കെട്ടിട നിര്‍മാണ നിയമ ലംഘനം: മന്ത്രാലയങ്ങള്‍ക്ക് ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്

കെട്ടിട നിര്‍മാണ നിയമ ലംഘനം: മന്ത്രാലയങ്ങള്‍ക്ക് ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്

 
നാഗ്പൂര്‍: കെട്ടിട നിര്‍മാണ നിയമങ്ങള്‍ ലംഘിച്ചതിന് പരിസ്ഥിതി വന മന്ത്രാലയം, നഗര വികസന മന്ത്രാലയം എന്നിവര്‍ക്കെതിരേ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡെല്‍ഹി പ്രിന്‍സിപ്പള്‍ ബെഞ്ച് നോട്ടീസയച്ചു. കെട്ടിടങ്ങള്‍, നിര്‍മാണം എന്നിവയ്ക്കുള്ള നിയമങ്ങളില്‍ ഇളവ് നല്‍കിയതിനെതിരേയാണ് നോട്ടീസയച്ചിരിക്കുന്നത്.
വനം, വന്യമൃഗ സംരക്ഷണ, പരിസ്ഥി സംരക്ഷണം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇഐഎ റിസോഴ്‌സ് ആന്‍ഡ് റെസ്‌പോണ്‍സ് സെന്റര്‍ ഡയറക്റ്റര്‍ പുശപ് ജെയ്ന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ നോട്ടീസയച്ചിരിക്കുന്നത്. 2006ലെ പരിസ്ഥിതിയാഘാത പഠനത്തിലുള്ള നിര്‍ദേശത്തില്‍ ഭേതഗതി വരുത്തി കഴിഞ്ഞ മാസം ഒന്‍പതിന് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ചുമതല രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുകയെന്നതാണ്. എന്നാല്‍ 1,50,000 ചതുരശ്ര മീറ്റര്‍ വിസതൃതിയുള്ള കെട്ടിടങ്ങള്‍ക്ക് വരെ ഈ നിര്‍ദേശം പാലിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരുന്നു. 1986 പരിസ്ഥിതി സംരക്ഷണ നിയമം, 1981 ലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ നിയമം, 1974ലെ ജല മലിനീകരണ നിയന്ത്രണ നിയമം എന്നിവ ലംഘിക്കുന്നതയാണാണ് കണ്ടെത്തിയത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്ക പരിഹരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നഗര വികസനത്തിനും കെട്ടിട നിര്‍മാണത്തിനുമായി കേന്ദ്ര നഗര വികസന മന്ത്രാലയം മോഡല്‍ നിയമാവലി രൂപീകരിച്ചിരുന്നു. 20,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിന് മുകളിലുള്ള കെട്ടിടം നിര്‍മിക്കുന്നതിന് നിലവില്‍ പ്രത്യേക പരിസ്ഥിതിയനുമതി ആവശ്യമാണ്.
എന്നാല്‍, നിലവിലുള്ള നിയമങ്ങളെല്ലാം കൂട്ടിക്കുഴക്കുകയാണ് ഈ മന്ത്രാലയങ്ങള്‍ കാണിക്കുന്നതെന്ന് ജെയ്ന്‍ ആരോപിച്ചു. പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് വന്യമൃഗ സംരക്ഷണ നിയമം പോലും പാലിക്കുന്നില്ല. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയ പാര്‍ക്കുകള്‍, മറ്റു സംരക്ഷണ മേഖലകള്‍ എന്നിവയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പോലും ഇത്തരത്തിലുള്ള അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പുതിയ നിര്‍ദേശത്തെ കുറ്റപ്പെടുത്തി.
നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്തരീക്ഷ മലിനീകരണം തടയുന്നതിന് നഗര വികസന മന്ത്രാലയത്തിന്റെ നിയമാവലിയിലില്ല. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കുള്ള മുഖ്യ കാരണങ്ങളിലൊന്നാണ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനം. രാജ്യത്തെ മൊത്തം കാര്‍ബണ്‍ ഡയോക്‌സൈഡ് മലിനീകരണത്തില്‍ 22 ശതമാനവും കെട്ടി നിര്‍മാണ മേഖലയില്‍ നിന്നാണെന്ന് ഈയടുത്ത് കണ്ടെത്തിയിരുന്നു.

Comments

comments

Categories: Business & Economy