നിക്ഷേകര്‍ക്ക് അഞ്ച് പുതുവത്സര തീരുമാനങ്ങള്‍

നിക്ഷേകര്‍ക്ക് അഞ്ച് പുതുവത്സര തീരുമാനങ്ങള്‍

റിയല്‍ എസ്റ്റേറ്റ് വിപണിയെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സംഭവ ബഹുലമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവായ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പല മാറ്റങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം സാക്ഷിയായി.
ചരക്കു സേവന നികുതി, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം, ബിനാമി നിയമം, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപക ട്രസ്റ്റ്, നോട്ട് നിരോധനം തുടങ്ങിയ നിര്‍ണായക നയങ്ങള്‍ക്ക് അനുമതി ലഭിക്കുകയോ പ്രാബല്യത്തില്‍ വരുത്തുകയോ ചെയ്‌തെങ്കിലും കഴിഞ്ഞ വര്‍ഷം കാര്യമായ വില്‍പ്പന രേഖപ്പെടുത്താന്‍ ഈ മേഖലയ്ക്ക് സാധിച്ചില്ല.
അതേസമയം, ഈ നയങ്ങള്‍ എല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിയല്‍റ്റി വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നവയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ നിയമങ്ങളും നയങ്ങളും പ്രാബല്യത്തില്‍ വരുന്നതോടെ ഈ മേഖല കൂടുതല്‍ സുതാര്യമാവുകയും വളര്‍ച്ച കൈവരിക്കുകയും ചെയ്യുമെന്നാണ് കമ്പനികള്‍ കരുതുന്നത്.
ഉപഭോക്താവ് കബളിപ്പിക്കപ്പെടുമെന്ന സാധ്യത ഇതിന് മുമ്പ് കൂടുതലായിരുന്ന റിയല്‍റ്റി വിപണിയില്‍ പുതിയ റെഗുലേറ്ററി നിയമം വരുന്നതോടെ നഷ്ടപ്പെട്ട ആത്മവിശ്വാസം ഈ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചുകിട്ടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ വര്‍ഷം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ റിയല്‍റ്റി വിപണിയെ അന്താരാഷ്ട്ര കമ്പനികള്‍ വരെ കാണുന്നത്. പുതിയ നയങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഈ മേഖലയിലുണ്ടാകുന്ന വളര്‍ച്ച മുന്‍കൂട്ടി വന്‍ നിക്ഷേപത്തിനുള്ള തയാറെടുപ്പിലാണ് ഈ കമ്പനികള്‍.
റിയല്‍ എസ്റ്റേറ്റ് വിപണി നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണെന്നതില്‍ സംശയമില്ല. അതേസമയം, കൃത്യമായ വിപണിയറിഞ്ഞ് വിശകലനം നടത്തിയുള്ള നിക്ഷേപമല്ല നടത്തുന്നതെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും നിക്ഷേപകന് റിയല്‍റ്റി വിപണിയില്‍ നിന്നും ലഭിക്കുക. സ്വന്തം പണം നിക്ഷേപിക്കുമ്പോള്‍ അതിന്റെതായ രീതിയിലുള്ള കാര്യങ്ങള്‍ പഠിച്ചില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ വര്‍ഷം റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം നടത്തുന്നവര്‍ക്ക് പുതുവത്സരത്തില്‍ എടുക്കേണ്ട ചില നിര്‍ണായക തീരുമാനങ്ങളുണ്ട്. ഇവ പാലിച്ചാല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നഷ്ടമാകില്ല.

ക്ലീന്‍ ആയിരിക്കാം
ഒരു ഓഹരിയുടമ ആദ്യം പാലിക്കേണ്ടത് നിയമമാണ്. പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട ഇടാപാടുകളെല്ലാം സുതാര്യമാക്കുക. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്നതോടെ ഇടാപാടുകള്‍ കൂടുതല്‍ നിരീക്ഷണത്തിലാകും. അതുകൊണ്ട് തന്നെ കള്ളത്തരങ്ങള്‍ പെട്ടെന്ന് പിടിക്കപ്പെടാനും പ്രശ്‌നത്തിലാവാനുമുള്ള സാധ്യത കൂടുതലാണ്. ഇടപാടുകളെല്ലാം പരിശുദ്ധമായിരിക്കലാകട്ടെ ഈ വര്‍ഷത്തെ നിക്ഷേപകന്റെ ആദ്യ തീരുമാനം.

അര്‍ഹിക്കുന്നത് ആഗ്രഹിക്കാം
കുറച്ച് കാലം മുമ്പ് വരെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം എന്ന് പറയുന്നത് പണം ഇരട്ടിപ്പിക്കാനുള്ള മാര്‍ഗം എന്നായിരുന്നു സംസാരം. വന്‍തുക പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്തി ചുരുങ്ങിയ കാലയളവില്‍ ഇരട്ടി തുക അതില്‍ നിന്നും നേടുക. എത്ര ലളിതമല്ലേ? എന്നാല്‍ വിപണിയില്‍ നടക്കുന്നത് അതൊന്നുമല്ല. നിക്ഷേപിക്കുന്ന തുകയുടെ തോത് അനുസരിച്ച് നിക്ഷേപകന് റിസ്‌ക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ വലിയ തുക നിക്ഷേപിക്കുമ്പോള്‍ ചെറിയ ചാഞ്ചാട്ടം മതി വന്‍തുക നഷ്ടം വരാന്‍.
കൂടുതല്‍ നിക്ഷേപിച്ച് കൂടുതല്‍ നേടാം എന്ന പ്രവണത ഒഴിവാക്കാം. പ്രമുഖ ഓണ്‍ലൈന്‍ റിയല്‍റ്റി പോര്‍ട്ടലായ പ്രോപ്പ്‌ടൈഗര്‍ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ സുപ്രധാന റിയല്‍റ്റി വിപണികളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രോപ്പര്‍ട്ടി വിലയില്‍ വലിയ മാറ്റമില്ലെന്ന് കണ്ടെത്തിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടമാണ് ലക്ഷ്യമെങ്കില്‍ തിരിച്ചടിയായിരിക്കും ഫലം.
ശ്രദ്ധ വളരുന്ന വിപണികള്‍ക്ക്
നഗരങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കി സര്‍ക്കാര്‍ ഈ കുടിയേറ്റത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതോടൊപ്പം സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതി കൂടി വന്നതോടെ ഇത്തരം നഗരങ്ങളുടെ റിയല്‍ എസ്‌റ്റേറ്റ് സാധ്യത കൂടുതല്‍ വളര്‍ന്നു.
വളര്‍ച്ച കൈവരിക്കുന്ന വിപണികളിലുള്ള നിക്ഷേപം നഷ്ടം വരില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവയുടെ വളര്‍ച്ചാ സാധ്യത എത്രത്തോളമാണെന്ന് പരിശോധിച്ച് വേണം നിക്ഷേപം നടത്താന്‍.
മാറ്റത്തിന് അനുസരിച്ച് മാറാം
നിരവധി നയപരമായ മാറ്റങ്ങള്‍ക്കാണ് റിയല്‍റ്റി വിപണി കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചത്. ഈ പരിഷ്‌കരണ നടപടികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നേട്ടമാണെന്നും തിരിച്ചടിയാകുമെന്നും വാദിക്കുന്ന വിദഗ്ധരുണ്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം ഇതിന് ഉദാഹരണമാണ്. ചുരുങ്ങിയ കാലത്ത് റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ കനത്ത പ്രതിസന്ധിയാണ് നോട്ട് നിരോധനമുണ്ടാക്കിയതെങ്കിലും വരും കാലത്ത് ഇത് ഈ മേഖലയില്‍ കൂടുതല്‍ സുതാര്യത വരുത്തുമെന്നാണ് വിലയിരുത്തലുകള്‍.
കൂടുതല്‍ നയപരിഷ്‌കരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കിയത് നിക്ഷേപകന്‍ എന്ന നിലയില്‍ പലതും പ്രതീക്ഷിക്കാമെന്നാണ് അര്‍ത്ഥമാക്കുന്നത്.
കാത്തിരിക്കാം
റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഇന്ന് നിക്ഷേപിച്ച് നാളെ നിക്ഷേപിച്ചതിന്റെ ഇരട്ടികിട്ടി എന്നൊക്കെ എവിടെയങ്കിലും കേള്‍ക്കുന്നുണ്ടെങ്കില്‍ അതെല്ലാം തെറ്റാണ്. ദീര്‍ഘകാല നിക്ഷേപത്തിലൂടെയുള്ള നേട്ടമാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുകയൊള്ളൂ. ദിനംപ്രതി അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്ന വിപണിയില്‍ പെട്ടെന്ന് നേട്ടമുണ്ടാക്കാമെന്ന വിചാരം ഉപേക്ഷിക്കാം. മികച്ച പ്രോപ്പര്‍ട്ടികള്‍ കണ്ടെത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്നതാണ് ഇതില്‍ ഏറ്റവും നല്ലത്.

Comments

comments

Categories: Entrepreneurship