ബിസിസിഐയിലെ പുറത്താക്കല്‍: ടീം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര അനിശ്ചിതത്വത്തില്‍

ബിസിസിഐയിലെ പുറത്താക്കല്‍:  ടീം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര അനിശ്ചിതത്വത്തില്‍

 

ഡല്‍ഹി: ബിസിസിഐ പ്രസിഡന്റിനെയും സെക്രട്ടറിയേയും സുപ്രീംകോടതി പുറത്താക്കിയതോടെ ടീം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി-20 പരമ്പര അനിശ്ചിതത്വത്തില്‍. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ബിസിസിഐയെപ്പോലെ സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും നിര്‍ബന്ധിതമായതോടെയാണ് പരമ്പര സംബന്ധിച്ച ആശങ്ക ഉയരുന്നത്.

പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡുകളാണ് മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടത് എന്നതിനാല്‍ നിലവിലെ ഭരണ നേതൃത്വത്തില്‍ നിര്‍ബന്ധിതമായി ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമോയെന്നതാണ് സംശയം. മത്സരത്തിനുള്ള പണം അനുവദിക്കുന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയാല്‍ അന്തര്‍ദേശീയ മത്സരങ്ങള്‍ റദ്ദാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് മുമ്പ് ബിസിസിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ക്രിക്കറ്റ് ബന്ധങ്ങള്‍ക്ക് പുറമെ മറ്റ് മേഖലകളിലും ഉലച്ചിലുണ്ടാകാന്‍ ഈ അവസ്ഥ കാരണമാകുമെന്നതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വാദം.

സുപ്രീം കോടതിയുടെ പ്രത്യേക നിബന്ധനകളോടെയായിരുന്നു ടീം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പണം സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ കൈമാറിയത്. സംസ്ഥാന അസോസിയേഷനുകളുമായുള്ള ധന ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചതിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി പരിഗണിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

അതേസമയം, ബിസിസിഐയ്ക്ക് നിലവില്‍ പ്രസിഡന്റോ സെക്രട്ടറിയോ ഇല്ലെന്നത് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന നിലപാടിലാണ് ലോധ കമ്മിറ്റി. ബിസിസിഐ സിഇഒയുമായി ബന്ധപ്പെട്ട് കാര്യങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനാകുമെന്നും കമ്മിറ്റി അറിയിച്ചു.

Comments

comments

Categories: Sports