വൈദ്യുത, ജല, എല്‍പിജി സൗകര്യത്തോടെ 44 ലക്ഷം വീട് നിര്‍മിച്ചു നല്‍കാന്‍ പദ്ധതി

വൈദ്യുത, ജല, എല്‍പിജി സൗകര്യത്തോടെ 44 ലക്ഷം വീട് നിര്‍മിച്ചു നല്‍കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: ഭവന നിര്‍മാണ പദ്ധതികളിലൂടെ നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ വൈദ്യുതിയും വെള്ളവും ഇന്ധനവും ഉറപ്പുവരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ 44 ലക്ഷം ജനങ്ങള്‍ക്ക് ഈ സൗകര്യങ്ങളോടു കൂടിയ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാണ് സര്‍ക്കാര്‍ പദ്ധതി.

പ്രധാന്‍ മന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ ഉള്‍ഗ്രാമങ്ങളിലും മലമ്പ്രദേശങ്ങളിലും അധിവസിക്കുന്നവര്‍ക്ക് വീടൊരുക്കാന്‍ യഥാക്രമം 1.30 ലക്ഷം രൂപയും 1.50 ലക്ഷം രൂപയും നേരിട്ട് അവരുടെ എക്കൗണ്ടുകളിലേക്ക് അയക്കുമെന്നും ഗാമ വികസന വകുപ്പ് സെക്രട്ടറി അമര്‍ജീത്ത് സിന്‍ഹ പറഞ്ഞു. ഇതിനു പുറമെ ശൗചാലയം നിര്‍മിക്കുന്നതിന് 12,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റീ ആക്റ്റ് പ്രകാരം ആനുകൂല്യത്തിന് അര്‍ഹരായിട്ടുളളവര്‍ക്ക് 18,000 രൂപ വേതനം കണക്കാക്കി 90 ദിവസത്തേക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും സിന്‍ഹ വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ 33 ലക്ഷം പേര്‍ക്ക് വീടൊരുക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പദ്ധതി പുനഃപരിശോധിച്ച് 44 ലക്ഷം പേര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോടെ വീടൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഒരു കെട്ടിടമെന്നതിനേക്കാള്‍ പാവപ്പെട്ടവരുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിയിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന്ം സിന്‍ഹ പറയുന്നു.

വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനും കച്ച മേഞ്ഞ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് കോണ്‍ക്രീറ്റ് വീടൊരുക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും, വീടില്ലാത്തവര്‍ക്ക് അവരുടെ പേരില്‍ ഭൂമി പതിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമര്‍ജീത്ത് സിന്‍ഹ വിശദീകരിച്ചു. പദ്ധതി ആനുകൂല്യം ലഭിക്കുന്നവരില്‍ 60 ശതമാനം പേരും എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവരായിരിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുക്കൂട്ടല്‍. പിഎംഎവൈ പദ്ധതി പ്രകാരം വീട് നിര്‍മിച്ചു നല്‍കാന്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഡിബിടി (ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) മോഡിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മൂന്ന് വര്‍ഷ സമയത്തിനുള്ളില്‍ വീട് നിര്‍മാണത്തിനുള്ള തുക അവരവരുടെ എക്കൗണ്ടുകള്‍ വഴി കൈമാറുമെന്നും സിന്‍ഹ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy