വാഹന വിപണി: ഈ വര്‍ഷവും കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കേണ്ട

വാഹന വിപണി: ഈ വര്‍ഷവും കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കേണ്ട

 
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത നോട്ട് നിരോധ തീരുമാനത്തില്‍ തിരിച്ചടി നേരിടുന്ന രാജ്യത്തെ വാഹന വിപണി പൂര്‍വസ്ഥിതിയില്‍ തിരിച്ചെത്തുന്നതിന് ഇനിയും സമയമെടുക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍. നോട്ട് നിരോധനം പ്രഖ്യാപിച്ച് മുതല്‍ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ഷം വാഹന വിപണി പ്രതീക്ഷിക്കുന്ന വളര്‍ച്ച നാല് ശതമാനം മാത്രമാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെസ്റ്റിവല്‍ സീസണില്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തിയ കമ്പനികള്‍ രണ്ടക്ക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കാനുള്ള പ്രഖ്യാപനം വന്നത് മുതല്‍ കടുത്ത പ്രതിസന്ധിയിലാണ് ഈ മേഖല. നിലവിലുള്ള വളര്‍ച്ച തിരിച്ചടികളില്‍ നിന്നും തിരിച്ച് കയറുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തലുകള്‍.
വിപണിയുടെ പ്രകടനം വിലയിരുത്തിയാല്‍ ഈ വര്‍ഷം മൂന്ന് മുതല്‍ നാല് ശതമാനം വരെ വളര്‍ച്ചമാത്രമാണ് ഈ മേഖലയ്ക്ക് നേടാന്‍ സാധിക്കുകയൊള്ളുവെന്ന് ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ്പ്രസിഡന്റ് രാഖേഷ് ശ്രീവാസ്തവ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം യാത്രാ വാഹന വിഭാഗത്തില്‍ മൂന്ന് മില്ല്യന്‍ യൂണിറ്റാണ് വില്‍പ്പന നടന്നത്. ഏകദേശം ഏഴ് ശമതാനം വളര്‍ച്ച കൈവരിച്ചാണിത്. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ആഭ്യന്തര വില്‍പ്പന 1,774,716 ലക്ഷം യൂണിറ്റായി 11 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. പിന്നീട് നവംബറില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതാണ് വില്‍പ്പനയ്ക്ക് തിരിച്ചടിയായത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉപഭോക്താക്കളെ അകറ്റുന്നതോടൊപ്പം ഈ വര്‍ഷം പ്രാബല്യത്തില്‍ വരുത്താനിരിക്കുന്ന ചരക്കു സേവന നികുതി (ജിഎസ്ടി) നിയമത്തില്‍ തുടരുന്ന ആശയക്കുഴപ്പങ്ങള്‍ ഈ മേഖലയെ ആശങ്കയിലാക്കുന്നു.
നോട്ട് നിരോധനത്തോടെ വന്ന ആശയക്കുഴപ്പത്തില്‍ നിന്ന് ഉപഭോക്താക്കള്‍ കരകയറി പുതിയ വാഹനങ്ങള്‍ സ്വന്തമാക്കാനെത്തുന്നതിന് ഇനിയും സമയമെടുക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ്പ്രസിഡന്റ് എന്‍ രാജ അഭിപ്രായപ്പെട്ടു. വാഹന വിപണിക്ക് ജിഎസ്ടിയിലുള്ള നിരക്ക് എത്രയാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇതും വിപണിക്ക് ഈ വര്‍ഷമുള്ള ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയ ചുരുക്കം ചില കമ്പനികളിലൊന്നാണ് ടൊയോട്ട കിര്‍ലോസ്‌ക്കര്‍. ഇന്നോവ ക്രിസ്റ്റ, ടൊയോട്ട ഫോര്‍ച്ച്യുണര്‍ എന്നീ മോഡലുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചതോടെ കഴിഞ്ഞ മാസം ടൊയോട്ട 22 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മാസം വില്‍പ്പനയില്‍ നാല് ശതമാനം ഇടിവ് നേരിട്ടു. നടപ്പു സാമ്പത്തിക വര്‍ഷം 10 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടാണ് മാരുതി സുസുക്കി പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി.
കഴിഞ്ഞ മാസം 40,057 യൂണിറ്റ് കാറുകള്‍ വില്‍പ്പന നടത്തിയ ഹ്യൂണ്ടായ്ക്ക് വില്‍പ്പനയില്‍ 4.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വിപണിയില്‍ വില്‍പ്പന പഴയരീതിയിലെത്തുന്നതിന് നാല് മുതല്‍ അഞ്ച് മാസം വരെയെടുക്കുമെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് പ്രസിഡന്റ് പ്രവീണ്‍ ഷാ ചൂണ്ടിക്കാണിക്കുന്നത്. ഡിസംബറില്‍ 16,698 യൂണിറ്റ് വില്‍പ്പന നടത്തിയ മഹീന്ദ്ര എട്ട് ശതമാനം വില്‍പ്പനയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫോര്‍ഡ് ഇന്ത്യയ്ക്കും വില്‍പ്പനയില്‍ കഴിഞ്ഞ മാസം ഇടിവ് നേരിട്ടു.

Comments

comments

Categories: Auto