പ്രസിഡന്റ് നിയമനം: ബിസിസിഐയില്‍ ആശയക്കുഴപ്പം; സൗരവ് ഗാംഗുലി അധ്യക്ഷനായേക്കും

പ്രസിഡന്റ് നിയമനം:  ബിസിസിഐയില്‍ ആശയക്കുഴപ്പം;  സൗരവ് ഗാംഗുലി അധ്യക്ഷനായേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല പ്രസിഡന്റിനെ ചൊല്ലി ബിസിസിഐയില്‍ ആശയക്കുഴപ്പം. ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും അനുരാഗ് താക്കൂറിനെ പുറത്താക്കിയ സുപ്രീം കോടതി ക്രിക്കറ്റ് ബോര്‍ഡിലെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് ഇടക്കാല പ്രസിഡന്റാകണമെന്ന് നിര്‍ദ്ദേശിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്.

ബിസിസിഐയില്‍ മുതിര്‍ന്ന വൈസ് പ്രസിഡന്റ് എന്ന സ്ഥാനം ഉണ്ടായിരുന്നില്ല എന്നതിനാല്‍ അഞ്ച് വൈസ് പ്രസിഡന്റുമാരടങ്ങിയ ക്രിക്കറ്റ് ബോര്‍ഡിലെ പ്രായമാണോ അനുഭവ സമ്പത്താണോ പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കാതിരുന്നതാണ് ഇടക്കാല പ്രസിഡന്റിനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിലെ ആശയക്കുഴപ്പത്തിന് കാരണം.

ഇടക്കാല പ്രസിഡന്റിന്റെ കാലാവധി അഡ്മിനിസ്‌ട്രേറ്ററുടെ നിയമനം വരെയാണോ അതോ പുതിയ തിരഞ്ഞെടുപ്പ് വരെയാണോ എന്നതിലും ഇതുവരെ വ്യക്തതയില്ല. ബിസിസിഐയിലെ നിലവിലുള്ള വൈസ് പ്രസിഡന്റുമാരില്‍ മുന്നുപേര്‍ എഴുപത് വയസിന് മുകളിലുള്ളവരാണ്. അതേസമയം, വൈസ് പ്രസിഡന്റുമാരായ ടി സി മാത്യു, ഗൗതം റോയി എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

ലോധ കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ച് ബിസിസിഐ അധ്യക്ഷ സ്ഥാനം വഹിക്കുന്നതിന് ഇവര്‍ യോഗ്യരുമാണ്. പശ്ചിമ മേഖലയുടെ പ്രതിനിധിയായാണ് ടി സി മാത്യു ബിസിസിഐയുടെ ഭരണസമിതിയിലെത്തിയത്. ഗൗതം റോയി വന്നത് കിഴക്കന്‍ മേഖലയുടെ പ്രതിനിധിയായും. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ലോധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ ആര്‍ക്കും ബിസിസിഐയുടെ തലപ്പത്തെത്താന്‍ സാധിക്കില്ല എന്ന വാദവുമായാണ് ഇവര്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയെ ബിസിസിഐയുടെ നേതൃസ്ഥാനത്ത് നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്കെത്തുന്നതില്‍ മുന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ പിന്തുണ നല്‍കാനാണ് സാധ്യത. എന്നാല്‍, ബിസിസിഐ പ്രസിഡന്റാകാന്‍ സമയമായില്ലെന്നായിരുന്നു സൗരവ് ഗാംഗുലി മുമ്പ് വരെ പറഞ്ഞിരുന്നത്. സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്തായ അജയ് ഷിര്‍ക്കെയ്ക്ക് പകരമായി നിലവിലെ ജോയിന്റ് സെക്രട്ടറിയായ അമിതാബ് ചൗധരി ചുമതലയേറ്റേക്കും.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റിനെ സംബന്ധിച്ച് അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യവും അനില്‍ ബി ദിവാനും ജനുവരി പത്തൊന്‍പതാം തിയതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീം കോടതിക്ക് മുമ്പാക സമര്‍പ്പിക്കുന്ന പട്ടികയനുസരിച്ചാകും ബിസിസിഐയിലെ പുതിയ ഭാരവാഹികള്‍ ആരൊക്കെയെന്ന് തീരുമാനമാവുക.

Comments

comments

Categories: Sports