നോട്ട് പ്രതിസന്ധി: വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു

നോട്ട് പ്രതിസന്ധി: വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു

 
തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായതായി സഹകരണടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതു വഴി വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 1,000 കോടിയുടെ നഷ്ടമാണുണ്ടായത്.10 മുതല്‍ 15 ശതമാനം വരെ വിദേശ വിനോദസഞ്ചാരികളുടേയും 20 മുതല്‍ 30 ശതമാനം വരെ ആഭ്യന്തര വിനോദസഞ്ചാരികളുടെയും വരവില്‍ നോട്ട് നിരോധനത്തിനുശേഷം കുറവുണ്ടായതായി അദ്ദേഹം അറിയിച്ചു.

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമൂന്ന് മാസത്തില്‍ സഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ധനവുണ്ടായിരുന്നു. ആ സാഹചര്യമാണ് നോട്ട് പ്രതിസന്ധിയെത്തുടര്‍ന്ന് മാറിയത്. കൂടാതെ, സംസ്ഥാനത്തെത്തുന്ന സഞ്ചാരികള്‍ ഇവിടെ ചെലവാക്കുന്ന പണത്തിന്റെ അളവിലും കുറവുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളെയും ചെറുകിട കച്ചവടക്കാരെയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഹൗസ് ബോട്ടുകളുടെ ബുക്കിംഗില്‍ 40 ശതമാനത്തോളം കുറവുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിനോദസഅഞചാര മേഖലയില്‍ നിന്ന് പ്രതിവര്‍ഷം 25,000 കോടിയുടെ വരുമാനമാണ് സംസ്ഥാനം നേടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ ഇവിടെ ചെലവഴിക്കുന്ന പണത്തിന്റെ മൂല്യത്തിലും കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തെ വ്യാപാരമേഖലയെയും ബാധിച്ചു. വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും കേരള ഇന്‍ഫ്രാസ്ട്രച്ചര്‍ ഇന്‍വെസ്റ്റമെന്റ് ഫണ്ട് ബോര്‍ഡില്‍ നിന്ന് ഇതിനായി 1,000 കോടി നേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനോടനുബന്ധിച്ചുള്ള 362 കോടിയുടെ പ്രോജക്റ്റിന് ഉടനെ തന്നെ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories