ടാറ്റ സണ്‍സ് ബോര്‍ഡില്‍നിന്ന് സൈറസ് മിസ്ട്രിയെ നീക്കിയേക്കും

ടാറ്റ സണ്‍സ് ബോര്‍ഡില്‍നിന്ന് സൈറസ് മിസ്ട്രിയെ നീക്കിയേക്കും

 

മുംബൈ : പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ ബോര്‍ഡ് ഡയറക്റ്റര്‍ സ്ഥാനത്തുനിന്നും ടാറ്റ സണ്‍സ് ലിമിറ്റഡ് നീക്കിയേക്കും. മിസ്ട്രിയും ടാറ്റ ഗ്രൂപ്പ് ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സ് ലിമിറ്റഡും തമ്മിലുള്ള തര്‍ക്കം നിയമനടപടികളിലേക്ക് കടന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ടാറ്റ സണ്‍സ് വക്താവ് വിശദീകരിച്ചു. മിസ്ട്രിയുടെ ഓഫീസ് വാര്‍ത്തകളോട് പതികരിക്കാന്‍ വിസമ്മതിച്ചു.
ഉപ്പ് മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ പുറത്തിറക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒക്ടോബര്‍ 24 നാണ് സൈറസ് മിസ്ട്രിയെ പുറത്താക്കിയത്. തുടര്‍ന്ന് ടാറ്റ സണ്‍സും സൈറസ് മിസ്ട്രിയും തമ്മില്‍ പൊരിഞ്ഞ വാക്‌പോരാണ് നടന്നത്. മിസ്ട്രി വിശ്വാസ വഞ്ചന കാണിച്ചെന്നും ടാറ്റ ഗ്രൂപ്പിലെ പ്രധാന ഓപ്പറേറ്റിംഗ് കമ്പനികളുടെ നിയന്ത്രണമേറ്റെടുക്കുന്നതിന് മിസ്ട്രി ശ്രമിച്ചുവെന്നും ടാറ്റ സണ്‍സ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് പകരമായി ഗ്രൂപ്പ് കമ്പനികളിലെ കോര്‍പ്പറേറ്റ് ഭരണലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയ മിസ്ട്രി, ടാറ്റ സണ്‍സിന്റെ ഏറ്റവും വലിയ ഓഹരിയുടമയായ ടാറ്റ ട്രസ്റ്റുകള്‍ അമിതമായ ഇടപെടലുകള്‍ നടത്തിയതായും ആരോപിച്ചു.
ടാറ്റ സണ്‍സിന്റെ മൂന്നില്‍ രണ്ടിലധികം ഓഹരികള്‍ ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. മിസ്ട്രി കുടുംബത്തിന്റെ ഷപ്പൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് 18.5 ശതമാനം ഓഹരി കൈയാളുന്നു. ഡയറക്റ്റര്‍ സ്ഥാനത്തുനിന്നുകൂടി സൈറസ് മിസ്ട്രിയെ നീക്കുകയാണെങ്കില്‍ ഇതാദ്യമായി ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ടാറ്റ സണ്‍സ് ബോര്‍ഡില്‍ ഷപ്പൂര്‍ജി പല്ലോണ്‍ജി കുടുംബാംഗത്തിന്റെ അസാന്നിധ്യം പ്രകടമാകും.
പിതാവ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2006 ലാണ് സൈറസ് മിസ്ട്രി ആദ്യമായി ടാറ്റ സണ്‍സ് ബോര്‍ഡില്‍ ഡയറക്റ്ററാകുന്നത്. രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്ന് ടാറ്റ സണ്‍സിന്റെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ സൈറസ് മിസ്ട്രിയും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
ടാറ്റ സണ്‍സ് ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് മിസ്ട്രിയെ പുറത്താക്കണമെങ്കില്‍ ടാറ്റ ട്രസ്റ്റുകള്‍ക്ക് പ്രമേയം കൊണ്ടുവരേണ്ടിവരുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. സൈറസ് മിസ്ട്രിയെ പുറത്താക്കുന്നത് കമ്പനിയിലെ ന്യൂനപക്ഷ ഓഹരിയുടമയെ അടിച്ചമര്‍ത്തുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്ന് വിലയിരുത്തലുകളുണ്ട്. എന്നാല്‍ ഷപ്പൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികള്‍ക്ക് മിസ്ട്രി ടാറ്റാ സണ്‍സിന്റെ പ്രധാന രേഖകളും മറ്റും ചോര്‍ത്തിനല്‍കിയെന്ന ടാറ്റ സണ്‍സിന്റെ ആരോപണം ഗൗരവമേറിയതാണെന്നും വിദഗ്ധര്‍ പറയുന്നു.
ഓഹരിയുടമകള്‍ യോഗം ചേര്‍ന്ന് പുറത്താക്കുന്നതിന് മുമ്പ് ഓപ്പറേറ്റിംഗ് കമ്പനികളായ ടാറ്റ മോട്ടോര്‍സ് ലിമിറ്റഡ്, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് എന്നിവയുടെ ബോര്‍ഡില്‍നിന്ന് സൈറസ് മിസ്ട്രി രാജിവെച്ചിരുന്നു. ഇതിനുശേഷമാണ് ടാറ്റയ്‌ക്കെതിരായ ‘യുദ്ധം’ പുതിയ തലത്തിലേക്ക് കടന്നുവെന്ന് മിസ്ട്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സ് ബോര്‍ഡില്‍നിന്നും മിസ്ട്രിയെ തുരത്താന്‍ ടാറ്റ ഗ്രൂപ്പ് നീക്കം നടത്തുകയാണ്.
ടാറ്റാ സണ്‍സിലെ മാനേജ്‌മെന്റ് വീഴ്ചയില്‍ നിന്നും ന്യൂനപക്ഷ ഓഹരിയുടമകളെ അടിച്ചമര്‍ത്തുന്നതില്‍ നിന്നും തങ്ങളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മിസ്ട്രി കുടുംബത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളായ സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ പരാതി നല്‍കിരിക്കുകയാണ്. കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി 31 ് മുമ്പ് മിസ്ട്രി ഉള്‍പ്പെടെയുള്ള കക്ഷികളോട് നിലപാട് അറിയിക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories