്‍. ഗോവയില്‍ ബിജെപിയുമായിട്ടാണ് പ്രധാന മല്‍സരമെങ്കില്‍ പഞ്ചാബില്‍ ഭരണ കക്ഷിയായ ബിജെപി- അകാലിദള്‍ സഖ്യത്തിനു പുറനേ കോണ്‍ഗ്രസും ശക്തമായി മല്‍സര രംഗത്തുണ്ട്. ഉത്തരാഖണ്ഡും മണിപ്പൂരും നിലവില്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. ഉത്തരാഖണ്ഡില്‍ നിരവധി അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചാണ് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത്. ജനവിധിയിലൂടെ ഇത് തുടരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ തങ്ങളുടെ ലക്ഷ്യം ജനവിധിയിലൂടെ സാധ്യമാക്കാനാണ് ബിജെപി യുടെ ശ്രമം. മണിപ്പൂരില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പുറമേ ഇറോം ശര്‍മിളയുടെ രാഷ്ട്രീയ പ്രവേശനവും തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കും.
തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും രാഹുല്‍ ഗാന്ധിക്കും മായാവതിക്കും സമാജ്‌വാദി പാര്‍ട്ടിക്കും ശിരോമണി അകാലിദളിനും ആം ആദ്മി പാര്‍ട്ടിക്കുമെല്ലാം അതിനിര്‍ണായകമാണ്.

Comments

comments

Categories: Slider, Top Stories