സര്‍വീസ് ചാര്‍ജ് നിര്‍ദേശം റെസ്‌റ്റൊറന്റ് തൊഴിലാളികളെ ബാധിക്കും: എന്‍ആര്‍എഐ

സര്‍വീസ് ചാര്‍ജ് നിര്‍ദേശം റെസ്‌റ്റൊറന്റ് തൊഴിലാളികളെ ബാധിക്കും: എന്‍ആര്‍എഐ

 
ന്യൂഡെല്‍ഹി: ഹോട്ടലുകളിലും റെസ്‌റ്റൊറന്റുകളിലും സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമായും നല്‍കേണ്ടതില്ലെന്ന ഉപഭോക്തൃവകുപ്പിന്റെ നിര്‍ദേശം ഈ രംഗത്തെ 8.5 മില്ല്യണ്‍ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് നാഷണല്‍ റെസ്റ്റൊറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) പ്രസിഡന്റ് റിയാസ് അംലാനി പറഞ്ഞു.
എടുത്തുചാടിയുള്ള ഇത്തരം തീരുമാനങ്ങള്‍ തൊഴിലാളികളോടുള്ള വിവേചനത്തെയാണ് സൂചിപ്പിക്കുന്നത്. ഉടമസ്ഥന്‍ മാത്രമല്ല, റെസ്റ്റൊറന്റുകളിലെ പാത്രം കഴുകുന്നവര്‍, മേല്‍നോട്ടക്കാരന്‍, ശൗചാലയം വൃത്തിയാക്കുന്നയാള്‍ എന്നിവരൊക്കെ സര്‍വീസ് ചാര്‍ജിനെ ആശ്രയിക്കുന്നവരാണ്. ഇവരുടെയൊക്കെ ജീവിതമാര്‍ഗത്തെ എങ്ങനെ തടയിടാനാകും-അദ്ദേഹം ചോദിച്ചു. സര്‍വീസ് ചാര്‍ജ് ഈടാക്കണമോ എന്നതില്‍ തീരുമാനമെടുക്കാനുള്ള അവകാശം അതാത് ഹോട്ടലുകള്‍ക്കാണുള്ളത്. സര്‍വീസ് ചാര്‍ജിന്റെ എല്ലാ വിവരങ്ങളും റെസ്‌റ്റൊറന്റുകള്‍ തങ്ങളുടെ മെനു കാര്‍ഡുകളിലോ മറ്റേതെങ്കിലും സംവിധാനത്തിലോ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. അതിനാല്‍, സേവനം ലഭ്യമാകുന്നതിനു മുന്‍പ് തന്നെ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ചാര്‍ജായി ഈടാക്കുന്ന തുകയെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ റെസ്‌റ്റൊറന്റ് നല്‍കുന്ന സൗകര്യം പ്രയോജനപ്പെടുത്തണമോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാനുള്ള അവസരമുണ്ട്-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ തീരുമാനം ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെയാണ്. പുതിയ നിര്‍ദേശം നടപ്പിലാക്കിയാല്‍ തൊഴിലാളികളുടെ വേതനം പുതുക്കേണ്ടിവരും. മുഴുവന്‍ വ്യവസായത്തെയും ഇത് ബാധിക്കും-ഒരു ഹോട്ടല്‍ ഉടമ പറഞ്ഞു.
ഹോട്ടലിലെയോ റെസ്‌റ്റൊറന്റിലെയോ സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരാണെങ്കില്‍ മാത്രം സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതിയെന്ന് ഉപഭോക്തൃ വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ ഹോട്ടലുകളും റെസ്റ്റൊറന്റുകളും അഞ്ച് മുതല്‍ 20 ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന് ഉപഭോക്താക്കളുടെ ഇടയില്‍ നിന്ന് വ്യാപക പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. ഹോട്ടലുകളിലും റെസ്‌റ്റൊറന്റുകളിലും പുതിയ നിര്‍ദേശം പ്രദര്‍ശിപ്പിക്കാന്‍ ഉപഭോക്തൃ വകുപ്പ് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories