യുപി പിടിക്കണം, പഞ്ചാബ് നഷ്ടപ്പെടരുത്; തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

യുപി പിടിക്കണം, പഞ്ചാബ് നഷ്ടപ്പെടരുത്; തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

 

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാവിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തിയതി പ്രഖ്യാപിച്ചതോടെ ഇനി തന്ത്രങ്ങളുടെ ദിവസങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്. ബിജെപിയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാനമര്‍ഹിക്കുന്നതാണ് ഉത്തര്‍ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍. ഏഴ് ഘട്ടങ്ങളായുള്ള ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന് ഫെബ്രുവരി 11ന് തുടക്കമാകും. പഞ്ചാബില്‍ ഫെബ്രുവരി നാലിന് ഒറ്റ ഘട്ടമായാണ് ജനവിധി.

അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തണമെന്ന് സംഘപരിവാറിന് നിര്‍ബന്ധമുണ്ട്. പഞ്ചാബിലെ ഭരണം നഷ്ടമാകരുതെന്നും. അതുകൊണ്ടുതന്നെ താഴെത്തട്ടിലുള്ള ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ആര്‍എസ്എസിന്റെ ശക്തമായ സംഘടനാ സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ജാതീയത തുടച്ചു നീക്കുന്നതിനായി ആര്‍എസ്എസ് (രാഷ്ട്രീയ സ്വയംസേവക സംഘം) ആവിഷ്‌കരിച്ച സമാജിക് സമരാസ്ത കാംപെയ്ന്‍ യുപിയിലും പഞ്ചാബിലും ശക്തമാക്കാനാണ് സംഘത്തിന്റെ തീരുമാനം.

2011ലെ സെന്‍സസ് അനുസരിച്ച് ഉത്തര്‍ പ്രദേശില്‍ 20 ശതമാനത്തിലധികം ദളിത് ജനസംഖ്യയുണ്ട്. പഞ്ചാബില്‍ 31 ശതമാനം വരും ദളിത് ജനസംഖ്യ. ഇവരുടെ പിന്തുണ എന്ത് വില കൊടുത്തും ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരെ ശക്തീകരിക്കുന്നതില്‍ മുന്‍കാലത്ത് വലിയ പങ്കുവഹിച്ച ബാലാസാഹെബ് ദിയോറസ്, ദത്തോപന്ത് തെങഡി എന്നീ ശക്തരായ സംഘനേതാക്കളുടെ പാരമ്പര്യത്തില്‍ നിന്ന് പ്രചരണം നയിക്കാനാണ് ആര്‍എസ്എസ് പദ്ധതി. ദിയോറസ് ആര്‍എസ്എസിന്റെ മൂന്നാമത് സര്‍സംഘചലക് ആയിരുന്നു. തെങഡി സംഘപ്രസ്ഥാനങ്ങളായ സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ മസ്ദൂര്‍ സംഘ്, ഭാരതീയ കിസാന്‍ സംഘ് തുടങ്ങിയവയുടെ സ്ഥാപകനും.

സമൂഹം പിന്നോക്കമെന്ന് മുദ്രകുത്തിയ ജനവിഭാഗങ്ങളെ ശാക്തീകരിക്കാനായി 1973ല്‍ ദിയോറാസ് ആവിഷ്‌കരിച്ച തൊട്ടുകൂടായ്മയ്‌ക്കെതിരെയുള്ള കാംപെയ്‌ന് ശേഷമാണ് ഈ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ ആര്‍എസ്എസ് സേവാ ഭാരതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയത്.

ഇരുനേതാക്കളുടെയും ചിന്താപദ്ധതികള്‍ പല രൂപത്തില്‍ ജനങ്ങളിലെത്തിച്ച് അടിത്തട്ടുകളില്‍ പ്രചരണം ശക്തമാക്കാനാണ് ആര്‍എസ്എസ് പദ്ധതി. ഡോ. അംബേദ്ക്കറിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി, ഇരുനേതാക്കള്‍ക്കും അതിനോടുള്ള പ്രതിബദ്ധത വ്യക്തമാക്കി ആകും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടക്കുക. നോട്ട് അസാധുവാക്കല്‍ മൂലം യുപിയിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ബിജെപിയോട് ഉണ്ടായ അസംതൃപ്തി ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തിലൂടെ മറികടക്കാമെന്നതാണ് ബിജെപിയുടെ പ്രതീക്ഷ. ജനങ്ങള്‍ നോട്ട് അസാധുവാക്കലില്‍ കടുത്ത അസംതൃപ്തരാണെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കള്‍ നേരത്തെ അമിത് ഷായെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Politics, Slider