മെഡ്ഓള്‍ ഹെല്‍ത്ത്‌കെയറിനെ സ്വന്തമാക്കാനൊരുങ്ങി അബ്‌റാജ് ഗ്രൂപ്പ്

മെഡ്ഓള്‍ ഹെല്‍ത്ത്‌കെയറിനെ സ്വന്തമാക്കാനൊരുങ്ങി അബ്‌റാജ് ഗ്രൂപ്പ്

 
മുംബൈ: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേഔട്ട് ഫണ്ടായ അബ്‌റാജ് ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ പ്രമുഖ രോഗനിര്‍ണയ സേവനദാതാക്കളായ മെഡ്ഓള്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വറ്റി സ്ഥാപനമായ പീപുള്‍ കാപിറ്റല്‍ കൈവശം വെച്ചിരിക്കുന്ന മെഡ്ഓളിന്റെ 80 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. ഇടപാടിന് മേല്‍നോട്ടം വഹിക്കുന്നതിന് ചെന്നൈ ആസ്ഥാനമായ ഇന്‍വെസ്റ്റമെന്റ് ബാങ്കായ സ്പാര്‍ക്ക് കാപിറ്റലിനെ പീപുള്‍ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മെഡ്ഓളിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനായി പീപുള്‍ കാപിറ്റല്‍ പല പ്രൈവറ്റ് ഇക്വറ്റി സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണ്. 2015 ല്‍ മണിപ്പാല്‍ എജുക്കേഷന്‍, മെഡിക്കല്‍ ഗ്രൂപ്പ് എന്നിവയുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇടപാട് നടന്നിരുന്നില്ല.

കഴിഞ്ഞ സെപ്റ്റംബറില്‍ ഗ്ലോബല്‍ ബൈഔട്ട് ഫണ്ടുകളായ അപക്‌സ് പാര്‍ട്‌ണേഴ്‌സ്, ബെയിന്‍ കാപിറ്റല്‍, ബാറിംഗ് ഏഷ്യ, കാര്‍ലൈല്‍, കെകെആര്‍ എന്നിവര്‍ മെഡ്ഓള്‍ ഹെല്‍ത്ത്‌കെയറിന്റെ ഓഹരികള്‍ ലാങ്ങുന്നതിനായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ പ്രസിഷന്‍ ഡയഗോനിസ്റ്റിക്‌സ് എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തെ പ്രമുഖ വ്യവസായിയായ രാജു വെങ്കടരാമന്‍ 2009 ല്‍ ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് മെഡ്ഓള്‍ ഹെല്‍ത്ത്‌കെയര്‍ എന്ന് പേര് മാറ്റുകയായിരുന്നു. 1,500 കോടിയാണ് സ്ഥാപനത്തിന്റെ മൊത്തം മൂല്യം എന്നാണ് കണക്കാക്കപ്പെടുന്നത്.

ദക്ഷിണേഷ്യയില്‍ 60 ഓളം രോഗനിര്‍ണയകേന്ദ്രങ്ങളുള്ള മെഡ്ഓളിന് 100 റോഡിയോളജിസ്റ്റുകളുടെയും പാത്തോളജിസ്റ്റുകളുടെയും ശക്തമായ സംഘമാണുള്ളത്. അബ്‌റാജ് ഗ്രൂപ്പ് നേരത്തെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ ഏറ്റെടുത്തിരുന്നു. കൂടാതെ കഴിഞ്ഞ മാര്‍ച്ചില്‍ ഓണ്‍ലൈന്‍ ഗ്രോസറിയായ ബിഗ്ബാസ്‌ക്കറ്റില്‍ അബ്‌റാജ് ഗ്രൂപ്പ് 150 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: Branding

Related Articles